ലഖ്നൗ: രാജ്യത്തെ കർഷകജനതയുടെ ആഗ്രഹപൂർത്തീകരണമാണ് 'കിസാൻ സമ്മാൻനിധി' പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്ക് പ്രതിവർഷം 6,000 രൂപ ബാങ്ക് വഴി നൽകുന്ന പദ്ധതി ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക് ഓൺലൈൻ വഴി പണം കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 1.1 കോടി കർഷകർക്ക് ഞായറാഴ്ചതന്നെ ആദ്യഗഡുവായി 2000 രൂപ ബാങ്ക് വഴി എത്തുമെന്ന് മോദി പറഞ്ഞു. ബാക്കി അർഹരായവർക്ക് വൈകാതെ പണം അക്കൗണ്ടുകളിലെത്തും. 75,000 കോടി രൂപയുടെ പദ്ധതിയിലൂടെ 12 കോടി കർഷകർക്ക് മൂന്ന് ഗഡുക്കളായാണ് ആനുകൂല്യം ലഭിക്കുക. ഇത് ചരിത്രദിനമാണെന്ന് മോദി പറഞ്ഞു. ആനുകൂല്യങ്ങൾക്കുവേണ്ടി മുൻ സർക്കാരുകളോട് യാചിക്കേണ്ട അവസ്ഥയാണ് രാജ്യത്തെ കർഷകജനതയ്ക്കുണ്ടായിരുന്നത്. കർഷകരുടെ ജീവിതംവെച്ച് രാഷ്ട്രീയം കളിക്കരുത്. അങ്ങനെ ചെയ്യുന്നവർ കർഷകശാപത്തിൽ വലയും. കർഷകർ അത്തരം രാഷ്ട്രീയക്കാരുടെ വലയിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. 'കിസാൻ സമ്മാൻ നിധി' സഹായം ലഭിക്കേണ്ടവരുടെ പട്ടിക നൽകാത്ത സംസ്ഥാനങ്ങളെയും പ്രധാനമന്ത്രി വിമർശിച്ചു. കർഷകർക്ക് സോളാർ പാനലുകൾ വിതരണം ചെയ്യുന്ന പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങി ഒട്ടേറെ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കുംഭമേളയിൽ കുളിയും പൂജയും ഗോരഖ്പുരിലെ ചടങ്ങിനുശേഷം പ്രയാഗ്രാജിലെത്തിയ പ്രധാനമന്ത്രി കുംഭമേളയുടെ ഭാഗമായി പ്രത്യേക പൂജയും പ്രാർഥനയും നടത്തി. ത്രിവേണീസംഗമമെന്ന് കരുതുന്ന പ്രയാഗ് രാജിൽ മുങ്ങിക്കുളിക്കുകയും ചെയ്തു. പ്രയാഗ് രാജിൽ 'സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാർ' എന്ന പേരിലുള്ള ശുചീകരണത്തൊഴിലാളികളുടെ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ശുചീകരണത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി രണ്ട് സ്ത്രീകളടക്കം അഞ്ചുപേരുടെ കാല് കഴുകിയ ശേഷമായിരുന്നു ചടങ്ങ്. തൊഴിലാളികളുടെ കാല് കഴുകിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കരുതുന്നതെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. 2019 ഒക്ടോബർ രണ്ടിന് മുമ്പായി രാജ്യം സമ്പൂർണ വെളിയിട വിസർജനമുക്തമേഖലയായി മാറാനിരിക്കെ പ്രയാഗ് രാജിലെ ശുചീകരണത്തൊഴിലാളികൾ രാജ്യത്ത് മാതൃകയായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കനത്ത സുരക്ഷയിലാണ് പ്രയാഗ് രാജിൽ പരിപാടികൾ നടന്നത്. നദീതീരത്ത് പ്രത്യേകം ഒരുക്കിയ പന്തലിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും പൂജകളിൽ പങ്കെടുത്തു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി കുംഭമേളയിൽ പൂജനടത്താനും കുളിക്കാനും എത്തുന്നത്. Content highlights:Cash benefit scheme for farmers, PM Modi
from mathrubhumi.latestnews.rssfeed https://ift.tt/2E7bZWE
via
IFTTT
No comments:
Post a Comment