മുംബൈ : മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത ആറു നഗരങ്ങളിൽ പ്രമുഖ മനുഷ്യാവകാശപ്രവർത്തകരുടെ വീടുകളിൽ പുണെ പോലീസ് റെയ്ഡ് നടത്തി. തെലുഗു കവിയും മനുഷ്യാവകാശപ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവർത്തകരായ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമ പ്രവർത്തകൻ ഗൗതം നവ്ലാഖ എന്നിവരെ അറസ്റ്റ് ചെയ്തു. മാവോവാദിബന്ധം ആരോപിച്ചാണ് അറസ്റ്റ്. ഇവരെ ബുധനാഴ്ച പുണെയിൽ എത്തിക്കുമെന്ന് മഹാരാഷ്ട്ര പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായവരുൾപ്പെടെ ഒൻപത് മനുഷ്യാവകാശപ്രവർത്തകരുെട വീടുകളിലാണ് തിരച്ചിൽ നടന്നത്. ഡൽഹി, ഫരീദാബാദ്, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി ചൊവ്വാഴ്ച പുലർച്ചെമുതലായിരുന്നു റെയ്ഡ്. വരവരറാവുവിനെ ഹൈദരാബാദിൽ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദിൽ നിന്നും വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരെ മുംബൈയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ ഗൗതം നവ്ലാഖ, ഹൈദരാബാദിൽ വരവര റാവു, മകൾ അനല, ഭർത്താവും മാധ്യമ പ്രവർത്തകനുമായ കെ.വി. കൂർമനാഥ്, മുംബൈയിൽ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, സുധാ ഭരദ്വാജ്, റാഞ്ചിയിൽ സന്നദ്ധപ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി, ഗോവയിൽ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്ളെ എന്നിവരുടെ വീടുകളിലാണ് ഒരേസമയം തിരച്ചിൽ നടത്തിയത്. ആനന്ദിന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം റെയ്ഡ് നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല. ഗൗതം നവ്ലാഖയെ ബുധനാഴ്ച രാവിലെവരെ ഡൽഹിയിൽനിന്ന് കൊണ്ടുപോകരുതെന്ന് മഹാരാഷ്ട്ര പോലീസിനോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. വിഷയം ബുധനാഴ്ച രാവിലെ കോടതി പരിഗണിക്കുംവരെയാണ് നിയന്ത്രണം. പുണെയിലെ ഭീമ കൊരെഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിന്റെ 200-ാം വാർഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടർന്നു. വാർഷികാചരണത്തിന്റെ ഭാഗമായി ഡിസംബർ 31-ന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ആരോപിക്കുന്നത്. നേരത്തേ ഈ കേസിൽ മലയാളിയായ റോണാ വിൽസൺ, സുധീർ ധാവ്ലെ, സുരേന്ദ്ര ഗാഡ്ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രാജീവ് ഗാന്ധി വധത്തിന് സമാനമായരീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടവരാണെന്നാണ് പുണെ പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രം. അഞ്ചുപേർക്കുമെതിരേ യു.എ.പി.എ. ചുമത്തിയിട്ടുണ്ട്. എല്ലാവരും ഇപ്പോൾ പുണെ യെർവാദ സെൻട്രൽ ജയിലിലിലാണ്. പരക്കെ പ്രതിഷേധം മുംബൈ: മനുഷ്യാവകാശപ്രവർത്തകർക്കെതിരായ പോലീസ് നടപടിയെ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ അപലപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഭയമില്ലാതെ ഒത്തുചേരാനുള്ള അന്തരീക്ഷം ഓരോ പൗരന്റെയും അവകാശമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറസ്റ്റ് ആശങ്ക ജനിപ്പിക്കുന്നതായി എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞു. രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ നടത്തി ആഘോഷിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടത്തേണ്ടത്. പകരം അത്തരക്കാർ ആദരിക്കപ്പെടുകയാണ്. ഹിന്ദുമഹാഭൂരിപക്ഷത്തിന്റെ അടിച്ചമർത്തലുകൾക്കെതിരേ ശബ്ദിക്കുന്നവരെ കുറ്റവാളികളാക്കി പ്രതിക്കൂട്ടിലാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. വിവിധ മനുഷ്യാവകാശസംഘടനകളും പ്രതിഷേധിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2NtwNLB
via
IFTTT
No comments:
Post a Comment