കോഴിക്കോട്: ഹൈടെക് ഓൺലൈൻ തട്ടിപ്പിലൂടെ നിരവധിപേരുടെ പണം തട്ടിയെടുത്ത കാമറൂൺ സ്വദേശികളെ കേരള പോലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടി. അന്താരാഷ്ട്ര കുറ്റവാളികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയൻ കെങ് (27) എന്നിവരെയാണ് ഹൈദരാബാദിൽ നിന്ന് പോലീസ് പിടികൂടിയത്. തട്ടിപ്പിന്റെ രീതിയെക്കുറിച്ച് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിൽ നൽകിയ വിവരം ഇങ്ങനെ: വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്സൈറ്റുകൾ തയ്യാറാക്കി പലതരം ഉത്പന്നങ്ങൾ വില്പനക്കെന്ന പേരിൽ പരസ്യം ചെയ്യുകയും ആരെങ്കിലും ഉത്പന്നങ്ങൾക്കായി സെർച്ച് ചെയ്താൽ ഉല്പന്നത്തിന്റെ വ്യാജ ലൈസൻസുകളും രേഖകളും കാണിച്ച് ബോധ്യപ്പെടുത്തിയശേഷംഇമെയിൽ, വിർച്വൽ നമ്പറുകൾ ഉപയോഗിച്ച് അവരെ ബന്ധപ്പെട്ട് വിലയുടെ നിശ്ചിത ശതമാനം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റും. ഉത്പന്നം കൊറിയർ ചെയ്തതായും അതിന്റെ നമ്പർ വ്യാജവെബ്സൈറ്റുകളിലൂടെ നൽകി ആളുകളുടെ വിശ്വാസം നേടും. തുടർന്ന് കൊറിയർ കമ്പനിയിൽ നിന്നെന്ന മട്ടിൽ നിങ്ങൾക്കുള്ള കൊറിയർ പാക്കിംഗ് മോശമാണെന്നും അതിന് ഇൻഷുറൻസായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് വീണ്ടും മെസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ മഞ്ചേരി സ്വദേശി നൽകിയ പരാതിയിൽ മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഒന്നാം പ്രതി ഹൈദരാബാദിൽ നിന്നും രണ്ടാം പ്രതി കാമറൂണിൽ നിന്നുമാണ് തട്ടിപ്പുകൾ നടത്തിവന്നിരുന്നത്, ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, മധ്യപ്രദേശ്, തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും, ജർമ്മനി, റഷ്യ, കാനഡ, വിയറ്റ്നാം തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കേരള പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശപ്രകാരം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ, സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ. ജലീൽ കറുത്തേടത്ത് എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, എസ്.ഐ.ടി. അംഗങ്ങളായ കെ.പി. അബ്ദുൽ അസീസ്, എ. ശശികുമാർ എന്നിവരാണ് ഹൈദരാബാദിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ 30 കോടിയിലധികം രൂപ തട്ടിയെടുത്ത കാമറൂൺ സ്വദേശിയായ ചോയി തോംസ(45)യെന്യൂഡൽഹിയിൽ വച്ച് കേരള പോലീസ് പിടികൂടിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2ws4p5c
via
IFTTT
No comments:
Post a Comment