തിരുവനന്തപുരം: പ്രളയകാലം പകർന്നുതന്ന പങ്കുവെക്കലിന്റെ അനുഭവപാഠങ്ങളുമായി സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച തുറക്കും. ദുരിതാശ്വാസ ക്യാമ്പുകളായിരുന്ന ഭൂരിപക്ഷം സ്കൂളുകളിൽനിന്നും ജനങ്ങൾ വീടുകളിലേക്ക് മാറിക്കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെ പറവൂർ, ആലുവ എന്നിവിടങ്ങളിലെയും ഏതാനും സ്കൂളുകൾ പിന്നീടേ തുറക്കൂ. രണ്ടുമൂന്നു ദിവസത്തിനകം ക്യാമ്പുകൾ പിരിച്ചുവിടാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൊട്ടടുത്ത ഓഡിറ്റോറിയങ്ങൾ, വലിയ കെട്ടിടങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന വലിയ വീടുകൾ എന്നിവിടങ്ങൾ താത്‌കാലികമായി സംഘടിപ്പിക്കുന്നകാര്യം പരിഗണിക്കാൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്. പ്രളയത്തിൽപ്പെട്ട വഴികളും മറ്റും പരിഗണിച്ച് വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കി. നാട്ടുകാരും അധ്യാപകരും സന്നദ്ധപ്രവർത്തനമായാണ് പരിസരം വൃത്തിയാക്കിയത്. പ്രളയബാധിത മേഖലയിലെ കുട്ടികളെ പ്രവേശനോത്സവംപോലെ സ്കൂളുകളിലേക്ക് വരവേൽക്കാനും അധികൃതർ ഒരുങ്ങി. വീട് തകർന്നും ഉറ്റവരില്ലാതെയും വളർത്തുമൃഗങ്ങൾ അടക്കം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും ആഘാതമേറ്റ മനസ്സുമായി എത്തുന്ന കുട്ടികളെ തിരിച്ച് പഠനാന്തരീക്ഷത്തിലേക്ക് നയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അധ്യാപകരെ കാത്തിരിക്കുന്നത്. മധുരം നൽകിയും ഒരുമിച്ച് പാടിയും സാന്ത്വനിപ്പിച്ചും കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനാകും ആദ്യ ദിവസങ്ങളിലെ ശ്രമം. സ്കൂൾ തുറന്ന് എത്തുമ്പോൾ തന്നെ ഓണപ്പരീക്ഷ ഉണ്ടാകില്ല. ഓണം, ക്രിസ്മസ് പരീക്ഷകൾ ചേർത്ത് മധ്യകാല പരീക്ഷയായി നടത്തിയാൽമതിയെന്നും ആലോചനയുണ്ട്. ഇത് വ്യാഴാഴ്ച ചേരുന്ന ഗുണമേന്മാ പരിശോധനാ സമിതി തീരുമാനിക്കും. നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/2MCTnFa
via
IFTTT
No comments:
Post a Comment