ബംഗാള്‍: 'എവിടെ ചുവന്ന ബൂര്‍ഷാസി അധീശത്വമുറപ്പിക്കുന്നോ അവിടെ കമ്യൂണിസ്റ്റ് ഭരണം തിരോഭവിക്കും' - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

ബംഗാള്‍: 'എവിടെ ചുവന്ന ബൂര്‍ഷാസി അധീശത്വമുറപ്പിക്കുന്നോ അവിടെ കമ്യൂണിസ്റ്റ് ഭരണം തിരോഭവിക്കും'

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറി ഏറ്റവും കൂടുതൽക്കാലം ഭരണത്തിലിരുന്ന കമ്യൂണിസ്റ്റ് പാർട്ടി എന്ന ഖ്യാതി ആഗോളതലത്തിൽ പശ്ചിമബംഗാളിലെ സി.പി.എമ്മിന് അവകാശപ്പെട്ടതാണ്. നീണ്ട 34 വർഷം (1977-2011) ആ പാർട്ടി ടാഗോറിന്റെ നാട്ടിൽ വാഴ്ചയിലിരുന്നു. 1977-ൽ അത് നടത്തിയ ഉജ്ജ്വലമുന്നേറ്റവും 2011-ൽ അതിനുസംഭവിച്ച ദയനീയപതനവും വിശകലനമർഹിക്കുന്നതാണ്. അത് നടത്താൻ ഏറ്റവും യോഗ്യർ ആ പാർട്ടിയിൽ പ്രവർത്തിച്ചവർതന്നെയായിരിക്കും. ആ ഗണത്തിൽപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനത്രേ സൗർജയ ഭൗമിക്. 2004 തൊട്ട് 2011 വരെ ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യിലും അതിന്റെ പോഷകസംഘടനകളിലും പ്രവർത്തിച്ചയാളാണ് ഇപ്പോൾ കൊൽക്കത്തയിലെ TV9 നെറ്റ്വർക്കിൽ ജോലിയെടുക്കുന്ന ഭൗമിക്. അദ്ദേഹം രചിച്ചതും 2021 ജൂലായിൽ പാൻ മാക്മില്യൺ പ്രസിദ്ധീകരിച്ചതുമായ ഗാങ്സ്റ്റർ സ്റ്റേറ്റ് എന്ന പുസ്തകം ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ പഠിക്കുകയും എസ്.എഫ്.ഐ.യിലൂടെയും ഡി.വൈ.എഫ്.ഐ.യിലൂടെയും പാർട്ടി പ്രവർത്തനത്തിൽ ചെന്നെത്തുകയും ചെയ്ത ഭൗമിക്, രജത്ത് ലാഹിരി എന്ന സാങ്കല്പിക മാർക്സിസ്റ്റിന്റെ അനുഭവങ്ങളിലൂടെയാണ് വായനക്കാരെ കൈപിടിച്ചുകൊണ്ടുപോകുന്നത്. ഗാങ്സ്റ്റർ സ്റ്റേറ്റ് എഴുതാൻ തന്നെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് പുസ്തകത്തിന്റെ അവസാനത്തിൽ ചേർത്ത കുറിപ്പിൽ സൂര്യ ഭൗമിക് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: 'ഒരു ചോദ്യം എന്നെ അലട്ടി. ഒരുപക്ഷേ, രാഷ്ട്രീയത്തിലിറിങ്ങിയ എന്റെ സമപ്രായക്കാരിൽ മറ്റുപലരെയും അത് അലട്ടിക്കാണും. ഇതാണത്: 'ഞങ്ങൾ പ്രത്യയശാസ്ത്രത്താൽ പ്രേരിതരായിരുന്നോ അതോ അധികാരകാമനയാണോ ഞങ്ങളെ നയിച്ചത്?' ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമത്രേ ഭൗമിക്കിന്റെ പുസ്തകം. 1960-കളിൽ സി.പി.എം. ദക്ഷിണ കൊൽക്കത്തയിൽ അതിന്റെ സ്വാധീനം അരക്കിട്ടുറപ്പിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കിയാൽ 1970-കളുടെ മധ്യമാകുമ്പോഴേക്ക് പാർട്ടി ബംഗാളിനെയാകമാനം അതിന്റെ കൈപ്പിടിയിലൊതുക്കിയത് എവ്വിധമെന്ന് ഗ്രഹിക്കാനാകും. ജാദവ്പുരും ഗരിയയും രജീന്ദ്രപാല്ലിയയും പടൂലിയും ഉൾപ്പെടുന്ന ഈ മേഖലയിൽ പോപ്പുലിസത്തിന്റെ വിവിധ രൂപങ്ങൾ പ്രയോജനപ്പെടുത്തിയാണ് മാർക്സിസ്റ്റ് പാർട്ടി അധീശത്വംനേടിയത്. അതിവിശാലമായ ഈ ചതുപ്പുപ്രദേശം അപ്പാടേ പാർട്ടി അതിന്റെ വരുതിയിലാക്കി. കിഴക്കൻ പാകിസ്താനിൽ (ബംഗ്ലാദേശ്)നിന്ന് പ്രവഹിച്ച അഭയാർഥികളുടെ കോളനികളായി ആ മേഖലയെ അവർ പരിവർത്തിപ്പിച്ചു. അഭയാർഥികളെയാകമാനം പാർട്ടിഭക്തരാക്കി മാറ്റുകയും ചെയ്തു. 1977-ൽ സി.പി.എം. അധികാരത്തിൽ വന്നപ്പോൾ ഈ അഭയാർഥിമേഖല കൂടുതൽ വിപുലീകരിക്കപ്പെട്ടു. 24 പർഗാനാസിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്നവരെയും പാർട്ടി ഇവിടെ അനധികൃതമായി കുടിയിരുത്തി. െകാൽക്കത്തയോടുചേർന്നുള്ള മറ്റുജില്ലകളിൽനിന്ന് വന്നവരും മാർക്സിസ്റ്റുകാരുടെ പിന്തുണയോടെ ആ പ്രദേശത്തെ താമസക്കാരായി. ഈ നിയമവിരുദ്ധ കുടിയിരിപ്പുകാരും അവരോടൊപ്പം വളർന്നുവന്ന കോളനിവാസികളും പാർട്ടിയുടെ പ്രബല വോട്ടുബാങ്കായിത്തീർന്നു. കാനി ഗാംഗുലി, ഉജ്ജൻ ചാറ്റർജി, സ്വപൻ റോയ്, ഖൊകോൻ ഘോഷ് ദസ്തിദാർ തുടങ്ങിയ സി.പി.എം. നേതാക്കൾ ഈ മേഖലയിൽനിന്നാണ് ഉയർന്നുവന്നത്. മാറ്റം തുടങ്ങുന്നു 1990-കളുടെ മധ്യംവരെ മാർക്സിസ്റ്റ് പാർട്ടി തൊഴിലാളിവർഗത്തിന്റെ ഉറ്റമിത്രമായിരുന്നു. പിന്നീട് ചിത്രത്തിൽ മാറ്റംവരാൻ തുടങ്ങി. വ്യാവസായിക മുന്നേറ്റത്തിന്റെയും നഗരവികസനത്തിന്റെയും പന്ഥാവിലേക്ക് പാർട്ടി മാറി. 1996-ലെത്തുമ്പോൾ ഇന്ത്യയിലുടനീളം ഉദാരീകരണത്തിന്റെ സ്വാധീനവും അതുണ്ടാക്കിയ വ്യവസായികക്കുതിപ്പും പ്രകടമായിത്തുടങ്ങിയിരുന്നു. വിദേശനിക്ഷേപം പല സംസ്ഥാനങ്ങളുടെയും മുഖച്ഛായ മാറ്റിത്തുടങ്ങി. പക്ഷേ, സി.പി.എം. ഉദാരീകരണത്തെയും സ്വകാര്യവത്കരണത്തെയും മാർക്സിസ്റ്റ് വിരുദ്ധം എന്നനിലയിൽ അകറ്റിനിർത്തുകയായിരുന്നു. യാഥാസ്ഥിതിക ഇടതുപക്ഷനിലപാടുകൾ, ആക്രാമക ട്രേഡ് യൂണിയനിസം, തകർച്ച നേരിടുന്ന സമ്പദ്വ്യവസ്ഥ ഇവയെല്ലാം ചേർന്ന് ബംഗാളിനെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലേക്ക് തള്ളി. സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്ക് കവാടം തുറന്നുകൊടുത്ത സംസ്ഥാനങ്ങൾ മുന്നേറിയപ്പോൾ ബംഗാൾ സാമ്പത്തികമായി മുരടിച്ചു. അന്താരാഷ്ട്ര എയർലൈനുകളും വാണിജ്യ കപ്പൽസർവീസുകളുമെല്ലാം സംസ്ഥാനത്തോട് വിടപറഞ്ഞു. ഉത്കണ്ഠാജനകമായ ഈ സ്ഥിതിവിശേഷം സംജാതമായപ്പോൾ യാഥാർഥ്യങ്ങളിലേക്ക് കണ്ണുതുറക്കേണ്ടിവന്നു പാർട്ടിക്ക്. സിദ്ധാന്തവാശിക്ക് അവധികൊടുത്ത് സ്വകാര്യനിക്ഷേപത്തിലൂടെ വ്യവസായികാഭിവൃദ്ധി നേടിയേ മതിയാവൂവെന്ന ബോധ്യം അതിന് കൈവന്നു. 