കൊച്ചി: കടുത്ത പ്രളയം കൊച്ചിയിൽനിന്നുള്ള വിമാന യാത്രക്കാർക്കുണ്ടാക്കിയ അനിശ്ചിതത്വം പൂർണമായി പരിഹരിച്ചത് മണിക്കൂറുകൾക്കുള്ളിൽ. നെടുമ്പാശ്ശേരിക്ക് ബദലായി നാവികസേന വിമാനത്താവളം പൊതു യാത്രികർക്കായി ഒരുക്കിയത് 48 മണിക്കൂർ കൊണ്ടാണ്. വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഹെലികോപ്റ്ററുകളടക്കം ചൊവ്വാഴ്ച വരെ 143 സർവീസുകളാണ് ഇവിടെ നിന്നു നടന്നത്. 8,523 യാത്രക്കാർ ഇവിടെയെത്തി. ഇതൊക്കെ കൈകാര്യം ചെയ്ത വിമാന ജീവനക്കാരുടെ എണ്ണം 291 ആണ്. കൊച്ചിയുടെ പഴയ വിമാനത്താവളം പുനർജനിക്കുകയായിരുന്നു. നെടുമ്പാശ്ശേരിക്ക് മുൻപ് വിമാന സർവീസ് നടന്നിരുന്ന സ്ഥലത്തുതന്നെയാണ് താത്കാലിക സംവിധാനവും സജ്ജമാക്കിയത്. സിവിലിയൻ യാത്രക്കാർക്കുള്ള ടെർമിനലുകളൊരുക്കുന്നതായിരുന്നു വലിയ വെല്ലുവിളി. ഏറെ ചർച്ചകൾക്കു ശേഷം സ്കൂൾ ഓഫ് നേവൽ എയർമെൻ ആണ് ഇതിനായി തിരഞ്ഞെടുത്തത്. ഇത് പഴയ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടമായിരുന്നു. എന്നാൽ നാവികസേനയുടെ ഒരു വിഭാഗത്തിന്റെ പരിശീലന കേന്ദ്രമായി മാറിയതോടെ ഇവിടെ ഏറെ ക്രമീകരണങ്ങൾ വരുത്തിയിരുന്നു. ടെർമിനലിന്റെ സംവിധാനങ്ങളൊക്കെ നീക്കി. നാവികസേനാംഗങ്ങൾക്ക് വ്യോമയാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പഠിപ്പിക്കുന്ന ക്ലാസ് മുറികളാണിവ ഇപ്പോൾ. സംസ്ഥാന സർക്കാർ വിമാന സർവീസിനായി സമീപിച്ചതിനെത്തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി, സിയാൽ എന്നിവയുമായി കൂടിയാലോചന നടത്തി. പരിമിതമായ വിധത്തിൽ സർവീസുകൾ നടത്താനായിരുന്നു തീരുമാനം. പരിശീലന വിമാനങ്ങളും സ്പെഷ്യൽ വെഹിക്കിളുകളും പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് യാത്രാ വിമാനങ്ങളിടാൻ സൗകര്യമൊരുക്കി. ഗാരേജായിരുന്ന സ്ഥലത്താണ് ബാഗേജ് സ്കാനറുകൾ സ്ഥാപിച്ചത്. ചെക്ക്-ഇൻ കൗണ്ടറുകളും ഒപ്പം സജ്ജമാക്കിയിരുന്നു. പരിശീലനവും പരീക്ഷയും നടത്തുന്ന ഹാളുകൾ ടെർമിനലുകളാക്കിയ ക്ലാസ് മുറികൾ വേഷം മാറിയത് സി.ഐ.എസ്.എഫിന്റെയും വിമാനക്കമ്പനികളുടെയും ഓഫീസുകളായാണ്. ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള കാന്റീൻ, വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേക വിശ്രമ സ്ഥലം എന്നിവയൊക്കെ ഒരുക്കി. രാപകലില്ലാതെ നടന്ന ക്രമീകരണങ്ങൾക്ക് നാവികസേനാംഗങ്ങളും സിയാൽ അധികൃതരുമാണ് കൈകോർത്തത്. അങ്ങനെ 20-നു രാവിലെ ഏഴരയ്ക്ക് 70 സീറ്റുകളുള്ള അലയൻസ് വിമാനം നിലംതൊട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2oiBtbZ
via
IFTTT
No comments:
Post a Comment