കൊച്ചി: ശബരിമലയിൽ സ്ഥിതിഗതികൾ സാധാരണഗതിയിലാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതി രൂപവത്കരിച്ചു. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാരസമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്. മണ്ഡലകാലം കഴിയുന്നതുവരെയാണ് നിരീക്ഷകരുടെ നിയമനം. ക്രമസമാധാന പാലനത്തിനൊഴികെ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം കോടതി റദ്ദാക്കി. എന്നാൽ, ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ട നിരോധനാജ്ഞയിൽ ഹൈക്കോടതി ഇടപെട്ടില്ല. കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസിന് കൂടുതൽ അധികാരം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങൾക്കെതിരേ ചെന്നൈ സ്വദേശി ടി.ആർ. രമേഷ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഒരുകൂട്ടം ഹർജികളും ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്. നാമജപം തടയരുത്, പ്രതിഷേധത്തിന് വിലക്ക് * സന്നിധാനത്ത് പ്രതിഷേധപ്രകടനം അനുവദിക്കില്ല. * ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുത്. എന്നാൽ, ഇതിന്റെമറവിൽ പ്രതിഷേധവും നിയമവിരുദ്ധ പ്രവർത്തനങ്ങളും പാടില്ല. * യുവതികൾ ദർശനത്തിനെത്തുന്നപക്ഷം പ്രതിഷേധക്കാർ ഒത്തുചേരുന്നത് തടയാൻ നടപ്പന്തലിൽ ദർശനത്തിനായി വരുന്നവരെയും വിശ്രമിക്കുന്നവരെയും വേർതിരിക്കണം. * നടപ്പന്തലിന്റെ ഇരുഗേറ്റിലും കാവൽ ഏർപ്പെടുത്തണം. * നടപ്പന്തലിൽ വൃദ്ധർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ശാരീരിക വൈകല്യമുള്ളവർക്കും രോഗികൾക്കും വിശ്രമിക്കാൻ അനുമതി നൽകണം. * തീർഥാടകരോ തീർഥാടകർ ചമഞ്ഞെത്തുന്നവരോ ക്ഷേത്രപരിസരം ദുരുപയോഗിക്കരുത്. അവകാശങ്ങൾ ലംഘിക്കരുത് തീർഥാടകരുടെ അവകാശങ്ങൾ ലംഘിക്കരുത്. എന്നാൽ, പ്രതിഷേധം അനുവദിക്കാനാകില്ല. പ്രതിഷേധത്തിനും നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും മറ്റുള്ളവരെ പ്രേരിപ്പിക്കാനും പാടില്ല. തിരുമുറ്റത്തും നടപ്പന്തലിലും തിരക്ക് നിയന്ത്രിക്കാൻ ഉചിതവും ന്യായവുമായ നടപടി സ്വീകരിക്കണം.-ഹൈക്കോടതി content highlights: sabarimala,highcourt, sabarimalawomen entry
from mathrubhumi.latestnews.rssfeed https://ift.tt/2FJSrvr
via
IFTTT
No comments:
Post a Comment