മോദിയായാലും രാഹുലായാലും ഓര്‍ക്കണം നെഹ്രുവിനെ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, May 22, 2019

മോദിയായാലും രാഹുലായാലും ഓര്‍ക്കണം നെഹ്രുവിനെ

ഇന്ത്യൻ ജനതയുടെ വിധിയറിയാൻ ഇനിയിപ്പോൾ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. നരേന്ദ്രമോദി അധികാരത്തിൽ തുടരുമോ, രാഹുൽഗാന്ധി പ്രധാനമന്ത്രിയാവുമോ,കോൺഗ്രസ്സിൽ നിന്നു തന്നെയുള്ള മറ്റാരെങ്കിലുമായിരിക്കുമോ രാഷ്്രടത്തെ നയിക്കുക, അതോ ഏറെ നാളായി പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന ശരദ്പവാറിനെപ്പോലുള്ളവർക്ക് ആഗ്രഹപൂർത്തീകരണത്തിനുള്ള വഴി ആത്യന്തികമായി തെളിയുമോ എന്നീ ചോദ്യങ്ങൾക്കെല്ലാം തന്നെ മറുപടി ലഭിക്കാൻ അധികം സമയം കാത്തിരിക്കേണ്ടതില്ല. ജനവിധി എന്തുതന്നെയായായാലും അധികാരത്തിലെത്തുന്നവർ ആരായാലും അവർ ഓർക്കേണ്ട ഒരു പേര് ജവഹർലാൽ നെഹ്രുവിന്റേതാണ്. ഇന്ത്യയുടെ ഈ ആദ്യ പ്രധാനമന്ത്രിയെ മറന്നുകൊണ്ട് ഒരു ഭരണാധികാരിക്കും മുന്നോട്ടുപോവാനാവില്ല. ഒരു ഭരണാധികാരി എങ്ങിനെയുള്ളയാളായിരിക്കണം എന്നതിന് നെഹ്രുവിനപ്പുറത്ത് നമ്മൾ ഇന്ത്യൻ ജനതയ്ക്ക് മറ്റൊരു മാതൃകയില്ല. നെഹ്രു അമാനുഷനായിരുന്നില്ല. മനുഷ്യസഹജമായ ദൗർബ്ബല്യങ്ങൾക്ക് നെഹ്രുവും കീഴ്പെട്ടിരുന്നു. പക്ഷേ, മാനവികതയുടെ സൂര്യൻ നെഹ്രുവിന്റെ വഴിയിൽ എപ്പോഴും ജ്വലിച്ചു നിന്നു. പട്ടേലും രാജാജിയും രാജേന്ദ്രപ്രസാദുമൊക്കെയുണ്ടായിരുന്നിട്ടും ഇന്ത്യയെ നയിക്കേണ്ടത് ഈ മനുഷ്യനായിരിക്കണമെന്ന് ഗാന്ധിജി ശഠിച്ചത് വെറുതെയായിരുന്നില്ല. മനുഷ്യരെ അറിയുന്നതിലും ഗണിച്ചെടുക്കുന്നതിലും മഹാത്മാവിനുണ്ടായിരുന്ന പ്രാഗത്ഭ്യം ഒന്നുവേറെ തന്നെയായിരുന്നു. 1937 ൽ കൊൽക്കൊത്തയിൽ നിന്നിറങ്ങുന്ന മോഡേൺ റിവ്യുവിൽ വന്ന ഒരു ലേഖനം മാത്രം മതി ഈ നിർണ്ണായക ഘട്ടത്തിൽ നെഹ്രുവിനെ ഓർക്കാൻ. ചാണക്യ എന്ന തൂലികാനാമത്തിൽ എഴുതപ്പെട്ട ഈ ലേഖനം നെഹ്രുവിനെക്കുറിച്ചായിരുന്നു. നെഹ്രുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള നിശിതവും സൂക്ഷ്മവുമായ അവലോകനവും വിമർശനവുമായിരുന്നു ലേഖനത്തിന്റെ കാതൽ. കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായ നെഹ്രു , ജനപഥങ്ങളെ ആവശേത്തിരയിലേക്കെടുത്തെറിയുന്ന നെഹ്രു, കാശ്മിർ മുതൽ കന്യാകുമാരി വരെ വിജയശ്രീലാളിതനായ സീസറെപ്പോലെ സഞ്ചരിക്കുന്ന നെഹ്രു. പക്ഷേ, ഇയാൾ യഥാർത്ഥത്തിൽ ആരാണ്? വേദിയിൽ ഒരു കലാകാരന്റെ കൈയ്യടക്കത്തോടെയും മെയ്വഴക്കത്തോടെയും പെരുമാറുന്ന ഇയാളുടെ ചിന്താധാരകൾ എന്താണ്? ആ മുഖംമൂടിക്ക് പിന്നിലുള്ള