കോഴിക്കോട്: ഇന്ത്യയിൽ ക്രിക്കറ്റും ഫുട്ബോളും പ്രൊഫഷണൽതലത്തിലേക്കുയർന്നിട്ട് നാളുകൾ ഏറെയായി. അപ്പോഴും നാട്ടിൻപുറങ്ങളിൽ ആളുകളെ കൂട്ടിയിരുന്ന വോളിബോളിന് പ്രൊഫഷണൽതലത്തിലും ആളുകളെ കൂട്ടാനാകുമെന്ന് ആരും തന്നെ ചിന്തിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യൻ വോളിബോൾ പ്രൊഫഷണൽ യുഗത്തിലേക്ക് കടക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ രണ്ടു ടീമുകൾ ഒരുങ്ങുകയാണ്. കൊച്ചി ടീം ബ്ലൂ സ്പൈക്കേഴ്സും കോഴിക്കോട് കാലിക്കറ്റ് ഹീറോസും പ്രഥമ പ്രോ വോളി ലീഗിൽ കേരളത്തിന്റെ സാന്നിധ്യമാകും. വോളിബോളിന് കേരളത്തിലുള്ള ജനപ്രീതി കണക്കിലെടുത്തു തന്നെയാണ് പ്രോ വോളി ലീഗ് നടത്തിപ്പുകാരായ ബേസ് ലൈൻ വെൻച്വേഴ്സ് കേരളത്തിന് പ്രഥമ സീസണിൽത്തന്നെ രണ്ടു ടീമുകൾ അനുവദിച്ചത്. ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളെ കൂടാതെ മുംബൈ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, ചെന്നൈ സ്പാർട്ടൻസ്, അഹമ്മദാബാദ് ഡിഫെന്റേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ. ഫെബ്രുവരി രണ്ട് മുതൽ 22 വരെ കൊച്ചിയിലും ചെന്നൈയിലുമായാണ് മത്സരങ്ങൾ നടക്കുക. കോഴിക്കോട്ടെ ഐ.ടി കമ്പനിയായ ബീക്കൺ ഗ്രൂപ്പിന്റെ കീഴിലുള്ള ബീക്കൺ സ്പോർട്സാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമകൾ. ദുബായിലും ബ്രിട്ടനിലും ഐ.ടി ബിസിനസ് രംഗത്തുള്ള കമ്പനിയാണിത്. പ്രാദേശിക തലത്തിൽ വോളിബോൾ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തിരുന്ന മലപ്പുറം പൊൻമുണ്ടം സ്റ്റേജ്പടി സ്വദേശി പി.ടി. സഫീറാണ് കമ്പനിയുടെ സി.ഇ.ഒ. അദ്ദേഹത്തിന്റെ വോളിബോൾ ഭ്രമം തന്നെയാണ് കമ്പനി പ്രൊഫഷണൽ വോളിബോളിലേക്ക് കടക്കാൻ കാരണം. 2010-ലാണ് കമ്പനി പ്രവർത്തനമാരംഭിക്കുന്നത്. ആ സമയത്തു തന്നെ കമ്പനിക്കു കീഴിൽ വോളി ലവേഴ്സ് എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ച് പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് പി.ടി. സഫീർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. അതിനെ ഒരു പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ഈ ചുവടുവെയ്പ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ പരിശീലനത്തിനായി മലപ്പുറം പൊൻമുണ്ടം സ്റ്റേജ്പടിയിൽ ഒരു ഇൻഡോർ സ്റ്റേഡിയവും നിർമ്മിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ കിഷോർകുമാറാണ് കാലിക്കറ്റ് ഹീറോസിനെയും പരിശീലിപ്പിക്കുക. കേരള ടീം ക്യാപ്റ്റനും മലയാളി താരവുമായ അഖിൻ ജാസിനെയോ ജെറോം വിനീതിനെയോ ആണ് ടീമിന്റെ ഐക്കൺ താരമാക്കാൻ ശ്രമിക്കുന്നതെന്ന് സഫീർ കൂട്ടിച്ചേർത്തു. കളിക്കാരുടെ ലേലം ഡിസംബർ 14-ന് മുംബൈയിലോ ഡൽഹിയിലോ നടക്കും. 75 ലക്ഷം രൂപയാണ് കളിക്കാർക്ക് വേണ്ടി ഒരു ടീമിന് ആകെ മുടക്കാവുന്ന തുക. വിദേശ കളിക്കാരന് 15 മുതൽ 20 ലക്ഷം രൂപ വരെ ഒരു ടീമിന് മുടക്കാം. ടീമിലെ മാർക്ക്വീ താരത്തിന് 15 മുതൽ 18 ലക്ഷം വരെയാകാം. ഇന്ത്യൻ താരങ്ങൾക്ക് മൂന്നു മുതൽ 12 ലക്ഷം രൂപ വരെ മുടക്കാം. Content Highlights: pro volleyball league calicut heros
from mathrubhumi.latestnews.rssfeed https://ift.tt/2KCTOL8
via
IFTTT
No comments:
Post a Comment