പ്രളയാനന്തരം അടിത്തട്ടില്‍ പുകയുന്നത് രോഷം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

പ്രളയാനന്തരം അടിത്തട്ടില്‍ പുകയുന്നത് രോഷം

ഇതായിരിക്കണം മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രിയെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ടെലിഗ്രാഫ് പത്രം എഴുതിയത്. സി.എം. എന്നാൽ ക്രൈസിസ് മാനേജർ എന്ന അർത്ഥം കൂടിയുണ്ടെന്നും പ്രളയം തീർത്ത പ്രതിസന്ധി പിണറായി കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടിക്കൊണ്ട് ടെലിഗ്രാഫ് എഴുതി. കഴിഞ്ഞ ദിവസം ഹിന്ദുവിൽ കോളമിസ്റ്റ് ശിവ് വിശ്വനാഥനും പിണറായിക്ക് മേൽ പ്രശംസ കോരിച്ചൊരിഞ്ഞു. സി.പി.എം. നേതാവായല്ല ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാണ് പിണറായി പ്രളയക്കെടുതിയിൽ പ്രവർത്തിക്കുന്നതെന്നാണ് ശിവ് എഴുതിയത്. പല നേതാക്കളും അവസരം കളഞ്ഞുകുളിച്ചപ്പോൾ പിണറായി അവസരത്തിനൊത്തുയർന്നു എന്നതിൽ സംശയമില്ല. പക്ഷേ, ഈ പ്രളയം കേരളത്തിനേൽപിച്ച കെടുതികൾ ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ തീരുന്നതല്ല. ഒരേസമയം സൂക്ഷ്മവും വ്യാപകവുമായി കൈകാര്യം ചെയ്യേണ്ട പ്രതിസന്ധിയാണിത്. ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാണിക്കാം. പ്രളയ ബാധിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പ്രാഥമികമായി വേണ്ടത് ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലും ഇനിയും സർക്കാർ ശേഖരിച്ചിട്ടില്ല. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കല്ല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്യാമ്പുകളിലേക്കാണ് മാറിയതെന്നതും കാണാതിരിക്കരുത്. ഈ വിവരങ്ങൾ ശേഖരിക്കാൻ വാർഡ് തലത്തിൽ പ്രവർത്തനം വേണ്ടി വരും. സർക്കാർ സംവിധാനം മാത്രം ഉപയോഗിച്ചാൽ പതിനായിരം രൂപ അക്കൗണ്ടിലെത്തുമ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരിക്കും. ഇവിടെയാണ് സന്നദ്ധ സേവന സംഘടനകളുടെയും മറ്റും സഹായം അനിവാര്യമാവുന്നത്. പ്രാദേശിക തലങ്ങളിൽ സന്നദ്ധ നേസവന സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള സുശക്തമായ ഒരു സംവിധാനം നിലവിൽ വരുന്നില്ലെങ്കിൽ കാര്യങ്ങൾ സർക്കാരിന്റെ കൈവിട്ടു പോവും. പ്രളയക്കെടുതികൾ നേരിടുന്നതിൽ പൗരസമൂഹം വഹിച്ച പങ്ക് നിസ്തുലമാണ്. സർക്കാർ ഉദ്യോഗസ്ഥരല്ല ചെറുതും വലുതുമായ പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ സേവന സംഘടനകളുമാണ് അടിത്തട്ടിലെത്തി ജീവിതം തിരിച്ചുപിടിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രളയദിനങ്ങളിൽ ജനങ്ങൾ പ്രാണഭയത്തിലായിരുന്നു. തിരിച്ചുകിട്ടിയ ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതിസന്ധിയിണ് പ്രളയാനന്തര കാലത്ത് ജനങ്ങൾ നേരിടുന്നത്. രണ്ടാഴ്ചയോളമായി പണിക്കു പോവാൻ പറ്റാത്തവരാണ് ഇവരിലേറെയും. ദിവസക്കൂലിക്കു പണിയെടുക്കുന്നവരുടെ കഷ്ടനഷ്ടങ്ങൾ പറഞ്ഞറിയിക്കാനാവില്ല. പ്രളയത്തിന്റെ ഉത്തരവാദി പ്രളയം വസ്തുക്കൾക്കേൽപിച്ച ക്ഷതം വിലയിരുത്താനാവും. പക്ഷേ, അതേൽപിച്ച മാനസിക ക്ലേശം ആർക്കും അളന്നെടുക്കാനാവില്ല. രാത്രി പൊടുന്നനെ തങ്ങളെ വിഴുങ്ങിയ പ്രളയത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നത് ജനങ്ങളുടെ അവകാശമാണ്. ഒരു മുന്നറിയിപ്പുമുണ്ടായില്ല. സ്ഥലത്തെ പോലീസോ, മറ്റേതെങ്കിലും സർക്കാർ സംവിധാനമോ ഞങ്ങളോട് മാറണമെന്ന് ആവശ്യപ്പെട്ടില്ല. മലവെള്ളം കുതിച്ചെത്തിയപ്പോൾ കൈയ്യിൽ കിട്ടിയതും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ചെങ്ങന്നൂരിലും ചേന്ദമംഗലത്തും ചാലക്കുടിയിലുമൊക്കെ ഒരുപോലെ ഉയർന്നുകേട്ട രോദനമാണിത്. രാത്രിക്കു രാത്രി ഇടുക്കിയിൽനിന്ന് എത്രമാത്രം വെള്ളമാണ് തുറന്നു വിട്ടതെന്ന് ജനങ്ങൾക്കറിയില്ല. സുനാമി പോലെ വെള്ളം കുതിച്ചെത്തിയപ്പോൾ ജനങ്ങൾ തീർത്തും നിസ്സഹായരായിരുന്നു. കാലാവസ്ഥ നിരീക്ഷണവകുപ്പും സരക്കാരിന്റെ മറ്റ് വകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടമായിരുന്നു. ചെന്നൈ പ്രളയം പോലെ ഈ പ്രളയവും സർക്കാർ നിർമ്മിതമാണെന്ന ആരോപണം തള്ളിക്കളയാനാവില്ല. വസ്തുനിഷ്ഠമായ അന്വേഷണത്തിലൂടെ പ്രളയത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണം. ഭാവിയിൽ ഇങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവില്ലെന്ന് ഉറപ്പു വരുത്താൻ ഇത് അത്യാവശ്യമാണ്. പുനരധിവാസം പുനരധിവാസം പിള്ളേരുകളിയല്ല. പ്രളയത്തെ തുടർന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ വികാരം അണപൊട്ടിയൊഴുകി. ഒരു പക്ഷേ, ഇടുക്കിയിൽനിന്ന് പുറത്തേക്കൊഴുകിയ വെള്ളത്തിനെ മറികടക്കുന്ന രീതിയിലാണ് മലയാളികൾ പ്രതികരിച്ചത്. മലയാളികൾക്ക് നിർണ്ണായക സ്വാധീനമുള്ള മദ്ധ്യ ഏഷ്യൻ രാജ്യങ്ങളിൽനിന്നു വന്ന സഹായങ്ങൾ ഇതിന് തെളിവാണ്. വൈകാരികത പക്ഷേ, ഒരു ദീർഘകാല പദ്ധതിയല്ല. ഇനിയങ്ങോട്ട് വേണ്ടത് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ്. ഫണ്ടുകൾ കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. പക്ഷേ, കേരളം നേരിട്ടിട്ടുള്ള ആഘാതം കണക്കിലെടുക്കുമ്പോൾ പ്രളയ ബാധിത കുടുംബങ്ങൾക്ക് ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെയെങ്കിലും നേരിട്ടുള്ള സാമ്പത്തിക സഹായം വേണ്ടി വരും. പതിനായിരം രൂപ തന്നെ ഇനിയും കൊടുത്തു തുടങ്ങാനായിട്ടില്ല എന്നോർക്കുമ്പോഴാണ് വരാനിരിക്കുന്ന ദിനങ്ങളുടെ കടുപ്പം മനസ്സിലാവുക. സുനാമിയാണ് ലോക സമൂഹം ഇതിനുമുമ്പ് ഏറ്റവും നന്നായി കൈകാര്യം ചെയ്ത ഒരു ദുരന്തം. അന്ന് പക്ഷേ, ആഗോളതലത്തിലുള്ള എൻ.ജി.ഒകളാണ് പുനരധിവാസത്തിന് ചുക്കാൻ പിടിച്ചത്. ദശലക്ഷക്കണക്കിന് ഡോളറാണ് അന്ന് എൻ.ജി.ഒകൾ സുനാമി ബാധിത പ്രദേശങ്ങളിലേക്ക് കൊണ്ടുവന്നത്. ഇൻഡോനേഷ്യയിലും തായ്ലൻഡിലും ശ്രീലങ്കയിലും ഇന്ത്യയിലും ഒന്നൊന്നായി ഗ്രാമങ്ങൾ ദത്തെടുത്തുകൊണ്ടാണ് ഈ സന്നദ്ധ സേവന സംഘടനകൾ പുനരധിവാസ പ്രവർത്തനം നടത്തിയത്. വേഗവും കാര്യക്ഷമതയുമായിരുന്നു ഈ പ്രവർത്തനങ്ങളുടെ മുഖമുദ്ര. സർക്കാർ സംവിധാനങ്ങൾ കൊണ്ടു മാത്രം നിറവേറ്റാനാവുന്ന സംഗതിയല്ല ഇത്. ജില്ലാതലങ്ങളിലും സംസ്ഥാന തലങ്ങളിലും എൻ.ജി.ഒകളുടെ ഏകോപനസമിതികൾക്ക് രൂപം നൽകിയാണ് സുനാമിയെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരിട്ടത്. സർക്കാരിന്റെ നിരീക്ഷണത്തിൽ എൻ.ജി.ഒകളാണ് സുനാമി ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ നയം കാരണം ആഗോള തലത്തിലുള്ള എൻ.ജി.ഒകളുടെ പ്രവർത്തനം ഇന്ത്യയിൽ കമ്മിയാണ്. സുനാമിയിൽ ഏറ്റവുമധികം ഫണ്ടുകൾ നൽകിയത് അമേരിക്കയും യൂറോപ്പും ജപ്പാനുമാണ്. ഈ മേഖലകളിൽനിന്ന് ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ വിവിധ ഗ്ലോബൽ ഫൗണ്ടേഷനുകൾ വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. വിദേശ സഹായത്തിന്റെ കാര്യത്തിൽ കേരള സർക്കാർ ഏതാണ്ട് പൂർണ്ണമായും കേന്ദ്രത്തിന്റെ കാരുണ്യത്തിലാണ്. കേന്ദ്ര സർക്കാർ അവസരത്തിനൊത്തുയരുന്നില്ലെങ്കിൽ കേരളത്തിന് കാര്യങ്ങൾ എളുപ്പമാവില്ല. ഈ യാഥാർത്ഥ്യം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചറിയുന്നുണ്ട്. വളരെ പക്വതയാർന്ന സമീപനമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതും. ആത്യന്തികമായി ഏതു ദുരന്തവും ദുരന്തത്തിന്റെ ഇരകൾ തന്നെയാണ് അനുഭവിക്കുന്നത്. പ്രളയ ബാധിതരുടെ ഇടയിൽ രോഷം പുകയുന്നുണ്ട്. സാമ്പത്തിക സഹായം എത്രയും പെട്ടെന്നെത്തുന്നില്ലെങ്കിൽ സർക്കാരും സി.പി.എമ്മും വരും ദിവസങ്ങളിൽ വിവരമറിയും. ചെന്നൈ പ്രളയത്തെ ജയലളിത സർക്കാർ നേരിട്ടത് ഇതര ജില്ലകളിൽനിന്നും സർക്കാർ ജിവനക്കാരെ ചെന്നൈയിലേക്കെത്തിച്ചുകൊണ്ടാണ്. തമിഴ്നാട്ടിലെ മറ്റ് കോർപറേഷനുകളിൽ നിന്നുള്ള ജീവനക്കാർ കൂട്ടത്തോടെയെത്തിയൊണ് പ്രളയം തീർത്ത മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്തത്. കേരളമിപ്പോൾ വലിയൊരു മാലിന്യക്കൂനയുടെ മുന്നിലാണ്. മാലിന്യ നിർമ്മാർജ്ജനം കനത്ത വെല്ലുവിളിയാണ് സർക്കാരിന് മുന്നിൽ ഉയർത്തുന്നത്. വ്യക്തമായ ആസൂത്രണത്തോടെ ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കേണ്ട സമയമാണിത്. വീഴ്ച എന്ന വാക്ക് പിണറായി സർക്കാരിന് നിഘണ്ടുവിൽനിന്ന് എടുത്തുകളയേണ്ടി വരും. പ്രളയത്തിലെ ഒത്തൊരുമ പ്രളയാനന്തര കാലത്തുണ്ടാവണമെന്ന് നിർബ്ബന്ധം പിടിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് പിണറായി വിജയൻ സർക്കാരിന്റെ ഓരോ നീക്കവും ജനങ്ങളുടെ കർശന നിരീക്ഷണത്തിലായിരിക്കും. അടിത്തട്ടിൽ പുകയുന്ന ജനരോഷം തീയായി ആളിപ്പടരാതിരിക്കാൻ സർക്കാർ ശരിക്കും അദ്ധ്വാനിക്കേണ്ടിവരിക തന്നെ ചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/2wnSDcD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages