ന്യൂഡൽഹി: പാർപ്പിടനിർമാണമേഖലയിൽ നികുതിയിളവ് അനുവദിക്കാൻ ജി.എസ്.ടി. കൗൺസിൽ യോഗം തീരുമാനിച്ചു. ചെലവുകുറഞ്ഞ വീടുകൾക്കുള്ള ജി.എസ്.ടി. നിരക്ക് എട്ടുശതമാനത്തിൽനിന്ന് ഒരു ശതമാനമായി കുറച്ചു. നിർമാണത്തിലുള്ള വീടുകൾക്കും ഫ്ലാറ്റുകൾക്കുമുള്ള നികുതി 12 ശതമാനമുള്ളത് അഞ്ചു ശതമാനമായും കുറച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവേകുന്നതാണ് ഈ തീരുമാനം. പുതിയ നികുതിനിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും. ലോട്ടറിനികുതി ഏകീകരണം യോഗം ചർച്ചയ്ക്കെടുത്തെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് തീരുമാനമെടുത്തില്ല. വിഷയത്തിൽ ഒരു മണിക്കൂറോളംനീണ്ട വാദപ്രതിവാദം നടന്നു. ലോട്ടറിമാഫിയയെ സഹായിക്കുന്നതാണ് നീക്കമെന്ന് കേരള ധനമന്ത്രി തോമസ് ഐസക് വാദിച്ചു. ബംഗാളും പഞ്ചാബും ശക്തമായി കേരളത്തിനൊപ്പം നിലയുറപ്പിച്ചു. പ്രതിപക്ഷസംസ്ഥാനങ്ങൾ കേരളത്തിന്റെ വാദത്തെ അനുകൂലിച്ചു. വോട്ടെടുപ്പ് വേണമെന്ന് കേരളം ആവശ്യപ്പെട്ടതോടെ കേന്ദ്രം സമ്മർദത്തിലായി. ലോട്ടറി നികുതിക്കാര്യം വീണ്ടും ഉപസമിതിക്ക് വിടാൻ തീരുമാനമായി. ചെലവുകുറഞ്ഞ വീടുകൾക്കുള്ള നികുതി കുത്തനെ കുറച്ചത് സാധാരണക്കാർക്ക് ഗുണകരമാവും. 45 ലക്ഷം രൂപയ്ക്കുള്ളിലും മെട്രോ നഗരങ്ങളിൽ 60 ചതുരശ്രമീറ്ററും മറ്റുനഗരങ്ങളിൽ 90 ചതുരശ്രമീറ്റർ വിസ്തൃതി ഉള്ളവയുമാണ് ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കുന്നത്. നിർമാണമേഖലയ്ക്ക് പ്രോത്സാഹനമാവുന്ന തീരുമാനമാണ് ജി.എസ്.ടി. കൗൺസിൽ കൈക്കൊണ്ടിട്ടുള്ളതെന്ന് യോഗശേഷം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ സിമന്റ്, സ്റ്റീൽ തുടങ്ങിയ നിർമാണസാമഗ്രികൾക്ക് നൽകിയ നികുതി കുറച്ചിട്ട് ബാക്കി നൽകിയാൽ മതിയെന്ന ഐ.ടി.സി. (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്) വ്യവസ്ഥ ഇനി ഉണ്ടാവില്ല. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടം ഉണ്ടാകാതിരിക്കാൻ നികുതിചോർച്ച തടയേണ്ടതുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിമന്റ്, സ്റ്റീൽ എന്നിവ വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി സംസ്ഥാനസർക്കാരിന് കിട്ടണം. യഥാർഥ ജി.എസ്.ടി. സംവിധാനത്തിൽ നികുതിയിളവ് കിട്ടുന്നതിന് ബിൽ നിർബന്ധമായിരുന്നു. ഐ.ടി.സി. ഇല്ലാത്തതിനാൽ ബിൽ ഒഴിവാക്കാനുള്ള പ്രവണത വർധിക്കും. അത് മറികടക്കാൻ 80 ശതമാനം നിർമാണവസ്തുക്കളും രജിസ്ട്രേഡ് വ്യാപാരികളിൽനിന്ന് വാങ്ങണമെന്നും 20 ശതമാനം റിവേഴ്സ് ടാക്സ് അടിസ്ഥാനത്തിൽ പിരിച്ചിരിക്കണമെന്നും യോഗം തീരുമാനിച്ചു. ഉപസമിതി മൂന്നുശതമാനം നികുതിയാണ് സാധാരണക്കാർക്ക് നിർദേശിച്ചത്. എന്നാൽ, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിർദേശം എതിർത്തു. തുടർന്നാണ് ഒരു ശതമാനമാക്കി കുറച്ചത്. ഒരു ശതമാനത്തിലും താഴെയുള്ള നിരക്ക് എന്നതായിരുന്നു സംസ്ഥാനം നിർദേശിച്ചത്. ഒന്നരക്കോടിക്ക് മുകളിലുള്ള വീടുകൾക്ക് ഏഴുശതമാനം എന്ന നിർദേശവും മുന്നോട്ടുവെച്ചു. സംസ്ഥാനങ്ങളുടെ ഫലപ്രദമായ ഇടപെടലാണ് നികുതി കുറയ്ക്കാൻ കാരണമായതെന്ന് ഐസക് പറഞ്ഞു. ഐ.ടി.സി. ഒഴിവാക്കുന്നതോടെ നിർമാണവസ്തുക്കൾ ബിൽ കൊടുത്ത് വാങ്ങുമോ എന്നതനുസരിച്ചാണ് വരുമാനനഷ്ടം സംഭവിക്കുകയെന്ന് തോമസ് ഐസക് പറഞ്ഞു. 45 ലക്ഷംവരെയുള്ള വീടുകൾ ചെലവുകുറഞ്ഞ വീടുകളുടെ നിർവചനത്തിൽ വരുന്നത് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. Content Highlights:GST, Real Estate
from mathrubhumi.latestnews.rssfeed https://ift.tt/2SUJ16F
via
IFTTT
No comments:
Post a Comment