ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണ ചക്രം ആരുടെ കൈയിലേക്ക് എത്തുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അണികൾ എക്സിറ്റ് പോളുകളിൽ നിരാശരാകേണ്ടെന്ന ഉപദേശവുമായി രാഹുൽ ഗാന്ധി. അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ ഭയരഹിതമായി ഇരിക്കാനാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ട്വീറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂർ നിർണായകമാണ്. ജാഗ്രതയോടെ ഇരിക്കുക. ഭയപ്പെടരുത്. നിങ്ങൾ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്സിറ്റ് പോളുകളിൽ നിരാശരാകരുത്. ആത്മ വിശ്വാസവും കോൺഗ്രസിനോടുള്ള വിശ്വാസവും തുടരുക. നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോവില്ല, ജയ് ഹിന്ദ്- രാഹുൽ ഗാന്ധി ട്വറ്ററിൽ കുറിച്ചു. ഏഴ് ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ചയാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ എല്ലാം എൻഡിഎ സർക്കാരിന്റെ തുടർഭരണമാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎയ്ക്ക് 300, യുപിഎയ്ക്ക് 122, മറ്റുള്ളവർക്ക് 114 എന്നിങ്ങനെയാണ് എക്സിറ്റ് പോളുകൾ പറഞ്ഞിരിക്കുന്നത്. സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ കേവല ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ചിരിക്കുന്നത്. അതേസമയം എക്സിറ്റ് പോളുകൾ എല്ലാം ശരിയാകണമെന്നില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചത്. വ്യാജ പ്രചാരണങ്ങളിൽ വീണുപോകരുതെന്നും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ ജാഗ്രതയോടെ കാവൽ നിൽക്കണമെന്ന് പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് പുറമേനിന്ന് വേറെ യന്ത്രങ്ങൾ എത്തിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ശ്രമങ്ങളെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയും ഇപ്പോൾ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:Rahul Gandhi, 2019 Loksabha Election, Congress, Vote Counting
from mathrubhumi.latestnews.rssfeed http://bit.ly/2WTOJUa
via
IFTTT
No comments:
Post a Comment