തിരുവനന്തപുരം: രാജ്യം ആരു ഭരിക്കുമെന്നറിയാൻ മണിക്കൂറുകൾ ബാക്കി. 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങും. ആദ്യഫലസൂചന രാവിലെ ഒമ്പതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂർത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്ക റാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാതൃകാവോട്ടെണ്ണൽ കേന്ദ്രവും സജ്ജമാക്കി. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുബൂത്തുകളിലെവീതം വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. ഇ.വി.എമ്മുകളിലെ വോട്ടുകൾ എണ്ണിത്തീർന്നിട്ടാകും വിവി പാറ്റുകൾ എണ്ണുക. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതൽ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാൽ, വിവി പാറ്റുകൾ എണ്ണുന്നതോടെ പത്തുമണിക്കൂർവരെ വേണ്ടിവരും. 23 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. തപാൽവോട്ടുകളാണ് ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണും. അതോടൊപ്പം ഇ.ടി.പി.ബി.എസ്. വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. നാല് കൗണ്ടിങ് ടേബിളുകളാണ് പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, കൂടുതൽ പോസ്റ്റൽ ബാലറ്റുകളുള്ള സ്ഥലങ്ങളിൽ കമ്മിഷൻ അനുവാദത്തോടെ അധികം ടേബിളുകൾ ഒരുക്കും. വ്യാഴാഴ്ച രാവിലെ സ്ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ അതത് നിയമസഭാ മണ്ഡലങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവറും കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയിൽനിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസിലെ വിദ്യാനഗറിലാണ് മാതൃകാവോട്ടെണ്ണൽ കേന്ദ്രം. Content Highlights:2019 Loksabha Elections Counting
from mathrubhumi.latestnews.rssfeed http://bit.ly/2HFikKI
via
IFTTT
No comments:
Post a Comment