1994-ൽ പാർട്ടി പുതിയ സാമ്പത്തികനയം പ്രഖ്യാപിച്ചു. പ്രഖ്യാപനംകൊണ്ടുമാത്രം കാര്യമായില്ല. വ്യവസായങ്ങൾ വരണമെങ്കിൽ ഭൂമിവേണം. ടൗൺഷിപ്പുകളും അനുബന്ധ സൗകര്യങ്ങളുമൊരുക്കാനും വേണം ഭൂമി. അതെങ്ങനെ വൻകിടക്കാരെ ഉപദ്രവിക്കാതെ കണ്ടെത്തും? ആ ചോദ്യം പൊങ്ങിവന്നപ്പോഴാണ് അതുവരെ തൊഴിലാളിവർഗത്തിന്റെ ആത്മമിത്രമായി അറിയപ്പെട്ട പാർട്ടി മധ്യ-ഉപരിവർഗ വിഭാഗങ്ങളുടെ സുഹൃത്ത് എന്നതലത്തിലേക്ക് ചുവടുമാറ്റാൻ തുടങ്ങിയത്. രാജർഹട്ട്, ന്യൂടൗൺ, പടൂലി, മഹേഷ്തല തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ ഹൗസിങ് ടൗൺഷിപ്പുകൾ ഉയർന്നു. ആ നിയോലിബറൽ പദ്ധതിയുടെ ഇരകൾ ബംഗാളിന്റെ ഗ്രാമാന്തരങ്ങളിൽനിന്ന് മുൻകാലത്ത് പാർട്ടിപിന്തുണയോടെ കുടിയേറിയ പച്ചപ്പാവങ്ങളായിരുന്നു. ഒറ്റരാത്രികൊണ്ട് അവർ പാർട്ടിയുടെ കണ്ണിൽ നിയമവിരുദ്ധ കുടിയേറ്റക്കാരും ക്രിമിനലുകളുമായി മാറി. അവർക്ക് സ്വന്തം കിടപ്പാടങ്ങൾ ഉപേക്ഷിച്ചുപോകേണ്ടിവന്നു. കൊൽക്കത്ത നഗരത്തിലെ പതിനായിരക്കണക്കിന് വഴിയോരകച്ചവടക്കാർക്കും വന്നുപെട്ടത് അതേ ദുർവിധിതന്നെ. 1960-കളുടെ അവസാനത്തിൽ അവരെ ഒഴിപ്പിക്കാൻ അന്നത്തെ കോൺഗ്രസ് ഭരണകൂടം ശ്രമിച്ചിരുന്നു. പക്ഷേ, ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പുകാരണം അത് നടന്നില്ല. അതേ ഇടതുപക്ഷമത്രേ മുപ്പതുവർഷത്തിനുശേഷം 1990-കളുടെ ഉത്തരാർധത്തിൽ നേരത്തേ തങ്ങൾ കുടിയിരുത്തിയ വഴിയോരവാണിഭക്കാരെ ആട്ടിയോടിക്കാൻ പോലീസിനെയും പാർട്ടിഗുണ്ടകളെയുമിറക്കിയത്! അവർ കടകൾ അടിച്ചുപൊളിക്കുകയും അവർക്കിടയിലെ ലുംപൻ വിഭാഗം കടകൾ കൊള്ളയടിക്കുകയും ചെയ്തു. ഒരുകാലത്ത് റെയിൽവേട്രാക്ക് പരിസരങ്ങളിൽ തങ്ങൾതന്നെ ചേരികളുണ്ടാക്കി പാർപ്പിച്ചവർക്കെതിരേയും മാർക്സിസ്റ്റ് കേഡറുകൾ രംഗത്തുവന്നു. ബുൾഡോസറുകൾ ചേരിപ്രദേശങ്ങൾ ഇടിച്ചുനിരപ്പാക്കി. അവിടങ്ങളിൽ കാൽനൂറ്റാണ്ടിലേറെയായി പാർത്തുവന്ന പ്രോലിറ്റേറിയറ്റിനെ അവർ അനിശ്ചിതത്വത്തിന്റെ അന്ധകാരത്തിലേക്ക് വലിച്ചെറിഞ്ഞു. ചേരിവാസികളായിരുന്നില്ല പാർട്ടിക്ക് മുഖ്യം. നഗരത്തിന്റെ സൗന്ദര്യവത്കരണവും നവലിബറൽ മൂല്യങ്ങളുടെ ശുദ്ധീകരണവുമായിരുന്നു അതിന് പ്രധാനം. വിജയങ്ങൾക്ക് പിറകിൽ ഇത്തരം ക്രൂരതകളും ദരിദ്രജനവിരുദ്ധതയും തുടർന്നിട്ടും പാർട്ടിയെങ്ങനെ തിരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചുകൊണ്ടിരുന്നു? പൊളിറ്റിക്സിൽനിന്ന് ഇന്റിമിഡേഷൻ പൊളിറ്റിക്സിലേക്ക് (ഭയപ്പെടുത്തൽ രാഷ്ട്രീയം) വഴിതിരിച്ചുവിട്ടാണ് സി.