കൊച്ചി : മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വീണ്ടും പരിഗണനയ്ക്ക് വരുമ്പോൾ പ്രധാന സാക്ഷി പ്രളയം തന്നെയാകും. പ്രളയം കുറെ പുതിയ അറിവുകൾ തന്നു. മേൽനോട്ടസമിതിയുടെ അംഗീകാരത്തോടെ അവ എങ്ങനെ ഉപയോഗിക്കാനാവുമെന്നതാണ് ഇനി കേരളത്തിന്റെ മുന്നിലുള്ള ചോദ്യം. ജലനിരപ്പുയർന്ന് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിനുപിന്നാലെ മുല്ലപ്പെരിയാർകൂടി തുറക്കേണ്ടിവന്നതാണ് കാര്യങ്ങൾ ഇത്രയ്ക്ക് വഷളായതെന്നത് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കത്തിൽ പുതിയ വഴിതുറക്കും. സുപ്രീംകോടതി അനുവദിച്ച ജലനിരപ്പായ 142 അടിയിൽ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും മഴക്കാലത്ത് 142 അടി ജലനിരപ്പ് ഒട്ടും സുരക്ഷിതമല്ലെന്ന് പ്രളയം തെളിയിച്ചു. ഇത്രയും നിർണായക സ്വഭാവമുള്ള അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ പ്രവർത്തിപ്പിക്കാൻ ഇതുവരെ പെരുമാറ്റച്ചട്ടമില്ല. അത്യാവശ്യഘട്ടത്തിലും അല്ലാത്തപ്പോഴുമൊക്കെ സ്പിൽവേ ഷട്ടർ പ്രവർത്തിപ്പിക്കാൻ കൃത്യമായ പെരുമാറ്റച്ചട്ടം വേണം. ഷട്ടർ അപകടത്തിനിടയാക്കാതെ എപ്പോൾ തുറക്കണം, എങ്ങനെ തുറക്കണം എന്നൊക്കെ ചട്ടത്തിൽ വ്യക്തമാക്കണം. 2014 മുതൽ മേൽനോട്ട സമിതിയോട് കേരളം ഇക്കാര്യം ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാറിലെ വെള്ളം 142 അടിയെത്തിയിട്ട് തുറന്നുവിട്ടാൽ ആറടിയോളം വെള്ളം നിറഞ്ഞു നിൽക്കും. നേരത്തേ ജലനിരപ്പ് 136 അടിയിൽ നിജപ്പെടുത്തിയിരുന്ന സമയത്ത് സ്പിൽവേ ഷട്ടറുകളെല്ലാം തുറന്നിരിക്കുമ്പോൾ, 136 അടി കഴിഞ്ഞുള്ള വെള്ളം സാവധാനം താഴോട്ടുവരുകയാണ് ചെയ്തിരുന്നത്. പകരം ഇപ്പോൾ 142 അടിയിലെത്തിയപ്പോൾ ഒരു മുന്നറിയിപ്പും നൽകാനാവാതെ സ്പിൽവേയിലെ 13 ഷട്ടറും ഒരുമിച്ച് ഉയർത്തി വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണ്. ജലനിരപ്പ് 142 അടിയെത്തുമ്പോൾ സ്പിൽവേ തുറന്നേ മതിയാകൂ. അതിനുമുകളിലായാൽ സുപ്രീംകോടതി വിധിയുടെ ലംഘനമാകും. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വലിയ മഴ ഉണ്ടാവില്ല എന്നായിരുന്നു തമിഴ്നാടിന്റെ പ്രതീക്ഷ. 2015-ൽ തുലാവർഷ സമയത്ത് ജലനിരപ്പ് 136-ൽനിന്ന് 142 അടിയായി ഉയർത്താൻ രണ്ടാഴ്ചയിലധികമെടുത്തു. അന്നവർക്ക് നിയന്ത്രണവിധേയമായി വെള്ളം കൊണ്ടുപോകാൻ സാധിച്ചു. എന്നാൽ, ആ അവസ്ഥയായിരുന്നില്ല ഇത്തവണത്തേത്. ഇടുക്കി വലിയ സംഭരണിയാണ്. അതിന്റെ ഏഴിലൊന്നു വെള്ളംമാത്രമേ മുല്ലപ്പെരിയാറിൽ സംഭരിക്കാനാവൂ. രണ്ട് അണക്കെട്ടിലേക്കുമുള്ള നീരൊഴുക്ക് ഏതാണ്ട് തുല്യമാണ്. വരുന്ന നീരൊഴുക്കിനെ ഉൾക്കൊള്ളാനുള്ള സ്ഥലം ഇടുക്കിയെപ്പോലെ മുല്ലപ്പെരിയാറിനില്ല. പെട്ടെന്ന് വെള്ളം തുറന്നുവിടേണ്ടിവരും. അതിന്റെ അപകടമാണ് ഇപ്രാവശ്യം കേരളം കണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2BSClO4
via
IFTTT
No comments:
Post a Comment