ന്യൂഡൽഹി: ചണ്ഡീഗഢിലെ ആദ്യ വനിതാ ടാക്സി ഡ്രൈവർ നവദീപ് കൗറിനെ കാർ തട്ടിയെടുത്ത കേസിൽ ജലന്ധർ പോലീസ് അറസ്റ്റ് ചെയ്തു. മൊഹാലിയിൽ നിന്ന് തോക്ക് ചൂണ്ടി കാർ തട്ടിയെടുത്ത സംഭവത്തിലാണ് നവദീപ് കൗറിനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢ് കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകലും, കാർ മോഷണവും പതിവാക്കിയിരുന്ന ക്രിമിനൽസംഘത്തിന്റെ നേതാവാണ് നവദീപ് കൗറെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കള്ളക്കടത്തിലും ഇവർ സജീവമായിരുന്നു. ചണ്ഡീഗഢിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറെന്ന് അറിയപ്പെടുന്ന നവദീപ് കൗറിന്റെ ഭർത്താവ് ഗുർവീന്ദർ സിങ് ബാങ്ക് കവർച്ചാക്കേസിൽ ജയിലിൽ കഴിയുകയാണ്. ആറ് ബാങ്കുകൾ കൊള്ളയടിച്ച കേസിൽ ക്രിമിനൽസംഘത്തലവനായിരുന്ന ഗുർവീന്ദർ സിങ് പിടിയിലായതോടെയാണ് നവദീപ് കൗർ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞത്. മൊഹാലിയിലെ സണ്ണി എൻക്ലേവിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാരുതി ബ്രസ കാർ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് വനിതാ ടാക്സി ഡ്രൈവറുടെ ക്രിമിനൽസംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കവർച്ചയ്ക്ക് ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തിയതോടെ പോലീസ് സംഘം നവദീപ് കൗറിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഈ കാറിൽ നിന്ന് മയക്കുമരുന്നും, തോക്കുകളും കണ്ടെടുത്തതായി ജലന്ധർ പോലീസ് കമ്മീഷണർ പ്രവീൺ സിൻഹ പറഞ്ഞു. നവദീപിന്റെ മൊബൈൽ ഫോണിൽ നിന്ന് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും, സുപ്രധാനവിവരങ്ങളും ലഭിച്ചെന്നും പോലീസ് അറിയിച്ചു. മോഗ സ്വദേശി അനിൽകുമാർ സോനു, ജലന്ധർ സ്വദേശി ഗുർപ്രീത് സിങ് എന്നിവരാണ് നവദീപ് കൗറിനൊപ്പം പിടിയിലായ മറ്റു രണ്ടുപേർ.
from mathrubhumi.latestnews.rssfeed https://ift.tt/2PcuAVc
via
IFTTT
No comments:
Post a Comment