വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയുടെ ചുഴികളിലേക്ക് സഞ്ചരിക്കുകയാണ് തമിഴ്നാട്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടന്നിട്ടുണ്ട് തമിഴ്നാട്ടിൽ. അണ്ണാ ഡിഎംകെയും പളനിസ്വാമിയും കാത്തിരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെയല്ല. ആ ഫലത്തിൽ അണ്ണാ ഡിഎംകെയ്ക്ക് പ്രതീക്ഷയുമില്ല. പരമാവധി പത്തിടത്തേ എൻഡിഎ സഖ്യം വിജയിക്കാനുള്ള സാധ്യതയുള്ളു. എന്നാൽ ഭരണകക്ഷിക്ക് അത്ര ലാഘവത്തോടെ തള്ളാൻ കഴിയുന്ന ഫലമല്ല 22 മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റേത്. 234 അംഗ നിയമസഭയാണ് തമിഴ്നാട്ടിലേത്. 118 പേർ വേണം കേവല ഭൂരിപക്ഷത്തിന്. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചുവന്ന 114 പേരാണ് ഇപ്പോൾ സഭയിലുള്ളത്. ഇതിൽ മൂന്ന് പേർ ദിനകരപക്ഷത്താണ്. തമീമുൻ അൻസാരി ഉൾപ്പെടെ മൂന്ന് പേർ മറ്റ് പാർട്ടിക്കാരാണ്. മുൻപ് ജയലളിതയുമായി ധാരണയുണ്ടാക്കി രണ്ടില ചിഹ്നത്തിൽ മത്സരിക്കുകയായിരുന്നു. ഇവരെ പൂർണ വിശ്വാസത്തിലെടുക്കാൻ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഈ കണക്കുകൾ പരിശോധിച്ചാൽ 108 ആണ് സഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ഉറപ്പിക്കാവുന്ന അംഗ സംഖ്യ. അതായത് 22 മണ്ഡലങ്ങളിലെ ഫലം വരുമ്പോൾ 10 ഇടത്തെങ്കിലും ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ കടുത്ത പ്രതിസന്ധിയിലാകും എന്ന് ചുരുക്കം. ഈ സാഹചര്യം മുതലെടുക്കാൻ രണ്ട് പേരാണ് തക്കം പാർത്തിരിക്കുന്നത്. ഒന്ന് ഡിഎംകെ, മറ്റേത് ടിടിവി ദിനകരൻ. ഡിഎംകെയ്ക്ക് സർക്കാരിനെ മറിച്ചിട്ട് നിലവിലെ കണക്കുകൾ അനുകൂലമാക്കി സർക്കാരുണ്ടാക്കാൻ താൽപര്യമില്ല. പുതുതായി തിരഞ്ഞെടുപ്പ് നടത്തി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറലാണ് സ്റ്റാലിന്റെ സ്വപ്നം. പക്ഷേ ദിനകരന്റെ താൽപര്യം മറിച്ചാണ്. സർക്കാർ അതി കഠിനമായ പ്രതിസന്ധികളിലൂടെ കടന്നു പോയി സഹായത്തിനായി തന്നെ വിളിക്കുന്ന സാഹചര്യമുണ്ടാകാനാണ് ദിനകരൻ കാത്തിരിക്കുന്നത്. പക്ഷേ അതിന് പകരമായി ദിനകരൻ പളനിസ്വാമിയോട് മുഖ്യമന്ത്രിപദവും പനീർസെൽവത്തോട് പാർട്ടി നേതൃസ്ഥാനവും ആവശ്യപ്പെടും. അണ്ണാ ഡിഎംകെയിൽ വീണ്ടും മാന്നാർഗുഡി ഭരണം നിലവിൽവരുമെന്ന് ചുരുക്കം. പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ദിനകരനോടും ശശികലയോടും സന്ധിചെയ്യില്ല എന്നാണ് പളനിസ്വാമിയും പനീർ സെൽവവും തീരുമാനിക്കുന്നതെങ്കിൽ അധികം വൈകാതെ തമിഴ്നാട് വീണ്ടും പോളിങ് ബൂത്തിലേക്ക് പോകും. അല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് കീഴിലേക്ക്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് പുറത്തു വരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഈ പ്രതിസന്ധിയിലേക്ക് തന്നെ തമിഴ്നാട് സഞ്ചരിക്കും എന്ന സൂചനയാണ് നൽകുന്നത്. വിവിധ ഏജൻസികൾ നടത്തിയ പഠനപ്രകാരം 13 മുതൽ 18 വരെ സീറ്റുകളിൽ ഡിഎംകെയ്ക്ക് വിജയസാധ്യതയുണ്ട്. മൂന്ന് മുതൽ ഏഴ് വരെ സീറ്റ് അണ്ണാ ഡിഎംകെയ്ക്ക് ലഭിച്ചേക്കും. ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകം മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സർവ്വേകൾ പറയുന്നു. 21 സീറ്റുകൾ വിജയിച്ചാൽ മാത്രമേ ഡിഎംകെയ്ക്ക് ഭരിക്കാൻ പറ്റൂ. അതിനുള്ള സാധ്യത കുറവാണ്. പക്ഷേ പതിമൂന്ന് സീറ്റിലധികം ഡിഎംകെ നേടിയാൽ ഉറപ്പായും സർക്കാരിനെ നിലനിർത്താൻ അണ്ണാ ഡിഎംകെ കഷ്ടപ്പെടും. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ അതും തിരിച്ചടിയാവും. ജയലളിത മരിച്ച ദിവസം മുതൽ അണ്ണാ ഡിഎംകെ നേരിടുന്ന അധികാര വടംവലിയും തർക്കങ്ങളും പ്രതിസന്ധിയും വരുംദിനങ്ങളിൽ അതിന്റെ അവസാന ഘട്ടത്തിലെത്തും എന്ന് അനുമാനിക്കേണ്ടിവരും. ഈ പ്രതിസന്ധിയും മറികടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞാൻ അണ്ണാ ഡിഎംകെയുടെ തേരാളിയായി എടപ്പാടി പളനിസാമിയെ അണികൾ ആഘോഷിക്കും. മറിച്ചെങ്കിൽ പുതിയ നേതൃത്വത്തിന്റെ കീഴിലാവും എംജിആറിന്റേയും ജയലളിതയുടെയും പാർട്ടി. Content Highlights:political dilemma in tamilnadu, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2ErmHIt
via
IFTTT
No comments:
Post a Comment