കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ പ്രചരിച്ച രേഖകൾ, അറസ്റ്റിലായ യുവാവ് ആദിത്യ വ്യാജമായി ഉണ്ടാക്കിയതല്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്. രേഖകളുടെ ആധികാരികതയെക്കുറിച്ച് അറിയില്ല. അത് അന്വേഷിക്കേണ്ടതാണ്-അദ്ദേഹം പറഞ്ഞു. മുൻപ് ജോലി ചെയ്തിരുന്ന വ്യവസായ സ്ഥാപനത്തിലെ കംപ്യൂട്ടറിൽനിന്ന് സ്ക്രീൻ ഷോട്ടായി ലഭിച്ചതാണ് ആ രേഖകൾ. അത് വൈദികരെ ഏൽപ്പിക്കുകയായിരുന്നു. തിരക്കഥയനുസരിച്ച് പീഡിപ്പിച്ച് അവർക്കാവശ്യമായത് പറയിക്കാനാണ് പോലീസ് ശ്രമിക്കുന്നത് - അദ്ദേഹം പറഞ്ഞു. മാർ ആലഞ്ചേരി എതിർകക്ഷിയായ കേസിൽ മാർ മനത്തോടത്ത് പത്രസമ്മേളനം വിളിച്ചതിന് വലിയ മാനങ്ങളാണുള്ളത്. സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ചില മെത്രാൻമാരുടെ പേരുകളുമുള്ള രേഖകളിൽ വലിയ ബാങ്കിടപാടുകളാണ് കാണുന്നത്. ഇത് അവരുടെ അറിവോടെയാകണമെന്നില്ല. അതിന്റെ ശരിതെറ്റുകൾ അന്വേഷിക്കേണ്ടത് പോലീസാണ്. പക്ഷേ, രേഖകൾ വ്യാജമായി ഉണ്ടാക്കിയതല്ലെന്ന് തനിക്ക് ബോധ്യമുണ്ട്. സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ. അന്വേഷണമോ വേണം-അദ്ദേഹം ആവശ്യപ്പെട്ടു. മതാധ്യാപകനും ഉത്തമ വിശ്വാസിയുമായ ആദിത്യ ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാമെന്ന് മാർ എടയന്ത്രത്ത് പറഞ്ഞു. 'അതിരൂപതയുടെ മകനാണ് അവൻ. സാംസ്കാരിക കേരളത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെ'ന്നും അദ്ദേഹം ആരോപിച്ചു. ജോലിക്കിടയിൽ ലഭിച്ച അമ്പരപ്പിക്കുന്ന ചില സാമ്പത്തിക ബന്ധങ്ങളുടെ രേഖകളാണ് ആദിത്യ പൊതുസമ്മതനായ ഫാ. പോൾ തേലക്കാട്ടിന് നൽകിയതെന്ന് വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. ഭൂമി ഇടപാടിൽ കൃത്യമായ രേഖകളുണ്ട്. അതുകൊണ്ടാണ് മാർ ആലഞ്ചേരിയെ അതിരൂപതയുടെ ചുമതലകളിൽനിന്ന് മാറ്റിയത്. ഭൂമി ഇടപാട് ഉയർത്തിക്കൊണ്ടുവന്ന വൈദികരെ കുടുക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. സഭയ്ക്കുള്ളിലുള്ളവരും പുറത്തുള്ളവരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇതിനു പിന്നിലുണ്ട്. ഭൂമിയിടപാടിൽ പ്രതിസ്ഥാനത്തുള്ളവർക്കല്ലാതെ വേറെ ആർക്കാണ് ഈ കേസിൽ താത്പര്യമെന്ന് ഫാ. മുണ്ടാടൻ ചോദിച്ചു. ഫാ. ടോണി കല്ലൂക്കാരന്റെയും ഫാ. പോൾ തേലക്കാട്ടിന്റെയും പേരുകൾ പറയിക്കാനായി ആദിത്യയെ പോലീസ് ക്രൂരമായി മർദിച്ചു. വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നും വൈദികർ കുറ്റപ്പെടുത്തി. വിദേശത്തായിരുന്ന മുഖ്യമന്ത്രി തിരിച്ചുവരും മുമ്പ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടന്നത്. ഈ കേസിൽ സത്യസന്ധമായ അന്വേഷണം അതിരൂപത സ്വാഗതം ചെയ്യുന്നതായി മാർ മനത്തോടത്ത് പറഞ്ഞു. ഭൂമി ഇടപാട് കേസുമായി ഇതിന് ബന്ധമുണ്ടെന്ന് അഭിപ്രായമില്ല. അതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ വത്തിക്കാന് കൈമാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.ആർ.ഒ. ഫാ. പോൾ കരേടൻ, ഫാ. സണ്ണി കളപ്പുരയ്ക്കൽ, ആദിത്യയുടെ ഇടവക വികാരി ഫാ. മാത്യു ഇടശ്ശേരി, ആദിത്യയുടെ അച്ഛൻ സക്കറിയ വളവി, പി.പി. ജെരാർദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. മകനെ പോലീസ് തല്ലിച്ചതച്ചെന്ന് ആദിത്യയുടെ അച്ഛൻ കൊച്ചി: മകൻ ആദിത്യയെ പോലീസ് തല്ലിച്ചതച്ചാണ് കുറ്റമേറ്റു പറയിപ്പിച്ചതെന്ന് അച്ഛൻ സക്കറിയ വളവി. മാർ ജേക്കബ് മനത്തോടത്ത് വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ അഭിഭാഷകനൊപ്പം ജയിലിൽ പോയി കണ്ടു. രണ്ട് പേരുടെ പേരുപറയാൻ മൂന്നു ദിവസം ക്രൂരമായി മർദിച്ചതായി പറഞ്ഞു. ഉള്ളംകാൽ തല്ലിച്ചതച്ചു. പിടിച്ചുനിൽക്കാൻ പറ്റാത്തതിനാലാണ് ഫാ. ടോണി കല്ലൂക്കാരന്റെ പേര് പറഞ്ഞത്. അച്ചനോട് മാപ്പു പറയണമെന്ന് മകൻ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് ഏതാനും ദിവസമെയായിട്ടുള്ളൂ. ഒരു മകൻ വിദേശത്തായതിനാൽ ആദിത്യയാണ് എല്ലാ കാര്യവും നോക്കുന്നത്. ഏതാനും ദിവസം മുമ്പ് മകന്റെ ടെൻഷൻ കണ്ട് വിവരം തിരക്കിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞില്ല. ചെന്നൈ ഐ.ഐ.ടി.യിൽ എം.ടെക് കഴിഞ്ഞ് പിഎച്ച്.ഡി. ചെയ്യുകയാണ്. അവന് ഒരു കാര്യവുമില്ലാത്ത കാര്യത്തിന് വ്യാജരേഖയുണ്ടാക്കേണ്ട കാര്യമില്ല. കോളേജിൽ പ്രോജക്ട് സമർപ്പിക്കേണ്ട ദിവസം ഓഫീസിൽ വന്ന് ഒപ്പിട്ടുപോകാൻ പറഞ്ഞാണ് ആലുവ ഡിവൈ.എസ്.പി. ഓഫീസിലേക്ക് വീണ്ടും വിളിച്ചത്. അതിനു തലേന്ന് എല്ലാ വിവരങ്ങളും മണിക്കൂറുകളോളം വിശദീകരിച്ചതാണ്. ജയിലിൽ കണ്ടപ്പോൾ മകൻ പൊട്ടിക്കരഞ്ഞെന്നും സക്കറിയ വളവി പറഞ്ഞു. ആദിത്യയെ മർദിച്ചിട്ടില്ല-ആലുവ എ.എസ്.പി. കൊച്ചി: വ്യാജരേഖാ കേസിൽ അറസ്റ്റ് ചെയ്ത ആദിത്യയെ മർദിച്ചിട്ടില്ലെന്ന് ആലുവ എ.എസ്.പി. എം.ജെ. സോജൻ വ്യക്തമാക്കി. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്നത് എ.എസ്.പി.യാണ്. വളരെ സൗഹാർദപരമായാണ് ആദിത്യയുമായി ഇടപെട്ടത്. ഇത്ര ചെറിയ ഒരു പയ്യനെ മർദിച്ചിട്ട് പോലീസിന് എന്ത് ലഭിക്കാനാണ്. തെളിവുണ്ടോ എന്ന് മാത്രമെ നോക്കിയിട്ടുള്ളൂ. ഏതെങ്കിലും പക്ഷം പിടിേക്കണ്ട കാര്യം പോലീസിനില്ല- അദ്ദേഹം പറഞ്ഞു. മാർ മനത്തോടത്തിന്റെ പത്രസമ്മേളനം കോടതിയലക്ഷ്യമെന്ന് കാത്തലിക് ഫോറം കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയായ മാർ ജേക്കബ് മനത്തോടത്തിന്റെ നേതൃത്വത്തിൽ എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ പത്രസമ്മേളനം കോടതിയലക്ഷ്യവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് ഇന്ത്യൻ കാത്തലിക് ഫോറം. സഭാ സിനഡിനെ വെല്ലുവിളിച്ച് അതിരൂപതയിലെ മെത്രാന്മാരും വൈദികരും അറസ്റ്റിലായ പ്രതിയുടെ പിതാവും ചേർന്ന് പത്രസമ്മേളനം നടത്തിയത് പോലീസിന്റെ വീര്യം കെടുത്താനാണ്. സത്യസന്ധമായ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ മാറ്റാനുള്ള ഭീഷണിയുടെ സ്വരമാണ് അതിലുള്ളത്. അറസ്റ്റിലായ പ്രതിയെ പോലീസ് മർദിച്ചുവെന്ന ആരോപണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ബ്ലാക്മെയിൽ ചെയ്യാനുള്ള നീക്കമാണ്. രേഖകൾ വ്യാജമല്ലെന്ന് രണ്ടാം പ്രതി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചപ്പോൾ അതിന്റെ തെളിവുകൾ ലഭിക്കാൻ പത്രസമ്മേളനം നടത്തിയ എല്ലാവരേയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതാണ്. റോമിന്റെ പ്രത്യേക ഉത്തരവ് പ്രകാരം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മാർപാപ്പയെയും സിനഡിനെയും രാജ്യത്തെ നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചത് അങ്ങേയറ്റം അപലപനീയമാണ്. പോലീസ് അന്വേഷണം സഹായ മെത്രാന്മാരിലേക്കും വൈദികരിലേക്കും എത്തുന്നത് അറിഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി അന്വേഷണത്തെ അട്ടിമറിക്കാനുമുള്ള നീക്കത്തെ എന്ത് വില കൊടുത്തും തടയുമെന്ന് ഇന്ത്യൻ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി അഡ്വ. ഡാ ൽബി ഇമ്മാനുവൽ പത്രക്കുറിപ്പിൽ പറഞ്ഞു. തനിക്കെതിരേ കേസ് വന്നതിൽ വിഷമം-മാർ മനത്തോടത്ത് കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ തനിക്കെതിരേ കേസെടുത്തതിൽ വിഷമമുണ്ടെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന്് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. രേഖകളുടെ ഉറവിടം കണ്ടെത്താൻ പരാതി കൊടുത്ത വൈദികന്റെ മൊഴിപ്രകാരമാണ് തനിക്കെതിരേ കേസെടുത്തത്. അതിന്റെ വിഷമം അനുഭവിക്കുകയാണ്. ഇക്കാര്യത്തിൽ വൈദികന് വീഴ്ചയുണ്ടായി. ബോധപൂർവമാണോ അല്ലയോ എന്നറിയില്ല. അതിന് തിരുത്തൽ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും മാർ മനത്തോടത്ത് പറഞ്ഞു. പോലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്ന് അതിരൂപത കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ കോന്തുരുത്തി പള്ളി ഇടവകാംഗം ആദിത്യയെ പോലീസ് ക്രൂരമായി മർദിക്കുകയും വ്യാജ തെളിവുണ്ടാക്കുകയും ചെയ്തെന്ന് എറണാകുളം-അങ്കമാലി അതിരൂപത ആരോപിച്ചു. 15-ാം തീയതി നാലു മണിക്കാണ് പോലീസ് ആവശ്യപ്പെട്ടതു പ്രകാരം ആദിത്യ ആലുവ ഡിവൈ.എസ്.പി. ഓഫീസിൽ എത്തിയത്. രേഖകൾ വ്യാജമായി നിർമിച്ചതല്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. രാത്രി 9.15-ന് ഒരു സുഹൃത്തിനൊപ്പം തിരിച്ചയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചിട്ട് സ്റ്റേഷനിൽനിന്നു പോയി എന്ന രേഖയിൽ ഒപ്പിട്ടുകൊടുക്കാൻ പറഞ്ഞു. അതുപ്രകാരം ചെയ്തു. പിറ്റേന്ന് രാവിലെ വീണ്ടും ചെല്ലാൻ പറഞ്ഞു. കോളേജിൽ പോകുകയാണെന്നു പറഞ്ഞപ്പോൾ വന്ന് ഒപ്പിട്ടുപോകാൻ നിർദേശിച്ചു. ചെന്നിട്ട് പക്ഷേ, വിട്ടില്ല. രാത്രി കഠിനമായി പീഡിപ്പിച്ചു. ആരുടെയെങ്കിലും പേര് പറയാൻ നിർബന്ധിച്ചു. ഫാ. ടോണിയല്ലേ ഇത് ചെയ്യിച്ചത് എന്ന് ചോദിച്ചായിരുന്നു പീഡനം. മർദനം സഹിക്കാതായപ്പോൾ അച്ചന്റെ പേര് പറഞ്ഞു. തുടർന്ന് ഫാ. ടോണിയെ വിളിച്ചുവരുത്തി. അച്ചൻ ഇങ്ങനെയൊരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആദിത്യ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന, ഫാ. ടോണിയും ആദിത്യയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും കേൾപ്പിച്ചു. ഫാ. ടോണിയെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചതിന് ഇടവകക്കാർ ഡിവൈ.എസ്.പി. ഓഫീസിലെത്തി. അപ്പോൾ അച്ചനെ വിട്ടയച്ചു. മൂന്നു ദിവസത്തിനു ശേഷം ഞായറാഴ്ചയാണ് ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രി അച്ചനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ടായി. തെളിവ് ശേഖരിക്കാനെന്നു പറഞ്ഞ് പോലീസ് ആദിത്യയുടെ അച്ഛൻ സക്കറിയ തേവര മട്ടമ്മലിൽ നടത്തുന്ന ഹാർഡ്വേർ കടയിലെത്തി. അവിടത്തെ കംപ്യൂട്ടർ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. അവർ കംപ്യൂട്ടറുമായി പോയി. പിറ്റേന്ന് ആദിത്യയില്ലാതെ പോലീസ് മാത്രം വന്നു. ഹാർഡ് ഡിസ്കിൽനിന്ന് രേഖകൾ കണ്ടെത്തി. ഇത് വ്യാജമായി ഉണ്ടാക്കിയതാണ്. രേഖകളിലെ ഒരു അക്കൗണ്ടിന്റെ കാര്യം മാത്രമേ പോലീസ് പരിശോധിച്ചിട്ടുള്ളൂ. ബാക്കി പരിശോധിക്കാത്തതെന്താണ്? മനുഷ്യാവകാശ ധ്വംസനം നടത്തിയ പോലീസുകാരെ സസ്പെൻഡ് ചെയ്യണം. നിഷേധ നിലപാടാണെങ്കിൽ അതിരൂപതയിലെ അഞ്ചു ലക്ഷത്തോളം വിശ്വാസികൾ പ്രതികരിക്കും-പത്രസമ്മേളനത്തിൽ വൈദികർ ചോദിച്ചു. content highlights:Syro-Malabar Catholic Church demand CBI probe in case against it's Cardinal George Alencherry
from mathrubhumi.latestnews.rssfeed http://bit.ly/2VRQlBt
via
IFTTT
No comments:
Post a Comment