ആലപ്പുഴ: പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ, എൻ.എസ്.എസ്. ഇടഞ്ഞാലും എസ്.എൻ.ഡി.പി. യോഗം ഒപ്പമുണ്ടെന്ന വിശ്വാസത്തിലാണ് ഇടതുസർക്കാർ. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാലു മന്ത്രിമാർ കണിച്ചുകുളങ്ങളരയിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ചത് ഇതിന്റെ ഭാഗമെന്നാണ് വിലയിരുത്തൽ. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയെ ഒരു ഇടതു മുഖ്യമന്ത്രി വീട്ടിലെത്തി ആദ്യമായി കണ്ടുവെന്നതിൽത്തന്നെ സന്ദർശനത്തിന്റെ ഗൗരവം വ്യക്തം. സി.പി.എം. മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും കടകംപള്ളി സുരേന്ദ്രനെയും കൂടാതെ സി.പി.ഐ. മന്ത്രി പി. തിലോത്തമനും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യ്ക്കൊപ്പംനിന്ന എസ്.എൻ.ഡി.പി. യോഗത്തെ പിന്തിരിപ്പിക്കാൻ എൽ.ഡി.എഫ്. അന്നു കിണഞ്ഞുപരിശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല. ഇക്കുറി എസ്.എൻ.ഡി.പി. യോഗം എൻ.ഡി.എ.യ്ക്കൊപ്പം ഉണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പുതിയ സാഹചര്യം പ്രയോജനപ്പെടും. കണിച്ചുകുളങ്ങര വീട്ടിൽ മുഖ്യമന്ത്രി എത്തിയപ്പോൾ, എൻ.ഡി.എ.യ്ക്കൊപ്പമുള്ള ബി.ഡി.ജെ.എസ്. അധ്യക്ഷനും എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയുടെ അസാന്നിധ്യവും ശ്രദ്ധേയമായി. വെള്ളാപ്പള്ളി നടേശൻ 54 വർഷമായി പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ വിനോദസഞ്ചാരവകുപ്പ് നിർമിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുന്നതിനാണ് മുഖ്യമന്ത്രിയെത്തിയത്. പദ്ധതിക്ക് 3.3 കോടി അനുവദിച്ചതിനുപിന്നാലെ രണ്ടാംഘട്ടത്തിൽ രണ്ടുകോടികൂടി നൽകുമെന്ന പ്രഖ്യാപനം ശബരിമല വിഷയത്തിൽ ഒപ്പംനിന്ന വെള്ളാപ്പള്ളിയെ അതേനിലയിൽ സർക്കാരും കരുതുന്നുവെന്നതിന്റെ സൂചനകൂടിയാണ്. തിങ്കളാഴ്ച ഇതേസമയം പെരുന്നയിൽനടന്ന മന്നംസമാധിദിനാചരണത്തിൽ എൽ.ഡി.എഫ്. നേതാക്കളാരും സംബന്ധിച്ചില്ലെന്നതും കൂട്ടിവായിക്കാം. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരള രക്ഷായാത്രയുടെ ഭാഗമായി ചങ്ങനാശ്ശേരിയിലുണ്ടായിരുന്നു. കഴിഞ്ഞതവണ ഒപ്പംനിന്ന് പ്രചാരണം നടത്തിയ വെള്ളാപ്പള്ളിയെ പിണറായി റാഞ്ചിയെടുത്തതുകണ്ട് അന്തംവിട്ടുനിൽക്കുകയാണ് ബി.ജെ.പി. നേതാക്കൾ. ഒപ്പമുണ്ടെന്ന് ബി.ഡി.ജെ.എസ്. നേതാക്കൾ പറയുമ്പോഴും ആ പാർട്ടിയുടെ ആത്മാവായ എസ്.എൻ.ഡി.പി. യോഗത്തിന്റെ മനംമാറ്റം എൻ.ഡി.എ.നേതാക്കളെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. Content Highlights:sndp yogam-ldf government
from mathrubhumi.latestnews.rssfeed https://ift.tt/2U5IvPC
via
IFTTT
No comments:
Post a Comment