ന്യൂഡൽഹി:എക്സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർഥ്യമായാൽ ബംഗാളും ഒഡിഷയും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളും ബി.ജെ.പി.യുടെ വിജയത്തിന് കരുത്തേകും. ബംഗാളിൽ ഇടതുപക്ഷത്തിനു കാര്യമായ വിജയം എക്സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല. ഇടതുപക്ഷത്തിന് ഒറ്റ സീറ്റും ലഭിക്കില്ലെന്നാണ് മൂന്ന് പോളുകളിലെ പ്രവചനം. ഇതു സംഭവിച്ചാൽ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ബംഗാളിൽ ഒരു സീറ്റും ഇടതിന് ലഭിക്കാത്ത സ്ഥിതിവിശേഷമാകും. തൃണമൂൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിലുള്ള ബലാബലത്തിലേക്ക് ബംഗാൾ രാഷ്ട്രീയം നീങ്ങുന്നതോടെ, ഇടതുപക്ഷത്തിന്റെ സമ്പൂർണ തകർച്ചയാവും സംഭവിക്കുകയെന്നാണ് വിലയിരുത്തൽ. നിലവിൽ ബംഗാളിലെ 42 സീറ്റുകളിൽ ബി.ജെ.പി.ക്ക് രണ്ടു സീറ്റേയുള്ളൂ. ഇത്തവണ മത്സരം തൃണമൂലും ബി.ജെ.പി.യും തമ്മിലുള്ളതാണെന്ന പ്രതീതി തുടക്കം മുതലുണ്ടാക്കാൻ ഇരുപാർട്ടികളും ശ്രമിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രിയും തമ്മിലുള്ള വാദപ്രതിവാദങ്ങളും ഇതിന് ആക്കംകൂട്ടി. അവസാന മൂന്നുഘട്ടത്തിൽ കളം പൂർണമായും അങ്ങനെയായി. ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോളിൽ ബി.ജെ.പി. 19-23 സീറ്റ് നേടുമെന്നാണ് പ്രവചനം. ടൈംസ് നൗ-വി.എം.ആർ,. റിപ്പബ്ലിക് ടി.വി.-സീ വോട്ടർ എന്നിവയുടേതിൽ 11 സീറ്റുകളും പ്രവചിച്ചു. എ.ബി.പി.-നീൽസൺ 16 സീറ്റും പ്രവചിച്ചു. തൃണമൂൽ കോൺഗ്രസിന് 29 സീറ്റുകളേ സീ വോട്ടർ-റിപ്പബ്ലിക് ടി.വി. പ്രവചിക്കുന്നുള്ളൂ. ഇന്ത്യ ടുഡേ-ആക്സിസ് പോളിൽ 19-22 സീറ്റും ടൈംസ് നൗ-വി.എം.ആർ. 28 സീറ്റും എ.ബി.പി.-നീൽസൺ 24 സീറ്റും തൃണമൂലിന് പ്രവചിക്കുന്നു. ഇടതുപക്ഷത്തിന് സീറ്റൊന്നും ലഭിക്കില്ലെന്ന് ഭൂരിപക്ഷവും പ്രവചിക്കുമ്പോൾ കോൺഗ്രസ് പരമാവധി രണ്ടുസീറ്റേ നേടൂവെന്നും അഭിപ്രായപ്പെടുന്നു. നിലവിലെ രണ്ടിൽ നിന്ന് കൂടുതൽ സീറ്റുകളിലേക്ക് ബി.ജെ.പി. ഉയരുമെന്ന് ഉറപ്പിച്ചുപറയുകയാണ് എക്സിറ്റ് പോളുകളെല്ലാം. തൃണമൂലിനെതിരേയുള്ള വികാരത്തിൽ അവസാനഘട്ടമായപ്പോഴേക്കും ഇടതുവോട്ടുകൾ വ്യാപകമായി ബി.ജെ.പി.ക്കു ചോർന്നതായും വാർത്തകളുണ്ടായിരുന്നു. തൃണമൂലിനെ തോൽപ്പിക്കാൻ ബി.ജെ.പി.ക്കു വോട്ടുചെയ്യുന്നത് അബദ്ധമാണെന്ന് ഒരുഘട്ടത്തിൽ ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കു പറയേണ്ടിയും വന്നു. ഒഡിഷയിലെ 21 സീറ്റുകളിൽ ഇരുപതും 2014-ൽ ബി.ജെ.ഡി. നേടിയിരുന്നു. ബി.ജെ.പി. ഒരു സീറ്റും നേടി. ഇത്തവണ ബി.ജെ.പി. 15-19 സീറ്റു നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് പോളിലെ പ്രവചനം. ന്യൂസ് 24-ടുഡേസ് ചാണക്യ 11-17 സീറ്റും പ്രവചിച്ചു. അതേസമയം, എ.ബി.പി-നീൽസണും ടൈംസ് നൗ-വി.എം.ആറും ബി.ജെ.ഡി. 12 സീറ്റിലേക്കു ചുരുങ്ങുമെന്ന് പ്രവചിച്ചു. കോൺഗ്രസിന് ഒന്നിൽക്കൂടുതൽ സീറ്റുകൾ ആരും പ്രവചിച്ചിട്ടില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അസമിൽ ഏഴു മുതൽ 14 വരെ സീറ്റുകൾ എൻ.ഡി.എ. നേടുമെന്നാണ് പ്രവചനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം കൂടി 25 സീറ്റുകൾ എൻ.ഡി.എ. കൈയടക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഉത്തർപ്രദേശിലെ 80-ൽ 73 സീറ്റും നേടിയുള്ള 2014-ലെ വിജയം ബി.ജെ.പി.ക്ക് ഇത്തവണ ആവർത്തിക്കാനാവില്ല. എസ്.പി.-ബി.എസ്.പി.-ആർ.എൽ.ഡി. മഹാസഖ്യമാണ് ഇതിനുകാരണം. സഖ്യത്തിന് 20 മുതൽ 45 വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. എന്തായാലും യു.പി.യിൽ സീറ്റു കുറയുന്നതോടെ, ഈ വിടവ് ഒഡിഷയിലും ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി നികത്താൻ ജാഗ്രത പുലർത്തിയിരുന്നതായി ബി.ജെ.പി.വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നടത്തിയ 142 റാലികളിൽ 58 എണ്ണവും യു.പി., ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിലായിരുന്നു. ബി.ജെ.പി.യുടെ തന്ത്രം ഫലം കണ്ടുവെന്നാണ് എക്സിറ്റ് പോൾ പ്രവചനം നൽകുന്ന സൂചന. Content Highlights:exit poll survey-bjp-odisha-west bengal
from mathrubhumi.latestnews.rssfeed http://bit.ly/2LUaMci
via
IFTTT
No comments:
Post a Comment