പി.എം. വിജയം കൊയ്തുകൊണ്ടിരുന്നതെന്ന് ഭൗമികിന്റെ പുസ്തകം വ്യക്തമാക്കുന്നു. മധ്യകൊൽക്കത്തയിലെ അലിമുദ്ദീൻ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന മാർക്സിസ്റ്റ് പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് പകർന്നുകിട്ടുന്ന തന്ത്രങ്ങൾ കോളേജുകൾതൊട്ട് അസംബ്ലി, പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ പ്രയോഗിക്കപ്പെടുന്നു. അവയിൽ ഏറ്റവും പ്രധാനം അപരപാർട്ടികളെ പ്രതിനിധീകരിക്കുന്ന ബൂത്ത് ഏജന്റുകളുടെ സാന്നിധ്യം ബൂത്തുകളിൽ ഉണ്ടാകാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. വാഗ്ഭീഷണിയും പേശീബലവുമൊക്കെ അതിനുപയോഗിക്കുന്നു. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പുവരെ തങ്ങൾക്ക് മേധാവിത്വമുള്ള പ്രദേശങ്ങളിലൊന്നും പ്രതിപക്ഷപാർട്ടിയുടെ ഏജന്റുമാരെ ഉച്ചതിരിയുംവരെ ബൂത്തിൽ കയറാൻ സി.പി.എം. അനുവദിച്ചിരുന്നില്ല. ഉച്ചയ്ക്കുശേഷമാകട്ടെ ഭയംനിമിത്തം പ്രതിപക്ഷ ഏജന്റുമാരിൽ മിക്കവരും മാറിനിൽക്കുകയായിരുന്നു പതിവ്. അങ്ങനെ സത്യവോട്ടും അസത്യവോട്ടുമൊക്കെ പാർട്ടിപ്പെട്ടിയിൽത്തന്നെ വീഴുന്നു എന്ന് മാർക്സിസ്റ്റുകാർ ഉറപ്പുവരുത്തിപ്പോന്നു. ജയിക്കാൻ സത്യവോട്ടുതന്നെ വേണമെന്നില്ലല്ലോ. സി.പി.എമ്മിന്റെ നേതൃത്വത്തിൽ 1977-ൽ ഇടതുമുന്നണി ആദ്യമായി ഭരണത്തിലേറിയ നാൾതൊട്ട് 2001 വരെ ബംഗാളിൽ മുഖ്യമന്ത്രിപദവിയിലിരുന്നത് ജ്യോതിബസുവായിരുന്നു. 294-ൽ 231 സീറ്റ് കരസ്ഥമാക്കിയാണ് 1977-ൽ മുന്നണി ജയിച്ചുകയറിയത്. മാർക്സിസ്റ്റ് പാർട്ടിയുടെ അജയ്യത വിളിച്ചോതിയതായിരുന്നു അന്നത്തെ ഇലക്ഷൻ. അതോടെ പാർട്ടി ഇച്ഛിച്ചതുപോലെ ബംഗാൾ നടന്നുകൊള്ളും എന്ന അഹങ്കാരം അതിനെ പിടികൂടി. പിൽക്കാലത്ത് മാർക്സിസ്റ്റ് പാർട്ടിയെ നെഞ്ചുവിരിച്ച് ചോദ്യംചെയ്യാൻ കോൺഗ്രസ് എന്ന പാർട്ടിയല്ല, ആ പാർട്ടിയുടെ പ്രവർത്തകയായിരുന്ന മമതാ ബാനർജിയാണ് ചങ്കൂറ്റം കാണിച്ചത്. മമത വരുന്നു; ബുദ്ധദേവും തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) എന്ന പേരിൽ 1998-ൽ പുതിയ പാർട്ടി രൂപവത്കരിച്ച മമതാ ബാനർജിയായി സി.പി.എമ്മിന്റെ ഏറ്റവും വലിയ രാഷ്ട്രീയശത്രു. ഇരുപതുവർഷം തുടർച്ചയായി മാർക്സിസ്റ്റ് പാർട്ടി ഭരിച്ച െകാൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ 2000-ത്തിൽ തൃണമൂൽ പിടിച്ചെടുത്തു. ആ സാഹചര്യത്തിലാണ് 2001-ൽ അസംബ്ലി തിരഞ്ഞെടുപ്പ് കടന്നുവന്നത്. മമത സി.പി.എമ്മിനെതിരേ ഉഗ്രശബ്ദത്തിൽ ജനങ്ങളെ ആഹ്വാനംചെയ്തു: ''ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലുമില്ല'' (Now or Never). മാറിയ രാഷ്ട്രീയ പരിേതാവസ്ഥയിൽ തലപ്പത്ത് ജ്യോതിബസു പോരെന്ന് പാർട്ടിക്കുതോന്നി. ബസു എന്ന മാർക്സിസ്റ്റ് നേതാവിൽ ഒരു വൈരുധ്യം മുഴച്ചുനിന്നിരുന്നു. 24 വർഷത്തോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലത്ത് ബംഗാൾ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിട്ടു. അതേസമയം, അദ്ദേഹത്തിന്റെ മകൻ ചന്ദൻ ബസുവിന്റെ സാമ്പത്തികസാമ്രാജ്യം വലിയ അളവിൽ വികാസംനേടുകയും ചെയ്തു. സംസ്ഥാനം സാമ്പത്തികമായി ക്ഷയിക്കുമ്പോൾ പുത്രൻ സാമ്പത്തികമായി പുഷ്ടിപ്പെടുകയായിരുന്നു. ഇല്ലാത്തവരുടെ പാർട്ടിയുടെ നേതാവിന്റെ മകന്റെ നാമധേയത്തിൽ ഒരു ടൗൺഷിപ്പ് ഉയർന്നുവരുന്നിടത്തോളം അത് നീണ്ടുപോയി. മാർക്സിസ്റ്റ് പാർട്ടിയും റിയൽ എസ്റ്റേറ്റ് മാഫിയയും തമ്മിലുള്ള അവിശുദ്ധസഖ്യം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. അങ്ങനെയാണ് ഇടതുമുന്നണി മത്സരിക്കുന്ന ആറാം അസംബ്ലി തിരഞ്ഞെടുപ്പിന് സാരഥ്യമേകാൻ സി.പി.എം. 2001-ൽ ബുദ്ധദേവ് ഭട്ടാചാര്യയെ കൊണ്ടുവരുന്നത്. ടാഗോറിനെ വായിക്കുകയും ഗബ്രിയേൽ ഗാർസിയ മാർക്കേസിനെ ബംഗാളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ഭട്ടാചാര്യ നയിച്ച മുന്നണി ജയിക്കുകയും അദ്ദേഹം രണ്ടാം മാർക്സിസ്റ്റ് മുഖ്യമന്ത്രിയാവുകയും ചെയ്തു. പക്ഷേ, ആദ്യമായി അസംബ്ലി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മമതയുടെ പാർട്ടി, ആകെ പോൾചെയ്ത വോട്ടിന്റെ 30 ശതമാനം പോക്കറ്റിലാക്കിയെന്നത് ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിപദമേറിയ ബുദ്ധദേവിന്റെ നേതൃത്വത്തിൽ പാർട്ടി പുതിയ മുദ്രാവാക്യം രചിച്ചു: 'കൃഷി നമ്മുടെ അടിത്തറ; വ്യവസായവത്കരണം നമ്മുടെ ഭാവി.' മധ്യ-ഉപരിവർഗ വിഭാഗങ്ങൾക്ക് പ്രിയങ്കരമായ ആ മുദ്രാവാക്യം യാഥാർഥ്യത്തിലേക്ക് വിവർത്തനംചെയ്യുന്നതിന്റെ ഭാഗമായി, കിഴക്കൻ മിഡ്നാപ്പുരിലെ നന്ദിഗ്രാമിൽ 4000 ഏക്കർ ഭൂമിയിൽ കെമിക്കൽ ഹബ്ബ് സ്ഥാപിക്കാനുള്ള അനുമതി ഇൻഡൊനീഷ്യയിലെ സലിം ഗ്രൂപ്പിന് ഇടതുസർക്കാർ നൽകി. ഹുഗ്ലിയിലെ സിംഗൂരിൽ നാനോ കാർ ഫാക്ടറി തുടങ്ങുന്നതിന് 997 ഏക്കർ സ്ഥലം വാങ്ങാൻ രത്തൻ ടാറ്റയ്ക്കും ലഭിച്ചു അനുമതി. തന്റെ രണ്ടാമൂഴത്തിൽ (2006-11) പടിഞ്ഞാറൻ മിഡ്നാപ്പുരിലെ സാൽബോണിയിൽ ജിൻഡാൻ സ്റ്റീലും ടാറ്റയും സലിംഗ്രൂപ്പും ചേർന്ന് നിർമിക്കാനുദ്ദേശിക്കുന്ന സ്റ്റീൽ ഫാക്ടറിക്കുവേണ്ടി 5000 ഏക്കർ നൽകാനും ബുദ്ധദേവ് സമ്മതിച്ചു. ടാഗോറിനെയും മാർക്കേസിനെയും വായിച്ചിരുന്നെങ്കിലും ഭട്ടാചാര്യ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കാര്യത്തിൽ ഒട്ടും മോശക്കാരനായിരുന്നില്ല. ബന്ധപ്പെട്ട സ്ഥലമുടമകളായ സാധാരണക്കാരുമായി സംസാരിക്കാതെയും അവരുടെ വികാരം കണക്കിലെടുക്കാതെയും സിംഗൂരിൽ ഭൂമി ഏറ്റെടുക്കലിന് സർക്കാർ ഉത്തരവിറക്കി. ആ മേഖലയിലെ ചെറുകിടകർഷകർ 'ഭൂമിരക്ഷാസമിതി'യുണ്ടാക്കി രംഗത്തിറങ്ങിയപ്പോൾ പാർട്ടിമേധാവികൾ അവരെ വിളിച്ചത് 'വികസന വിരോധികൾ' എന്നായിരുന്നു. തൃണമൂൽ കോൺഗ്രസും ഇന്ത്യൻ നാഷണൽ കോൺഗ്രസും നക്സൽ പ്രസ്ഥാനക്കാരും എസ്.യു.സി.ഐ.ക്കാരും മാത്രമല്ല, മേധാപട്കറെപ്പോലുള്ള പൗരാവകാശ പ്രവർത്തകരും മഹാശ്വേതാദേവി, അരുന്ധതി റോയ് തുടങ്ങിയ എഴുത്തുകാരും റൊമീള ഥാപ്പറെപ്പോലുള്ള അക്കാദമിക്കുകളും കുടിയൊഴിപ്പിക്കപ്പെട്ട ദരിദ്രകർഷകരോടൊപ്പമാണെന്ന് അറിഞ്ഞിട്ടും ബുദ്ധദേവിന്റെ ധാർഷ്ട്യത്തിന് ഒട്ടും കുറവുണ്ടായില്ല. 2006 ഡിസംബറിൽ സിംഗൂരിൽ സർക്കാർ സി.പി.സി. സെക്ഷൻ 144 പ്രകാരം കർഫ്യൂ പ്രഖ്യാപിച്ചു. ഭൂമി നഷ്ടപ്പെടുന്ന കർഷകർ അത് വകവെച്ചില്ല. അവർ പ്രതിഷേധവുമായി മുന്നോട്ടുപോയി. ബുദ്ധദേവിന്റെ പോലീസും പാർട്ടിയുടെ പോലീസും ചേർന്നു ആബാലവൃദ്ധം ജനങ്ങളെ വേട്ടയാടി. മാധ്യമങ്ങളുടെ വ്യാപ്തിയിലും വേഗത്തിലുംവന്ന മാറ്റം കണക്കിലെടുക്കാതിരുന്ന പാർട്ടി, ടെലിവിഷൻ ചാനലുകൾവഴി പോലീസിന്റെയും പാർട്ടിക്കാരുടെയും തേർവാഴ്ച ബംഗാളിനകത്തും പുറത്തുമുള്ള ജനങ്ങൾ തത്സമയം കാണുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. സിംഗൂരിലെ ആർത്തുകരയുന്ന കുഞ്ഞുങ്ങളുടെയും വിതുമ്പുന്ന വൃദ്ധരുടെയും ചിത്രങ്ങൾ ബുദ്ധദേവ് സർക്കാരിന്റെ ശവപ്പെട്ടിയിലെ ആദ്യത്തെ ആണിയായി മാറി. ഫാക്ടറി, ഫാക്ടറി, ഫാക്ടറി... ഗ്രാമീണബംഗാളായിരുന്നു പാർട്ടിയുടെ വോട്ടറ. സിംഗൂർ സംഭവത്തോടെ ഗ്രാമീണ വോട്ടർമാരിൽ വളരെ വലിയ വിഭാഗം പാർട്ടിയിൽനിന്നകന്നു. മധ്യ-ഉപരി വർഗങ്ങളിൽപ്പെട്ടവരും നഗരവാസികളുമായ വോട്ടർമാരായി പാർട്ടിയുടെ ആരാധകർ. പക്ഷേ, നഗരങ്ങളിലടക്കമുള്ള ബുദ്ധിജീവികളിൽ മിക്കവരും ഇടതുപക്ഷത്തിന്റെ വലതുപക്ഷകൃത്യങ്ങൾ കാരണം മാർക്സിസ്റ്റ് പാർട്ടിയിൽനിന്ന് വഴിമാറിപ്പോയിരുന്നു. ഈ സാഹചര്യം നിലനിൽക്കേയാണ് ബംഗാളിലെ രാഷ്ട്രീയയുദ്ധങ്ങളുടെ മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന നന്ദിഗ്രാം സംഭവിച്ചത്. സലിം ഗ്രൂപ്പിന്റെ പ്രത്യേക സാമ്പത്തി മേഖലയ്ക്കുവേണ്ടി നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനം 2007 ജനുവരിയിലിറങ്ങി. ദീർഘകാലമായി നിയമാനുസൃതം തങ്ങളുടെ കൈവശമുള്ള ഭൂമി തങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് സ്വകാര്യകമ്പനിക്ക് തീറെഴുതിക്കൊടുക്കുന്ന കിരാതത്വത്തിനെതിരേ അവർ പോരിനിറങ്ങി. നിയമപാലകർ പ്രതിഷേധക്കാരെ നിഷ്ഠുരം നേരിട്ടു. കണ്ണും കാതുമില്ലാതെയായിരുന്നു പോലീസ് വെടിവെപ്പ്. സമരക്കാരിൽ പലരും സംഭവസ്ഥലത്ത് മരിച്ചുവീണു. ഭൂമി ഏറ്റെടുക്കൽ ഉത്തരവുവന്ന് നാലുനാൾക്കകം സായുധരായ പാർട്ടി കേഡറുകൾ നാട്ടുകാരെ അടിച്ചോടിച്ച് നന്ദിഗ്രാമിന്റെ നിയന്ത്രണം കൈക്കലാക്കി. തുടർന്ന് മുഖ്യമന്ത്രി ബുദ്ധദേവ് വന്ന് അവിടെ പ്രസംഗിച്ചു: 'ഫാക്ടറി, ഫാക്ടറി, ഫാക്ടറി, തൊഴിൽ, തൊഴിൽ, തൊഴിൽ.' ഒരു സ്റ്റാലിനിസ്റ്റ് സ്റ്റേറ്റ് എങ്ങനെയിരിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ആ പ്രസംഗമെന്ന് ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു. വീരനായകൻ എന്ന പരിവേഷത്തിൽനിന്നു വില്ലൻ എന്ന പരിവേഷത്തിലേക്ക് നിപതിക്കാൻ കഷ്ടിച്ച് ആറുമാസമേ വേണ്ടിവന്നുള്ളൂ ബുദ്ധദേവിന്. അദ്ദേഹത്തെ തൂക്കിലേറ്റണമെന്ന ആക്രോശം ഗ്രാമീണരിൽനിന്നുയർന്നു. മാർക്സിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെയും മൂല്യങ്ങളെയും കാറ്റിൽപ്പറത്തുകയും തൊഴിലാളിവർഗത്തെ വിസ്മരിച്ചുകൊണ്ട് മുതലാളിവർഗത്തോടൊപ്പം നിൽക്കുകയുമായിരുന്നു പാർട്ടി. ഐഡിയോളജിയോടുള്ള പ്രതിബദ്ധതയ്ക്ക് പകരം അധികാരവും അർഥവും പദവിയുമായി പാർട്ടി കേഡറുകളെ പ്രചോദിപ്പിക്കുന്ന പ്രധാന ഘടകം. അവർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാൻ മിനക്കെട്ടില്ല. അത് വായിക്കേണ്ടതുണ്ടെന്ന് അവർക്ക് തോന്നിയില്ല. മാർക്സും ഏംഗൽസും ചേർന്നെഴുതിയ മാനിഫെസ്റ്റോപോലും വായിച്ചിട്ടില്ലാത്തവർ കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങളും നേതാക്കളുമായിത്തീർന്നു. 'ദാസ് കാപ്പിറ്റൽ' ഉൾപ്പെടെയുള്ള മാർക്സിയൻ കൃതികൾ മറിച്ചുനോക്കുകപോലും ചെയ്തിട്ടില്ലാത്തവരാൽ നിയന്ത്രിക്കപ്പെടുന്ന പാർട്ടിയായി അധഃപതിച്ചു മാർക്സിന്റെ പേരിൽ അറിയപ്പെടുന്ന പാർട്ടി. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ബിൽഡർ മാഫിയയും റിയൽഎസ്റ്റേറ്റ് ദാദാമാരുമടങ്ങുന്ന സഹകരണസംഘം നടത്തുന്ന ഭരണത്തിന്റെ മറുപേരായി ബംഗാളിലെ ഇടതുമുന്നണി ഭരണം. ജനസാമാന്യത്താൽ വെറുക്കപ്പെട്ട പാർട്ടിക്ക് 2021 ഏപ്രിലിൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേടാനായത് വട്ടപ്പൂജ്യം സീറ്റ്! ലഭിച്ച വോട്ടുവിഹിതം വെറും 4.8 ശതമാനം. ഏഴുകോടി സമ്മതിദായകരുള്ള ബംഗാളിൽ പാർട്ടിചിഹ്നത്തിൽ രേഖപ്പെടുത്തപ്പെട്ട വോട്ട് 28 ലക്ഷത്തിൽ താഴെമാത്രം! ചുവന്ന ബൂർഷ്വാസി പരമദയനീയമായ ഈ പതനത്തിന്റെ കാരണങ്ങൾ തേടുമ്പോൾ മിലോവൻ ജീലാസ് (1911-1995) മുന്നോട്ടുവെച്ച നവവർഗം (New Class) എന്ന പരികല്പന ഓർക്കാതിരിക്കാനാവില്ല. യൂഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ് നേതാവും ആ രാഷ്ട്രത്തിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു ജീലാസ്. 1957-ൽ പുറത്തുവന്ന അദ്ദേഹത്തിന്റെ The New Class: An Analysis of the Communists System എന്ന കൃതിയിൽ കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഭരണം നടത്തുന്ന കമ്യൂണിസ്റ്റുകാർ, തങ്ങൾ വർഗശത്രുക്കളായി അടയാളപ്പെടുത്തിയ കാപ്പിറ്റലിസ്റ്റുകളിൽനിന്നും ഭൂപ്രഭുക്കളിൽനിന്നും ഒട്ടും വ്യത്യസ്തരല്ലെന്ന് ചൂണ്ടിക്കാട്ടിയതുകാണാം; കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ വിശേഷാധികാരങ്ങൾ അനുഭവിക്കുകയും സ്വന്തം സാമ്പത്തികസാമ്രാജ്യം പണിയുകയും ചെയ്യുന്ന അവർ ഒരു കാലത്ത് തങ്ങൾ നിശിതമായി വിമർശിച്ച ചൂഷകവർഗത്തിന്റെ അതേ മനോഭാവവും ജീവിതശൈലിയും പിന്തുടർന്നവരാണ്. മിലോവൻ ജീലാസ് പറഞ്ഞ ഈ നവ വർഗത്തെ വേറെ ചിലർ വിളിച്ചത് Red Bourgeoisie (ചുവന്ന ബൂർഷ്വാസി) എന്നത്രേ. സോവിയറ്റ് യൂണിയൻ തകർന്നുതരിപ്പണമാകാനുള്ള മുഖ്യകാരണങ്ങളിലൊന്നും ഈ ചുവന്ന ബൂർഷ്വാസിയായിരുന്നു. പൂർവയൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ നിലംപൊത്തിയതും നവവർഗമായ ചുവന്ന ബൂർഷ്വാസിയുടെ അമാർക്സിസ്റ്റ് പ്രവർത്തനങ്ങൾ കൊണ്ടുതന്നെ. പശ്ചിമ ബംഗാളിലും കമ്യൂണിസ്റ്റ് ഭരണത്തിന്റെ അന്തകനായി പ്രവർത്തിച്ചത് റെഡ് ബൂർഷ്വാസിയാണ്. എവിടെ ചുവന്ന ബൂർഷ്വാസി അധിശത്വമുറപ്പിക്കുന്നോ അവിടെ കമ്യൂണിസ്റ്റ് ഭരണം തിരോഭവിക്കുന്നു എന്നതാണ് ചരിത്രപാഠം.


from mathrubhumi.latestnews.rssfeed https://ift.tt/3GARxvR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages