കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിൽ പി.ജി. പ്രവേശനത്തിനുള്ള പരിഷ്കാരം വിവാദമാകുന്നു. ബിരുദ കോഴ്‌സ് ജയിച്ചിട്ടില്ലെങ്കിലും പ്രവേശനംനേടാം. ആദ്യസെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോഴേക്ക് ജയിച്ചാൽമതിയെന്നാണ് പരിഷ്കാരം. പുതിയ വിജ്ഞാപനപ്രകാരം പ്രവേശനം നേടിയവർ പുറത്തായാൽ ആ ഒഴിവിലേക്ക് മറ്റു വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കില്ല. ഇത് യോഗ്യരായ മറ്റുവിദ്യാർഥികളുടെ അവസരം നഷ്ടമാക്കുമെന്നാണ് വിമർശം. ഈവർഷംമുതലാണ് കണ്ണൂർ സർവകലാശാലയിലെ പഠനവകുപ്പുകളിലെ പ്രവേശനത്തിന് ഈ വ്യവസ്ഥ നിലവിൽവന്നത്. എൽ.എൽ.ബി. പരീക്ഷ തോറ്റിട്ടും എസ്.എഫ്.ഐ. നേതാക്കളായ രണ്ടുവിദ്യാർഥികൾ തലശ്ശേരി കാമ്പസിലെ നിയമപഠനവകുപ്പിൽ എൽ.എൽ.എം. പഠനം തുടർന്നതോടെയാണ് പരിഷ്കാരം വിവാദമായത്. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ വിളിച്ചുചേർത്ത സർവകലാശാലാ പഠനവകുപ്പുകളിലെ വകുപ്പുതലവന്മാരുടെ യോഗത്തിൽ വാക്കാൽ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിന് പുതിയ വ്യവസ്ഥകൾ നടപ്പാക്കിയത്. രേഖാമൂലം ഉത്തരവിറക്കിയിട്ടില്ല. അവസാനവർഷ ബിരുദ പരീക്ഷയെഴുതിയവർക്ക് പ്രവേശനപരീക്ഷയെഴുതാമെന്നാണ് സർവകലാശാലയുടെ വിജ്ഞാപനത്തിലുണ്ടായിരുന്നത്. ആദ്യ സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതിയെന്നായിരുന്നു നിർദേശം. ആ സമയത്തിനകം ജയിച്ചില്ലെങ്കിൽ പ്രവേശനം റദ്ദാകുമെന്നാണ് വ്യവസ്ഥ. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലും മറ്റും ഇത്തരത്തിൽ പി.ജി. പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് പ്രോ വൈസ് ചാൻസലർ ഡോ. പി.ടി.രവീന്ദ്രൻ പറഞ്ഞു. ജയിക്കുമെന്ന് ഉറപ്പുള്ള വിദ്യാർഥികൾമാത്രമെ ഇത്തരത്തിൽ പ്രവേശനംനേടൂ. അവർക്ക് നിശ്ചിതസമയത്ത് യോഗ്യതാസർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ലെങ്കിൽ ആ ഒഴിവിലേക്ക് പുതിയ പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തോറ്റവർ സ്ഥാനാർഥികളുമായിബിരുദപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും പി.ജി.ക്ക് പ്രവേശനംനേടാമെന്ന ഇളവ് ഉപയോഗിച്ചാണ് രണ്ട് എസ്.എഫ്.ഐ. നേതാക്കൾ എൽ.എൽ.എം. കോഴ്സിന് പ്രവേശനംനേടിയത്. ജൂലായ് ആദ്യവാരമായിരുന്നു എൽ.എൽ.എം. ഒന്നാംസെമസ്റ്റർ ക്ലാസ് തുടങ്ങിയത്. അതിനുശേഷമാണ് എൽ.എൽ.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. അതിൽ ഇരുവരും തോറ്റു. എന്നിട്ടും ഇവർ പി.ജി. കോഴ്‌സിൽ പഠനം തുടരുകയാണ്. 31-ന് നടക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുന്നുമുണ്ട്. പുതിയ വ്യവസ്ഥയനുസരിച്ച് പ്രവേശനം നേടിയവർ ബിരുദപരീക്ഷയിൽ പരാജയപ്പെട്ട് കോഴ്‌സിൽനിന്ന് പുറത്തായാൽ അടച്ച ഫീസ് തുക മടക്കി നൽകില്ലെന്നും വ്യവസ്ഥയുണ്ട്. ഇവരിൽ ഒരു വിദ്യാർഥി ഇന്റേണൽ മാർക്ക് ഇംപ്രൂവ്മെന്റിന് അപേക്ഷിച്ചിട്ടുണ്ട്. സർവകലാശാലയുടെ വെബ്സൈറ്റിലുള്ള എൽ.എൽ.എം. കോഴ്സ് റെഗുലേഷനിൽ പുതിയ പരിഷ്കാരങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. സർവകലാശാലയുടെ ഈ നടപടിക്കെതിരേ ഇടതുവിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ്. ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LB8wRK
via
IFTTT
No comments:
Post a Comment