ആഗ്രഹങ്ങൾ എന്താണ്? അയാൾ അവകാശപ്പെടുന്നത് സോഷ്യലിസ്റ്റും ജനാധിപത്യ വാദിയുമാണെന്നാണ്. പക്ഷേ, കാര്യങ്ങൾ ചെറുതായൊന്നു മാറിയാൽ അയാൾ എപ്പോൾ വേണമെങ്കിലും ഏകാധിപതിയാവാം. അയാളുടെ അഹങ്കാരം പേടിപ്പിക്കുന്നതാണ്. അത് നിയന്ത്രിച്ചേ മതിയാവൂ. നമുക്ക് സീസർമാർ വേണ്ട. ലേഖനം അവസാനിക്കുന്നത് ഈ വാക്കുകളോടെയാണ്. സീസർ പ്രഗത്ഭനായിരിക്കാം, സീസർ സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നവനാവാം, സീസർ രാജ്യത്തെ മഹിമയിലേക്കും പുകഴ്ചയിലേക്കും നയിക്കുന്നവനാവാം . പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിന് സീസർ ശരിയാവില്ല. സീസറും ജനാധിപത്യവും സമാന്തരരേഖകളാണെന്ന യാഥാർത്ഥ്യം അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിക്കൊണ്ടാണ് ചാണക്യ ലേഖനം അവസാനിപ്പിക്കുന്നത്. നെഹ്രുവിന്റെ എതിരാളികളിലാരോ ആണ് ചാണക്യയെന്നാണ് ലേഖനം വായിച്ചവർ കരുതിയിരുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ലോകം അറിഞ്ഞു ചാണക്യ വാസ്തവത്തിൽ നെഹ്രു തന്നെയായിരുന്നു. വർഷങ്ങൾക്കു ശേഷം മാദ്ധ്യമപ്രവർത്തകൻ ആർനോൾഡ് മൈക്കൽസിന് നലകിയ അഭിമുഖത്തിൽ നെഹ്രു പറയുന്നുണ്ട് ലേഖന കർത്താവ് താൻ തന്നെയാണെന്ന് ഗാന്ധിജിയോട് വെളിപ്പെടുത്തിയതിനെക്കുറിച്ച്. ചാണക്യ താനാണെന്ന് തിരിച്ചറിഞ്ഞ ഒരേയൊരാൾ തന്റെ മകൾ ഇന്ദിരയായിരുന്നുവെന്നും നെഹ്രു പറയുന്നുണ്ട്. കണ്ണാടി പ്രതിഷ്ഠയായിരുന്നു ശ്രീനാരായണഗുരുവിന്റെ ഏറ്റവും വലിയ കലാപങ്ങളിലൊന്ന്. കണ്ണാടിക്ക് മുന്നിൽ നമ്മൾ സ്വയം വിചാരണ ചെയ്യേണ്ടതിനെക്കുറിച്ചാണ് ഗുരു പറഞ്ഞത്. 1937 ൽ മോഡൺ റിവ്യുവിൽ നെഹ്രു ചെയ്തത് അതാണ്. ആത്മപരിശോധനയില്ലെങ്കിൽ ജനാധിപത്യവാദികൾ സീസറാവാൻ അധിക നേരമൊന്നും വേണ്ടി വരില്ല. വിമർശനങ്ങളോട് മുഖം തിരിക്കുന്ന നേതാക്കൾ വർദ്ധിച്ചുവരുന്ന കാലമാണിത്. കാർട്ടൂണിസ്റ്റുകളും വിമർശകരും ജയിലിലേക്ക് പോകുന്ന കാലം. ഇവിടെയാണ് മോദിയും രാഹുലും ശരദ്പവാറും മമതയും മായാവതിയുമൊക്കെ നെഹ്രുവിനെ ഓർക്കേണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത് ആരായാലും അവർ ആദ്യം ചെയ്യേണ്ടത് നെഹ്രു എഴുതിയ ഈ ലേഖനം വായിക്കുകയാണ്. കഴിയുമെങ്കിൽ ലേഖനത്തിന്റെ ഒരു കോപ്പി ഓഫീസ് മുറിയിൽ തന്നെ സൂക്ഷിക്കണം. ഈ ദശാസന്ധിയിൽ ഇന്ത്യൻ ജനാധിപത്യത്തിന് ഒരിക്കലും ഒരു സീസറിനെ താങ്ങാനാവില്ല. content highlights:modi, rahul, nehru, vazhipokkan


from mathrubhumi.latestnews.rssfeed http://bit.ly/2HNXAk9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages