പാരീസ്: ഫ്രാൻസിൽ പ്രസിഡന്റ് എമ്മാനുവൽ മക്രോണിനെപ്പോലും ഞെട്ടിച്ചുകൊണ്ട് പരിസ്ഥിതിമന്ത്രി നിക്കൊളാസ് ഹുലോതിന്റെ ‘ഓൺ എയർ’ രാജി. പരിസ്ഥിതിവിഷയങ്ങൾക്ക് മക്രോൺസർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാരോപിച്ചാണ് ഒരു റേഡിയോ ചാനലിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ ഹുലോത് രാജിപ്രഖ്യാപിച്ചത്. ‘കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നേരിടുന്ന മറ്റുഭീഷണികൾ എന്നിവയെ നേരിടുന്നതിൽ തുടർച്ചയായ പരാജയമാണ് ഫ്രാൻസ് സർക്കാരിന് നേരിടേണ്ടിവന്നത്. സർക്കാരിൽ ഞാൻ തികച്ചും ഏകനായതുപോലെ തോന്നുന്നു. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കാൻ പോകുകയാണ്. ഈ സർക്കാരിൽനിന്ന് ഞാൻ രാജിവയ്ക്കുന്നു’ -ഫ്രാൻസ് ഇന്റർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹുലോത് പറഞ്ഞു. ‘‘രാജിതീരുമാനം പെട്ടെന്നെടുത്തതാണ്. മക്രോണുമായും പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല’’ -ഹുലോത് പറഞ്ഞു. ഫ്രാൻസിലെ പ്രമുഖ പരിസ്ഥിതിവാദിയും ടെലിവിഷൻ അവതാരകനുമായിരുന്ന ഹുലോതിൻറെ നാടകീയമായ രാജിപ്രഖ്യാപനം മക്രോൺസർക്കാരിന്റെ പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. നായാട്ടിനായുള്ള നിയമങ്ങൾ ലഘൂകരിക്കുമെന്ന് മക്രോൺസർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഹുലോതിന്റെ രാജി. നായാട്ടുലോബിയുടെ സമ്മർദത്തിനുവഴങ്ങിയാണ് സർക്കാർ നയങ്ങൾ ലഘൂകരിക്കുന്നതെന്നാണ് പരിസ്ഥിതിവാദികൾ ആരോപിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2ofMz1A
via
IFTTT
No comments:
Post a Comment