സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ജാഗ്രതാ നിര്‍ദേശം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ജാഗ്രതാ നിര്‍ദേശം

ഇ വാർത്ത | evartha
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ മേയില്‍ കേരളത്തെ നടുക്കിയ നിപ്പ വൈറസ് ബാധയ്‌ക്കെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ജനുവരി മാസത്തിലാണ് വവ്വാലുകളുടെ ഇണചേരല്‍ സമയം.

ഈ സമയത്ത് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അന്ന് നിപ്പ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയ വവ്വാലിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വവ്വാലിന്റെ പ്രചരണ കാലത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്.

ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുണ്ടാക്കുക, അണുബാധാ നിയന്ത്രണ സംവിധാനം ഒരുക്കുക, അസ്വാഭാവിക മരണം സംഭവിച്ചുപോയാല്‍ അതുസംബന്ധിച്ച് പഠനം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കിയത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ്പാ വൈറസ്

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്.

അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്.

രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്.

അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക.

രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍:

രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation wardല്‍ പ്രവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോളും കയ്യുറകളും, മാസ്‌കും ധരിക്കുക.
സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രീതികള്‍:

കൈ കഴുകുക / കൈ ശുചിയാക്കുന്ന alcohol ഉള്ള hand rubകള്‍ ഉപയോഗിക്കുക.
രോഗി, രോഗ ചികില്‍സക്കു പയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് മാറ്റുക.
ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക.
രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2FJNkeV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages