ഇ.എം.എസ്‌. കൺമുന്നിൽ ഒരു മാർക്സിസ്റ്റ് ഗാന്ധി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

ഇ.എം.എസ്‌. കൺമുന്നിൽ ഒരു മാർക്സിസ്റ്റ് ഗാന്ധി

എല്ലാ ജീവിതത്തിലും/ ഒരു പ്രകാശമുണ്ട്, ഇല്ലേ? ചിലപ്പോൾ നേരത്തേവരും,/ ചിലപ്പോൾ വൈകിയും വന്നാൽപ്പിന്നെ മരണം വരെ അത് എരിഞ്ഞുകൊണ്ടിരിക്കും, ഇല്ലേ? കെ. അയ്യപ്പപ്പണിക്കർ (കടൽ-അയ്യപ്പപ്പണിക്കരുടെ കവിതകൾ, 2000-2006) എന്റെ തലമുറയിൽപ്പെട്ട പലരെയുംപോലെ ഇ.എം.എസിനെ ആദ്യം കാണുന്നത് വീട്ടുചുമരിലാണ്. തൃശ്ശൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പത്രാധിപരായ 'നവജീവൻ' എന്ന പാർട്ടി പത്രത്തിന്റെ ഒരു കലണ്ടർ, നേതാക്കളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളോടുകൂടിയതായിരുന്നു. ചുമരിൽ കാറ്റിലാടിയ കലണ്ടർപ്പേജുകളിലൊന്നിൽ ഇ.എം.എസ്. ചിരിച്ചിരിപ്പുണ്ടായിരുന്നു. പിന്നെ എ.കെ.ജി., സുന്ദരയ്യ, രണദിവെ, പി.സി. ജോഷി... പറഞ്ഞുകേട്ടത്, ഉറക്കെ വിളിച്ചുപറഞ്ഞു കേട്ടത്, പാർട്ടി ജാഥകളിൽ... 'ഇ.എം.എസ്., എ.കെ.ജി., സുന്ദരയ്യ സിന്ദാബാദ്' -അതായിരുന്നു ആ കാലത്ത് പാർട്ടി ജാഥകളിലെ പൊതുമുദ്രാവാക്യം. അവശരും ആലംബഹീനരുമായ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ തൊണ്ടകീറി വിളിച്ചിരുന്നു, ജാഥകളിൽ ആ പ്രിയമുദ്രാവാക്യം. മറ്റു കുട്ടികളെപ്പോലെയല്ല, ഞങ്ങളെ പല സന്ധ്യകളിലും അമ്മ കൂട്ടിക്കൊണ്ടുപോയിരുന്നത് അമ്പലങ്ങളിലേക്കല്ല; വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട ഭാവഭേദമില്ലാതെ കടന്ന്, കുട്ടികളുടെ കൈപിടിച്ചുവലിച്ചുകൊണ്ട് തിരക്കിട്ടുനടന്ന്, പാർട്ടി പൊതുയോഗങ്ങളിലേക്കായിരുന്നു അമ്മയുടെ പോക്ക്. തൃശ്ശൂർ തേക്കിൻകാടു മൈതാനത്തുള്ള വിദ്യാർഥി കോർണറിൽ വമ്പിച്ച ജനാവലിയെ ആവേശംകൊള്ളിച്ചു പ്രസംഗിക്കുന്ന നേതാക്കളെ കാണാനും കേൾക്കാനും. ഇ.എം.എസിനെ ജീവനോടെ ആദ്യം കാണുന്നതും കേൾക്കുന്നതും അവിടെവെച്ചങ്ങനെ. അന്നുതുടങ്ങി അമ്പരപ്പുകൾ. വാ തുറന്നാൽ വല്ലാതെ വിക്കുന്ന, (ഒരു പത്രസമ്മേളനത്തിൽ അന്നത്തെ പ്രസിദ്ധനായ ബി.ബി.സി. ലേഖകൻ ഇ.എം.എസിനോടു ചോദിച്ചു 'എപ്പോഴും ഈ വിക്കലുണ്ടോ?' 'ഇല്ല, സംസാരിക്കുമ്പോൾ മാത്രേള്ളൂ' എന്നു മറുപടി) നേരെ ചൊവ്വേ സംസാരിക്കാൻ പറ്റാത്ത ആ കറുത്തുകുറിയ മനുഷ്യൻ വിക്കലിനെ അസാമാന്യമായി മറികടന്ന്, ഉജ്ജ്വലപ്രസംഗങ്ങളിലൂടെ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആവേശംകൊള്ളിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് പറഞ്ഞറിയിക്കാനാവാത്ത അത്രയ്ക്ക് ഉജ്ജ്വലം. ഇ.എം.എസിനെ അടുത്തുകാണുന്നത് പിന്നെത്രയോ വർഷം കഴിഞ്ഞ്, അതും ഡൽഹിയിൽവെച്ച്. എഴുപതുകളുടെ ആദ്യം. സിനിമ, നാടകം, കഥകളി, ചിത്രകല, സംഗീതം തുടങ്ങി കണ്ടതിലൊക്കെ ഭ്രമിച്ചുനടന്ന ക്ഷുഭിതയൗവനകാലം. കമ്യൂണിസ്റ്റ് അഭിനിവേശം നക്സലിസംവരെ എത്തിയിരുന്നു. അതിലുൾപ്പെട്ടിരുന്ന പഴയ സഖാക്കൾതന്നെ പിന്നീട് 'വേദിക്' കാലം എന്ന് അപഹസിച്ച സാംസ്കാരികവേദിക്കാലം. തൃശ്ശൂർക്കാർ വിടാതെ വായിക്കുകയും, ഉറച്ച ഇടതുപക്ഷമാകയാൽ 'തൃശ്ശൂർ ദേശാഭിമാനി' എന്നു പരിഹസിക്കുകയും ചെയ്തിരുന്ന 'എക്സ്പ്രസ്' പത്രത്തിൽ സബ് എഡിറ്റർ മാത്രം ഞാൻ. സിനിമാക്കമ്പം മൂത്ത്, ഡൽഹിയിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനു പോകും. അന്നു ഡൽഹിയിൽ മാത്രമായിരുന്നു വർഷത്തിലൊരിക്കൽ ഫെസ്റ്റിവൽ. വണ്ടിക്കൂലി ഒക്കും എന്നതിനാൽ പത്രറിപ്പോർട്ടറുടെ വേഷത്തിലാണ് യാത്ര. താമസം സഹപാഠിയും സുഹൃത്തുമായ മോഹൻദാസിന്റെ വീട്ടിൽ. ഡൽഹിയിൽ അന്ന് ആ കൊച്ചു പത്രത്തിനു ടെലിപ്രിൻററൊന്നുമില്ല. ഇതൊരു അനുഗ്രഹമായിരുന്നു. എന്നും അന്നുകണ്ട നല്ല സിനിമകളെക്കുറിച്ച് എഴുതി തപാലിൽ അയച്ചാൽ മതി. പത്രത്തിൽ എന്നെങ്കിലും എവിടെയെങ്കിലും വരും. സാവധാനം ഉണ്ട്. സമാധാനവും. ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങുംമുമ്പ് ഞാനും ദാസുംകൂടി ഒരലച്ചിൽ പതിവാണ്. അതിലൊരു സ്ഥിരം സന്ദർശനകേന്ദ്രമാണ് അശോകാ റോഡിൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റു പാർട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസിനോടുചേർന്ന പുസ്തകശാല. മറ്റു പലേടത്തും കിട്ടാത്ത പുതിയ പുസ്തകങ്ങളും ആർട്സ് ആൻഡ് ഐഡിയാസ് തുടങ്ങിയ മാഗസിനുകളും അവിടെ കിട്ടും. മാഗസിനുകൾക്ക് അവിടെ വരിസംഖ്യ അടയ്ക്കാം. തപാലിൽ വന്നോളും. ഇന്നത്തെ ഓൺലൈൻ ഇടപാടൊന്നുമില്ല അന്ന്. അങ്ങനെയൊരിക്കൽ പോയപ്പോൾ അന്ന് ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്നിനെ കണ്ടു. ''താൻ ഇഎമ്മിനെ കാണുന്നില്ലേ'' എന്നായി കണ്ടയുടനെ അപ്പുക്കുട്ടൻ. നക്സൽ പരിസരത്തുനിൽക്കുന്ന എനിക്കന്ന് മാർക്സിസ്റ്റ് പാർട്ടിയോടോ നേതാക്കളോടോ മതിപ്പില്ല, അശേഷം. നല്ലൊരു സുഹൃത്തായ അപ്പുക്കുട്ടനെ മുഷിപ്പിക്കേണ്ട എന്നുകരുതി കണ്ടുകളയാം എന്നുവെച്ചു. പാർട്ടി ഓഫീസിലെ വെളിച്ചംകുറഞ്ഞൊരു മുറിയിൽ എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ് ഇ.എം.എസ്. ചുറ്റും പുസ്തക അലമാരകൾ. മുറിക്കയ്യൻ ബനിയനും ലുങ്കിയുമാണ് വേഷം. പുസ്തകം വായിച്ചുകൊണ്ടുമാത്രമേ പിന്നീട് ഇ.എം.എസിനെ നേരിട്ടടുത്തുകണ്ടിട്ടുള്ളൂ. 1995-ൽ ഡൽഹിയിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെമിനാറിൽ മുഖ്യപ്രഭാഷകനായിരുന്ന ഇ.എം.എസ്. തന്റെ പുസ്തകവായനയെപ്പറ്റി പറയുന്നുണ്ട്. ''ധാരാളം പുസ്തകങ്ങളെന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒമ്പതു വയസ്സിനുമുമ്പാണ് മഹാഭാരതവും ഋഗ്വേദവും ഹൃദിസ്ഥമാക്കിയത്. ഋഗ്വേദം കാണാതെ പഠിക്കാൻ ചെലവിട്ട ആറുവർഷവും പാഴായിപ്പോയി എന്നാണെനിക്ക് പിന്നീട് തോന്നിയിട്ടുള്ളത്. നിർബന്ധത്തിന്നു വഴങ്ങി ആചാരമായി ഒന്നും മനസ്സിലാക്കാതെ പഠിച്ചു, അത്രന്നെ. ഋഗ്വേദത്തെക്കാൾ അതുകൊണ്ടെന്നെ സ്വാധീനിച്ചത് മഹാഭാരതമാണ്. മഹാഭാരതം മലയാള പരിഭാഷ അടക്കം പിന്നീട് കൂടുതൽ വായിക്കാൻ തുടങ്ങിയത് സ്കൂളിൽ ചേർന്നശേഷമാണ്, പതിനാറാം വയസ്സിൽ. അപ്പോഴേ മലയാളം എഴുതാൻ പഠിച്ചുള്ളൂ. സ്കൂൾ കാലത്തുതന്നെ പത്രവായനയും തുടങ്ങി. ദിവസവും ഹിന്ദുവും മാതൃഭൂമിയും വിടാതെ വായിക്കും. ഈ വായനയാണ് എന്നെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. എല്ലാ ദിവസവും ഒന്നോ രണ്ടോ പുസ്തകം വായിക്കുക എന്നത് കോളേജ് ജീവിതത്തിൽ സാധാരണമായിരുന്നു. കത്തോലിക്കാ സഭയുടെ കീഴിലുള്ള കോളേജിലെ (തൃശ്ശൂർ സെയ്ൻറ് തോമസ് കോളേജ്) ലൈബ്രറിയിൽനിന്നാണ് സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ എനിക്ക് വായിക്കാൻ കിട്ടിയതെന്നകാര്യം ഇപ്പോൾ ഓർക്കുമ്പോൾ രസംതോന്നുന്നു'' (1995 നവംബർ 25-നു നടത്തിയ ഇംഗ്ലീഷ് പ്രഭാഷണത്തിൽ). (പുസ്തകങ്ങൾക്കു നടുവിൽ ഒറ്റയ്ക്ക് ഏതാണ്ടെല്ലായ്പ്പോഴും വായിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേരെമാത്രമേ ജീവിതത്തിൽ കണ്ടിട്ടുള്ളൂ -ഇ.എം.എസും പി. ഗോവിന്ദപ്പിള്ളയും. 'പുസ്തകലമ്പടന്മാർ' എന്നവരെ, മദ്യപിച്ചു ചിരിച്ചിരുന്നു അല്പബുദ്ധികളായ ഞങ്ങളന്നൊക്കെ, കഷ്ടം...) പറഞ്ഞത് തുടരട്ടെ: അപ്പുക്കുട്ടൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ 'അറിയാം' 'ഫിലിം ഫെസ്റ്റിവലിനു വന്നതാണ്' 'അതു പത്രം വായിച്ചറിഞ്ഞു' അദ്ഭുതം. ഇന്ത്യയിലും പുറത്തുമിറങ്ങുന്ന ഏതാണ്ടെല്ലാ ഇംഗ്ലീഷ് പത്രങ്ങളും മലയാളത്തിലെ പ്രമുഖ പത്രങ്ങളും ദിവസേന വിടാതെ വായിക്കുന്ന ഇ.എം.എസ്. എന്റെ പ്രാദേശികമെന്നു പറയാവുന്ന പത്രവും എന്നും ശ്രദ്ധിച്ചു വായിക്കുന്നു; എന്റെ പേരുവെച്ചുവന്ന റിപ്പോർട്ടുകൾ കണ്ടിരിക്കുന്നു...! അസാധ്യം. വീട്ടുകാര്യങ്ങളിലേക്കു കടന്നു, അദ്ദേഹം പിന്നെ. എന്റെ ഒരേയൊരു അനിയത്തി വിവാഹമോചിതയായി വീട്ടിൽ മടങ്ങിയെത്തിയ കാലം. ഇരുണ്ടകാലം. അച്ഛൻ (എം.പി. ഭട്ടതിരിപ്പാട് എന്ന പ്രേംജി) ഒരു വിധവയിൽ തുടങ്ങി മറ്റൊരു വിധവയിലെത്തിനിൽക്കുന്ന ഹതാശകാലം. ആ മനോവ്യഥ എവിടെയോ എങ്ങനെയോ കേട്ടറിഞ്ഞ ഇ.എം.എസ്. ഉത്കണ്ഠാകുലനായിരുന്നു. 'എം.പി... എംപി..., പണ്ടേ വളരെ സെൻസിറ്റീവാണ്' വിക്കി വിക്കി വിഷമിച്ച് ഇ.എം.എസ്. പറഞ്ഞു. നമിച്ചുപോയി. അന്ന് പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാണ്. നിരന്തരം യാത്ര, പൊതുയോഗം, പ്രസംഗം, പാർട്ടി കമ്മിറ്റികൾ. ഇന്ന് ഡൽഹിയിലാണെങ്കിൽ നാളെ കൊൽക്കത്തയിൽ. അടുത്തദിവസം ഹൈദരാബാദിലോ കേരളത്തിലോ. അതിനിടയിലും സഖാവ് സുഹൃത്തുക്കളുടെ ജീവിതാവസ്ഥകളറിയുന്നു; ഉത്കണ്ഠകൊള്ളുന്നു. എന്തൊരു അറിവലിവ്! തലകുനിച്ചാണ് അന്ന് പാർട്ടി ഓഫീസിൽനിന്ന് ഈ നക്സലനുഭാവി ഇറങ്ങിപ്പോന്നത്. വർഷങ്ങളെത്രയോ പിന്നിട്ടു പിന്നേയും. പത്രമാധ്യമംവിട്ട് ഈയുള്ളവൻ ദൃശ്യമാധ്യമത്തിലെത്തി. തൊണ്ണൂറ്റിമൂന്നിൽ ഏഷ്യാനെറ്റ് ചാനലിൽ സമകാലിക പരിപാടികളുടെ പ്രൊഡ്യൂസറായി. ഏഷ്യാനെറ്റിന്റെ തിരുവനന്തപുരം പുളിയറക്കോണത്തെ പഴയ സ്റ്റുഡിയോയിൽ ഒന്നാംനിലയിൽ ചായകുടിയിടത്തോടു ചേർന്ന് തുറസ്സായ വരാന്തയുണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദത്തുറസ്സ്. പല പണികൾക്കിടയിൽ പലരും ഒത്തുകൂടി അവിടെ. ചായയും സിഗററ്റുമായി ഇടവേളകളാഘോഷിച്ചു. എം.ആർ. രാജൻ, മുകേഷ്, ശരത്ചന്ദ്രൻ നായർ, ഡയാന സിൽവസ്റ്റർ, സുജമോൾ സൈമൺ, രവിനാഥ് മേനോൻ തുടങ്ങിയ പ്രൊഡ്യൂസർമാർ. രഘുനാഥ്, ജോർജ് എന്നീ വീഡിയോ എഡിറ്റർമാർ, ക്യാമറക്കാരായ ശ്രീകുമാർ, നാരായണൻ, ഷാജി, റെജി. സ്ഥിരം സ്റ്റാഫല്ലാത്ത പുറമേനിന്നുള്ള പ്രൊഡ്യൂസർമാർ, (എന്റെ കേരളം എന്ന യാത്രാപരിപാടിയുമായി ചിന്ത രവീന്ദ്രനായിരുന്നു പുറമേനിന്നുള്ളവരിൽ പ്രമുഖൻ. പ്രശസ്തമായ 'കണ്ണാടി'യുടെ നിർമാതാവായ ടി.എൻ. ഗോപകുമാറും ഈ ഗണത്തിലായിരുന്നു. എങ്കിലും മൂപ്പർ പണികളെല്ലാം പുറത്തുചെയ്ത് സ്റ്റുഡിയോയെ പാടേ ഒഴിവാക്കിപ്പോന്നു. ഗോപൻ അക്കാലത്ത് സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു) പ്രവീൺ, ദിലീപ്, സുധീർ, കണ്ണൻ തുടങ്ങി മറ്റു ഡിപ്പാർട്ടുമെന്റിലുള്ളവർ... പല സമയങ്ങളിലായി ഇവരൊക്കെ ഒത്തുകൂടി. പണികളുടെ വിമർശനവും വിശകലനവും അവിടെയാണ്. വീഡിയോ കാര്യങ്ങളിൽ മുൻപരിചയമില്ലാത്ത എനിക്കൊരു (ബാക്കി പലരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും മറ്റും പഠിച്ചിറങ്ങിയവരായിരുന്നു) സർവകലാശാലയായിരുന്നു ആ കൂടിച്ചേരലുകൾ. എന്റെ അന്ന​െത്തയും എന്നത്തെയും സർവകലാശാല. ശശി (ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാർ) തിരുവനന്തപുരത്തുണ്ടെങ്കിൽ അദ്ദേഹവും കൂടും കൂടെ. പുതിയ പ്രോഗ്രാമുകളെക്കുറിച്ചുള്ള ആശയവിനിമയവേദിയാകും അപ്പോഴാ കൂട്ടായ്മ. അങ്ങനെയൊരിക്കൽ സംസാരിച്ചുകൊണ്ടിരിക്കെ, 'ഫ്രണ്ട്ലൈൻ' മാഗസിനിലെ ഇ.എം.എസിന്റെ കോളം വിഷയമായി. എന്തിനെയും ടി.വി. പ്രോഗ്രാമായി സങ്കല്പിച്ചിരുന്ന ശശി, നമുക്കെന്തുകൊണ്ട് ഇ.എം.എസിന്റെയൊരു ടി.വി. കോളം ആയിക്കൂടാ എന്നായി. സമകാലിക പരിപാടികളുടെ പ്രൊഡ്യൂസർ എന്നനിലയിൽ, ആ ചുമതല എന്റെതലയിൽ, ടി.വി. കോളം എന്ന വിചിത്രസങ്കല്പം കേട്ട് അമ്പരന്നിരിക്കുന്ന എന്റെ ചുമലിൽ വന്നുവീണു..! ആഴ്ചയിലൊരു ദിവസം, ഇ.എം.എസ്. ക്യാമറയ്ക്കുമുമ്പിലൊരു സമകാലിക വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു. അഞ്ചുമിനിറ്റിലധികം വേണ്ടാ. ഇ.എം.എസിന്റെ വീട്ടിലൊരു ചെറിയ സെറ്റിടാം. ലൈറ്റുകളുമാകാം. നാലഞ്ച് എപ്പിസോഡ് കഴിഞ്ഞാൽ നീലനു പിന്മാറാം. പിന്നെ ജൂനിയറായ ആരെയെങ്കിലും വിട്ടാൽമതി -ശശി പ്രോത്സാഹിപ്പിക്കുംമട്ടിൽ വിശദീകരിച്ചു. ഇതുംപറഞ്ഞ് പിറ്റേന്ന് മൂപ്പര് ആസ്ഥാനമായ ചെന്നെയിലേക്കു വിടുകയും ചെയ്തു. ശശി പറഞ്ഞ ലൈറ്റോ സെറ്റോ വീട്ടുമുറിയിലില്ലാതെ -അത്തരം സാങ്കേതിക സന്നാഹമൊന്നും അന്നത്തെ സ്ഥിതിക്കു നടക്കില്ല- ഷൂട്ടിങ് തുടങ്ങി. കെ.പി.എ.സി. ഗാനമായ 'ബലികുടീരങ്ങ'ളുടെ അവസാന ഹമ്മിങ്ങിന്റെ അവസാനഭാഗം പശ്ചാത്തലമായ ദൃശ്യസങ്കലനാവതരണത്തോടെ, 'എന്റെ നോട്ടത്തിൽ: ഇ.എം.എസ്' എയറിൽ പോയി. പെട്ടെന്നത് ജനപ്രിയമാകുകയും ചെയ്തു. 3-4 മിനിറ്റു മാത്രമുള്ള ടി.വി. പ്രോഗ്രാം! ഇന്നങ്ങനൊന്ന് സങ്കല്പിക്കാൻപോലുമാവുമോ എന്തോ. തിരുവനന്തപുരത്ത് വാടകഫ്ളാറ്റിലായിരുന്നു അന്നു സഖാവ്, മകൻ ശശിയുടെ കുടുംബത്തോടൊപ്പം. ഫ്ളാറ്റിൽ ഇ.എം.എസിന്റെ മുറിയിൽ ക്യാമറയും അത്യാവശ്യംവേണ്ട ലൈറ്റുമായി കയറിച്ചെല്ലുന്നു. കൂടെ ക്യാമറാമാൻ ഷാജി, എം.എ. ബേബിയുടെ ഭാര്യയും അന്ന് ഏഷ്യാനെറ്റിലുണ്ട്. പ്രൊഡക്ഷൻ കോ-ഓർഡിനേറ്ററായിരുന്ന ബെറ്റി ബേബി ലൂയിസ്. പിന്നെയൊരു ക്യാമറാ അസിസ്റ്റൻറും. ചെല്ലുമ്പോളദ്ദേഹം വായിച്ചുകൊണ്ടിരിക്കുകയാവും. അങ്ങനെയേ കണ്ടിട്ടുള്ളൂ. മുഷിഞ്ഞ ഷർട്ട്. വിറയ്ക്കുന്ന കൈയോടെ കഴിച്ച ഭക്ഷണാംശങ്ങളെല്ലാം അതിൽ വീണൊട്ടിപ്പിടിച്ചിരിക്കും. ഷർട്ട് മാറ്റണം. അതിനുമുമ്പ് മൂത്രമൊഴിക്കണം. ബാത്ത്റൂമിലേക്ക് കൈപിടിക്കണം. പോകുന്ന വഴിക്ക് ഭാര്യ ആര്യാ അന്തർജനം ഇരിക്കുന്നുണ്ടെങ്കിൽ പരിചയപ്പെടുത്തും -'നമ്മടെ എം.പി.ടെ മകനാ'. ചിരിയോളം വിടർന്ന മുഖവുമായി അന്തർജനം വെറുതേ അകലെ എവിടേക്കോ നോക്കിയിരിക്കും. ഹതാശമായ നോട്ടം. തിരിച്ചെത്തിയാൽ വേറെ ഷർട്ടിടാൻ സഹായിക്കണം. ബട്ടൻസൊന്നും തനിയെ ഇടാൻ വയ്യ. ഇട്ടുകൊടുക്കണം. അപ്പോഴേക്കും ക്യാമറയും ലൈറ്റും ഒരുങ്ങിയിരിക്കും. ക്യാമറയ്ക്കുമുമ്പിൽ കൈപിടിച്ചുകൊണ്ടിരുത്തണം. അത്രമതി. പിന്നെയാണദ്ഭുതം. ക്യാമറനോക്കി താൻ പറയാനുദ്ദേശിച്ച കാര്യം കൃത്യം മൂന്നുനാലു മിനിറ്റിൽ ചുരുക്കി അദ്ദേഹം പറഞ്ഞുതീർക്കും. ഇത്രയും ഒതുക്കി, സമഗ്രമായി, മനസ്സിൽ എഡിറ്റുചെയ്ത് സംസാരിക്കാൻ മറ്റൊരാൾക്കും ആവുമെന്നുതോന്നുന്നില്ല; അന്നും, ഇന്നും. ഞങ്ങളെത്തുംമുമ്പേ, വിഷയവും അതെങ്ങനെ ചുരുക്കിപ്പറയണമെന്നും അദ്ദേഹം മനസ്സിലുറപ്പിച്ചിരിക്കണം. കാരണം, പെട്ടെന്നൊരു വിഷയം പറഞ്ഞാൽ ഒരിക്കലും സ്വീകരിച്ചിരുന്നില്ല. വേണ്ടത്ര ഹോംവർക്ക് ചെയ്തേ ഏതു പണിയും ചെയ്യൂ എന്ന നിതാന്തജാഗ്രത! അതിസ്വസ്ഥശാന്തത. സംസാരം കഴിഞ്ഞാൽ തിരികെ കൊണ്ടുപോയിരുത്തണം; ഷർട്ടുമാറ്റാൻ സഹായിക്കണം. എല്ലാം കഴിഞ്ഞ് പുസ്തകത്തിലേക്കും വായനയിലേക്കും മടങ്ങുംമുമ്പ് കൈകൂപ്പി തൊഴുത് നന്നായൊന്നു ചിരിക്കും. തേഞ്ഞ പല്ലുകാട്ടി, സ്നേഹത്തിളക്കമുള്ള നിറഞ്ഞ ചിരി. അത്രയ്ക്ക് നിറഞ്ഞു, തെളിഞ്ഞൊരു ചിരി കണ്ടിട്ടുള്ളത് അപൂർവം മാത്രം... തുടങ്ങിവെച്ചശേഷം മറ്റാരെയെങ്കിലും ഏല്പിച്ചാൽ മതിയെന്നാണ് ശശി പറഞ്ഞിരുന്നതെങ്കിലും, ഇങ്ങനെയൊരു കൊച്ചു പ്രോഗ്രാം ഷൂട്ട് ചെയ്യാൻ വാർത്താവിഭാഗം മേധാവി (അപ്പോഴേക്കും ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിക്കഴിഞ്ഞിരുന്നു) എല്ലാ തിരക്കും മാറ്റിവെച്ച് ആഴ്ചതോറും അരദിവസം കളയേണ്ടതില്ല എന്നായിരുന്നു ന്യൂസ് വിഭാഗത്തിലെ പൊതുവായ തോന്നലെങ്കിലും, എല്ലാ ആഴ്ചയും തീർത്ഥാടനംപോലെ ഞാനാ ഫ്ളാറ്റിൽ പൊയ്ക്കൊണ്ടിരുന്നു. ആ പോക്ക് എന്നെ ഞാനറിയാതെ പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിനായി കൈപിടിച്ച് എഴുന്നേൽപ്പിച്ച്, ബാത്ത്റൂമിലേക്ക് നീങ്ങുംമുമ്പ് ഇ.എം.എസ്. ലൈറ്റും ഫാനും ഓഫ് ചെയ്യും. മറക്കില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് കസേരയിൽ വന്നിരിക്കുമ്പോൾ സ്വയം ഓണാക്കും. ഈ ശ്രദ്ധയൊരു പാഠമായിരുന്നു. ജീവിതത്തിൽ ഞാനതുവരെ ഓർക്കാത്ത ചെറിയ, വലിയ ശ്രദ്ധ! വായനയുടെ അപാരതയാണ് അമ്പരപ്പിച്ച മറ്റൊരുകാര്യം. ഗബ്രിയേൽ മാർക്കേസിനെ മുതൽ സാർത്രിനെയും ഫാനനിയെയും വരെ ഇ.എം.എസ്. അന്നു വായിച്ചിരുന്നു. വല്ലാത്ത പുസ്തകവൈവിധ്യമാണ് ആ ടീപ്പോയിന്മേൽ അന്നു കണ്ടത്. ഞാൻ വായിച്ചിട്ടില്ലാത്ത 'കോളറക്കാലത്തെ പ്രണയം'വരെ അന്നവിടെയുണ്ട്! ഒരുമാസം കഴിഞ്ഞ് ഓഫീസിൽനിന്നു ചെക്കുമായിട്ടാണ് അടുത്തയാഴ്ച പോയത്. ഇ.എം.എസിന്റെ പേരിലായിരുന്നു ചെക്ക്. അന്നത്തെനിലയ്ക്ക് കൊള്ളാവുന്ന പ്രതിഫലത്തുക. പക്ഷേ, അതു സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. എ.കെ.ജി. സെന്ററിന്റെ പേരിലാകണം ചെക്ക് എന്നു ശഠിച്ചു. ചെക്കു മാറ്റിയെഴുതിക്കൊടുക്കേണ്ടിവന്നു. ഫ്രണ്ട്ലൈനിൽ എഴുതിയതിന്റെ ചെക്കും എ.കെ.ജി. സെന്ററിന്റെ പേരിലായിരുന്നത്രേ! സ്വന്തമായിട്ടില്ല വരുമാനമൊന്നും. ബാങ്ക് അക്കൗണ്ടില്ല. ചെക്ക് ബുക്കില്ല, പാസ്ബുക്കില്ല. എന്നിട്ടും, ഉള്ള വരുമാനമെല്ലാം പാർട്ടിക്കു കൊടുക്കുന്നു സഖാവ്. പാർട്ടി തരുന്നതുകൊണ്ട് പരാതിയില്ലാതെ ജീവിക്കുകയും ചെയ്യുന്നു. ഒരു മാർക്സിസ്റ്റ് ഗാന്ധി! ഈ യാത്ര വല്ലാത്തൊരു ആത്മബന്ധമായിത്തുടങ്ങി. ആഴ്ചതോറും അച്ഛനെ കാണാൻപോകുമ്പോലെ തോന്നിത്തുടങ്ങി. മുടങ്ങിക്കൂടാത്ത, ഒഴിവാക്കാനാവാത്ത പോക്കുവരവുകൾ. പുറമേയുള്ളവരും ഇത് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഗൾഫിലെ ഏതോ സംഘടന ഇ.എം.എസിന് ഒരു അവാർഡ് കൊടുക്കാൻ തീരുമാനിച്ചു. ഇ.എം.എസിനെ സമ്മതിപ്പിക്കുന്നകാര്യം അവർ ചിന്ത രവീന്ദ്രനെന്ന ചിന്തകനെയാണ് ഏല്പിച്ചത്. രവിക്ക് ഇ.എം.എസിനെ പണ്ടേ അറിയാം. ചിന്ത വാരികയിൽ ജോലിചെയ്ത കാലംമുതൽ. എന്നിട്ടും ഇ.എം.എസിനെ കാണാൻ ഞാനുംകൂടി ചെല്ലണമെന്ന് രവി വാശിപിടിച്ചു. 'നിയ്യല്ലേ ഇപ്പ മൂപ്പരുടെയൊരു ശിങ്കിടി' എന്നു രവി. ചെന്നു കണ്ടുപറഞ്ഞപ്പോൾ ഇ.എം.എസ്. സമ്മതിച്ചു. ഒരൊറ്റ വ്യവസ്ഥയിൽ -സമ്മാനത്തുക എ.കെ.ജി. സെൻററിന്റെ പേരിലാകണം!. കെ.ജി. ശങ്കരപ്പിള്ള തിരുവനന്തപുരത്ത് ഒരിക്കൽ ഫിലിം ഫെസ്റ്റിവലിനെത്തി. ഫിലിം കാണുന്നതിനിടയിൽ കെ.ജി.എസ്. പറഞ്ഞു: ''എടോ എനിക്കൊന്നു ഇ.എം.എസിനെ കാണണം, താനും വരണം.'' ചെന്നുകണ്ടപ്പോൾ പതിവുപോലെ വായനയിലായിരുന്നു മൂപ്പർ. തലയുയർത്തി നോക്കി, ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് കെ.ജി.എസിനെ തിരിച്ചറിഞ്ഞു. ''ഇപ്പോ ഏതു കോളേജിലാ'' -അടുത്ത അമ്പരപ്പ്! കെ.ജി.എസ്. കോളേജധ്യാപകനാണെന്നുമറിയാം. കഴിഞ്ഞില്ല. ''എഴുത്തൊക്കെ വളരെ കുറവാ അല്ലെ!...'' വർഷത്തിലൊരിക്കൽ പൂക്കുന്ന പൂമരമെന്ന് സച്ചിദാനന്ദൻ, തന്റെ കവിസുഹൃത്തിനെ വിശേഷിപ്പിക്കുന്നതിനെത്രയോ മുമ്പാണ്, വാരിക്കോരിയെഴുതാൻ വിസമ്മതിക്കുന്ന കെ.ജി.എസിന്റെ കാവ്യസ്വഭാവം ഇ.എം.എസ്. പറഞ്ഞത്. എത്ര സൂക്ഷ്മനിരീക്ഷണം, കണിശബോധം! അതും ആ പ്രായത്തിൽ. നടേ പറഞ്ഞ അതേ നിറഞ്ഞ ചിരിയിൽ കുളിച്ച് ഫ്ളാറ്റിൽനിന്ന് അന്ന് തിരിച്ചിറങ്ങുമ്പോൾ മനസ്സിലെന്തായിരുന്നുവോ എന്തോ! 1998 മാർച്ച് രണ്ടാംവാരംവരെ രണ്ടുവർഷത്തിലേറെ തുടർന്നു ആ പ്രതിവാര തീർഥാടനം. അന്നൊക്കെ ഞാൻ അതിരാവിലെ ഓഫീസിൽപ്പോകും. ഉച്ചയ്ക്കുണ്ണാൻ വീട്ടിൽവരും. പിന്നെ അഞ്ചുമണിക്കു പോയാൽ രാത്രി വൈകീട്ടേ തിരിച്ചെത്തൂ. പോകാനും വരാനും വണ്ടിവരും. മാർച്ച് 19-ന് വൈകീട്ടു വണ്ടിവന്നില്ല. കാത്തുമടുത്ത് വണ്ടി എവിടെയെന്ന് ഓഫീസിൽ അന്വേഷിച്ചപ്പോൾ 'ഇ.എം.എസിൻറവിടെപ്പോയി' എന്നു മറുപടി. അവിടെ എന്താണെന്നു ചോദിച്ചപ്പോൾ കേട്ടത് തകർത്തുകളഞ്ഞു. ഇ.എം.എസ്. മരിച്ചു. ഈശ്വരാ! (ചിലപ്പോൾ ആ വാക്കത്ര നിരർഥകമായി തോന്നാറില്ല) രണ്ടുദിവസം മുമ്പുകൂടി ഞാൻ ഷൂട്ടിങ്ങിനു ചെന്നതാണ്; കണ്ടതാണ്. ചില്ലറ പ്രായാവശതകളൊഴിച്ചാൽ അന്നും ആരോഗ്യവാനായിരുന്നു. ഉഷാറായിരുന്നു. 19-ന് ഉച്ചയ്ക്ക് ഊണുകഴിഞ്ഞപ്പോൾ വയ്യാതായി, ആശുപത്രിയിൽ പോയി; മരിച്ചു. എത്ര സ്വസ്ഥം, ക്ലേശരഹിതം, അസ്തമയം. അവസാനശ്വാസംവരെ വായിച്ചും ചിന്തിച്ചും എഴുതിയും കഴിഞ്ഞശേഷം, പെട്ടെന്ന് പുസ്തകം മടക്കിവെച്ച്, പേന മാറ്റിവെച്ച് എല്ലാം മതിയാക്കി അതേ തുറന്ന ചിരിയോടെ എങ്ങോട്ടോ പോവുക! സ്മരിക്കാൻവയ്യ അങ്ങനൊരു യാത്ര. അടുത്തയാഴ്ച എനിക്കു പോകാനിടമില്ല. അച്ഛന്റെ ആ അടുത്ത സുഹൃത്തിന് അച്ഛനെക്കാൾ ഒരു വയസ്സ് കുറവായിരുന്നു, ആ മരണം അച്ഛനെ വല്ലാതെ തളർത്തുകയും ചെയ്തിരുന്നു. അച്ഛനും ഒരുനാളിങ്ങനെ മരിക്കുമെന്ന ആധിയായി എനിക്കന്നുമുതൽ. ഏഴുമാസം കഴിഞ്ഞ് ആ ഒക്ടോബറിൽ അച്ഛനും പോയി. ഇരുണ്ടുപോയെല്ലാം അപ്പോൾ വല്ലാതെ. അയ്യപ്പപ്പണിക്കരുടെ ആ പ്രകാശം ഇടയ്ക്കു കെട്ടുപോവുകയും ചെയ്യാം, അല്ലേ?


from mathrubhumi.latestnews.rssfeed https://ift.tt/3pSWQQN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages