ആലപ്പുഴ: ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ കുറ്റം തെളിഞ്ഞാലും ഇനി ജയിലിലേക്ക് വിടില്ല. പകരം നല്ലനടപ്പിന് വിടും. ചെറുപ്പക്കാർ കുറ്റവാളികളായി മാറാതിരിക്കാൻ 2016-ൽ സുപ്രീംകോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് ഉടൻ നടപ്പാക്കാൻ എല്ലാ ജില്ലാകോടതികൾക്കും ഹൈക്കോടതി നിർദേശം നൽകി. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചാണ് നല്ലനടപ്പിനുള്ള കാലാവധി തീരുമാനിക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിന് സംവിധാനം വേണമെന്നാണ് ഉത്തരവിലുള്ളത്. 1958-ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് (നല്ലനടപ്പ് നിയമം) പൂർണമായി നടപ്പാക്കും. ഈ നിയമം നടപ്പാക്കാനുള്ള സംസ്ഥാനതല ഉപദേശക സമിതി യോഗം ഓഗസ്റ്റ് എട്ടിന് ചേർന്നിരുന്നു. ഈ സമിതിയുടെ തീരുമാനത്തിന്റെകൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പരിഗണിക്കുന്ന കാര്യങ്ങൾ * കേസിന്റെ സാഹചര്യം * കുറ്റകൃത്യത്തിന്റെ സ്വഭാവം * കുറ്റവാളിയുടെ പ്രായം, പ്രകൃതം * കുടുംബപശ്ചാത്തലം നടപ്പാക്കുന്നത് ഇങ്ങനെ * പോലീസ് നൽകുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്നിലെത്തുമ്പോഴാണ് നടപടി തുടങ്ങുന്നത്. * കോടതി പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങൾ ശേഖരിക്കും. * ആദ്യമായി കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം വേഗത്തിൽ വിലയിരുത്തും. * കുറ്റം ചെയ്തിട്ടുണ്ടെന്നും ആദ്യ കുറ്റമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും. നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നല്ലനടപ്പിന് വിടുന്നെന്ന് അറിയിക്കുന്ന കോടതി, മേലിൽ ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകരുതെന്നും നിർദേശിക്കുന്നു. * തുടർന്ന് ജില്ലാ പ്രൊബേഷണറി ഓഫീസർ നൽകുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ വിട്ടയയ്ക്കും. * വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കും. വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റുചെയ്ത് അതേ കോടതിയിൽ ഹാജരാക്കി ജയിലിലടയ്ക്കും. * വ്യവസ്ഥകൾ ലംഘിക്കാത്ത ആൾ പൂർണമായും സ്വതന്ത്രമാകും. വിചാരണത്തടവുകാർക്കും ബാധകം ആറുമാസത്തിലധികമായി ജയിലുകളിൽ വിചാരണ കാത്തുകിടക്കുന്ന തടവുകാരുടെ കാര്യങ്ങൾ പരിശോധിക്കാൻ എല്ലാ ജില്ലകളിലും ഇപ്പോൾത്തന്നെ പുനഃപരിശോധനാ സമിതിയുണ്ട്. സെഷൻസ് ജഡ്ജിയാണ് അധ്യക്ഷൻ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, പോലീസ് കമ്മിഷണർ, ജില്ലാ പ്രൊബേഷണറി ഓഫീസർ, ജയിൽ സൂപ്രണ്ടുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവർ സമിതിയിലുണ്ടാകും. വിചാരണത്തടവുകാരുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനോ ജാമ്യം നൽകാനോ നിർദേശിക്കാൻ സമിതിക്ക് അധികാരമുണ്ടാകും. എന്താണ് നല്ലനടപ്പ് കുറ്റവാളിയെ സ്വന്തം കുടുംബചുറ്റുപാടിലും സാമൂഹിക സാഹചര്യത്തിലും ജീവിക്കാൻ അവസരം നൽകൽ. ഇത് കുറ്റംചെയ്തയാളിൽ മനഃപരിവർത്തനത്തിനിടയാക്കും. ഇതുവഴി സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു പൗരനാക്കി മാറ്റാനുതകുന്ന സാമൂഹികചികിത്സാ സമ്പ്രദായമാണ് നല്ലനടപ്പ് അഥവാ പ്രൊബേഷൻ. സമൂഹത്തിന് ഗുണമാകും നല്ലനടപ്പ് നിയമം ജാഗ്രതയോടെ നടപ്പാക്കുന്നത് സമൂഹത്തിന് ഗുണമാകും. ഈ വിഷയം കാര്യമായി പരിഗണിക്കേണ്ടതുതന്നെയാണ്. കേസുകളുടെ ഗൗരവംനോക്കിയാണ് നല്ലനടപ്പ് അനുവദിക്കുക. അതുകൊണ്ടുതന്നെ ചില കേസുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. -ജസ്റ്റിസ് കെ.ടി. തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി Content Highlights: Criminal Cases, Code of Cunduct,No punishment for first crime
from mathrubhumi.latestnews.rssfeed https://ift.tt/2FKjtmD
via
IFTTT
No comments:
Post a Comment