'കേട്ടറിഞ്ഞ വീരപ്പനായിരുന്നില്ല കണ്ടറിഞ്ഞപ്പോള്‍, കീറിയ തുണി തുന്നുന്ന കാട്ടുക്കൊളളക്കാരന്‍' - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Saturday, December 11, 2021

'കേട്ടറിഞ്ഞ വീരപ്പനായിരുന്നില്ല കണ്ടറിഞ്ഞപ്പോള്‍, കീറിയ തുണി തുന്നുന്ന കാട്ടുക്കൊളളക്കാരന്‍'

വീരപ്പനിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സംഘത്തിൽ ചേരുകയും കാട്ടിൽ അദ്ദേഹത്തിനൊപ്പം ജീവിക്കുകയും ചെയ്തശേഷം പതിനെട്ടുവർഷം തടവുശിക്ഷ അനുഭവിച്ച ഒരാളുമായുള്ള അഭിമുഖമാണിത്. ഇതിന്റെ ആദ്യഭാഗത്തിൽ വീരപ്പനോടൊപ്പമുള്ള ജീവിതം വിശദീകരിക്കുന്ന അൻപുരാജ് തുടർലക്കത്തിൽ ജയിൽവാസത്തിനുശേഷം തനിക്കുവന്ന മാനസാന്തരവും ഒരു നാടകപ്രവർത്തകനായും ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ആളായും താൻ മാറിയതിനെക്കുറിച്ചും പറയുന്നു. ഉൾക്കാടുകളിൽനിന്ന് തേനും വനവിഭവങ്ങളും ശേഖരിച്ച് വിൽക്കുന്ന അന്തിയൂരിലെ കടയിലിരുന്നാണ് അൻപുരാജ് സംസാരിക്കുന്നത് നീണ്ട പതിനെട്ടുവർഷത്തെ കാരാഗൃഹവാസത്തിനുശേഷം 2016ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തിൽ അയാൾ മൈസൂരു ജയിലിൽനിന്ന് മോചിതനായി. രണ്ടുപതിറ്റാണ്ടുമുമ്പ് സത്യമംഗലം താളവാടിയിൽവെച്ച് താനടങ്ങുന്ന സംഘം നാല്പത്തിയേഴുദിവസം ബന്ദികളാക്കിയ ഒമ്പത് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നാലുപേർ ഇതിനോടകം മരിച്ചെന്ന് അയാൾ മനസ്സിലാക്കിയിരുന്നു. ബാക്കി ജീവിച്ചിരുന്ന അഞ്ചുപേരിൽ രണ്ടുപേർ അയാളെ കാണാൻ കൂട്ടാക്കിയില്ല. കർണാടക കൊല്ലഗലിൽ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന വേലായുധന്റെ വീടായിരുന്നു അയാളുടെ ലക്ഷ്യം. ഒരു സായാഹ്നത്തിൽ അയാളവിടെയെത്തുമ്പോൾ വേലായുധന്റെ കൊച്ചുമകന്റെ പിറന്നാൾ ആഘോഷം നടക്കുകയായിരുന്നു. അപരിചിതനെക്കണ്ട് കയറിയിരിക്കാൻ ആ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഫോറസ്റ്റ് റേഞ്ചറായിട്ടായിരുന്നു അയാൾ വിരമിച്ചത്. ഞാൻ അൻപുരാജ് -അയാൾ സ്വയം പരിചയപ്പെടുത്തി. വേലായുധൻ എന്ന റിട്ട. ഫോറസ്റ്റ് റേഞ്ചർക്ക് അയാളെ മനസ്സിലായില്ല. സാർ, നാൻ താൻ അൻപുരാജ്, വീരപ്പൻസംഘത്തിലുള്ള നാൻ ഉങ്കളെ കടത്തിയിരിക്കിറേൻ തനിക്കു മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ഭീതിയോടെ വേലായുധൻ നോക്കി. ഒരുനിമിഷം അയാളെ കെട്ടിപ്പുണർന്നശേഷം അൻപുരാജ് തിരിച്ചുനടന്നു. പിന്നീട് തങ്ങൾ ബന്ദിയാക്കിയിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ വീടായിരുന്നു അയാളുടെ ലക്ഷ്യം (ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല). മരണത്തെ മുഖാമുഖംകണ്ട് ജീവിച്ച നാല്പത്തിയേഴ് ദിവസത്തിനുശേഷം മോചിതരായപ്പോൾ പല ഉദ്യോഗസ്ഥരും മാനസികമായി തളർന്നിരുന്നു. വീണ്ടും തങ്ങൾ ബന്ദികളാകുമോയെന്ന ഭയം പലർക്കുമുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥന് പിന്നീട് ചിത്തഭ്രമംപോലുള്ള അവസ്ഥയാണ് വന്നുചേർന്നത്, അതിൽ മനംനൊന്ത് അയാളുടെ ഭാര്യ ആത്മഹത്യചെയ്തിരുന്നു. ഒന്നുംമിണ്ടാതെ അൻപുരാജ് അവിടെനിന്ന് തിരിച്ചുനടന്നു. അവസാനമായി പോയത് തങ്ങൾ തട്ടിക്കൊണ്ടുപോയിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ അടുത്തേക്കായിരുന്നു (പേര് വെളിപ്പെടുത്തുന്നില്ല). മദ്യം അതിനോടകം അയാളെ കീഴടക്കിയിരുന്നു. കാര്യം അറിയിച്ചപ്പോൾ ഒരുനിമിഷം മൗനിയായിരുന്ന ആ ഉദ്യോഗസ്ഥൻ അൻപുരാജിനെ മദ്യം കഴിക്കാനായി ക്ഷണിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് പ്രൊമോഷൻ കിട്ടിയത് നീ കാരണമാണ്... ഞങ്ങളുടെ ജീപ്പ് അന്തിയൂരിൽനിന്ന് വെള്ളിമലയിലേക്കുള്ള ചുരം കയറുകയായിരുന്നു. കൊടുംവളവുകളും കയറ്റവുമുള്ള വനപാതയിലൂടെ ജീപ്പ് സാവധാനം ഓടിക്കൊണ്ടിരുന്നു. ദൂരെ പടിഞ്ഞാറ് നിബിഡമായ മലനിരകൾ പ്രത്യക്ഷമായി. ധിംഭം കാട്. ധിംഭത്തിലെ രണ്ട് മലനിരകൾ ചാനിമഡുപള്ളവും പെറാമഡുപള്ളവും ഉഗ്രവനമാണ്. അതിനുമപ്പുറം സത്യമംഗലം വിഹരിക്കുന്നു. അന്തിയൂരിലെ ഗ്രാമത്തിൽനിന്ന് അറുപത് കിലോമീറ്റർ കാൽനടയായി വേണമായിരുന്നു അന്നൊക്കെ സത്യമംഗലത്തെ താവളത്തിലെത്താൻ -അൻപുരാജ് പറഞ്ഞു. ധിംഭത്തിലെ ഈ മലനിരകൾക്ക് താഴെയായി രണ്ടുമാസം വീരപ്പൻ താവളമടിച്ചിരുന്നു. ഒരുപക്ഷേ, വീരപ്പൻ ഏറ്റവും കൂടുതൽക്കാലം താവളമാക്കിയത് സത്യമംഗലത്തോട് ചേർന്നുള്ള ഈ മലനിരകളിലായിരുന്നെന്ന് അൻപുരാജ് ഓർമിക്കുന്നു. ഘോരവനത്തിന്റെ താഴ്വരയിൽനിന്ന് തീ കത്തിച്ചാൽപ്പോലും പുക ഉയരില്ലെന്നതായിരുന്നു അതിന് സൗകര്യമായിത്തീർന്നത്. സത്യമംഗലം കാടുകൾ കൂടുതൽക്കൂടുതൽ തെളിഞ്ഞുവന്നു...ഒപ്പം അൻപുരാജിന്റെ ഓർമകളും... ഭരണകൂടങ്ങളുടെ പേടിസ്വപ്നമായിരുന്ന വീരപ്പന്റെ സംഘത്തിൽ താങ്കളെത്തിച്ചേരുന്നത് 1996-ലാണ്. അന്ന് പ്രായപൂർത്തിയായിരുന്നില്ല. തമിഴ്നാട്-കർണാടക സർക്കാർ കോടികൾ തലയ്ക്ക് വിലയിട്ട വീരപ്പന്റെ സന്തതസഹചാരിയായി പിന്നീട് താങ്കൾ മാറുന്നു. വീരപ്പനെ ആദ്യമായി കണ്ട രംഗം ഓർക്കുന്നുണ്ടോ എനിക്ക് എട്ടോ ഒമ്പതോ വയസ്സുള്ള കാലത്ത് ദിനതന്തി മാഗസിനിലൊക്കെ വീരപ്പനെയും സംഘത്തെയും കുറിച്ചെല്ലാം ഒട്ടേറെ വാർത്തകൾ വന്നിരുന്നു. മൊളുക്കൻ ഗോഷ്ഠി (മൊളുക്കൻ ട്രൂപ്പ്) എന്ന പേരിലൊക്കെയാണ് അന്ന് വീരപ്പനും അനുയായികളും അറിയപ്പെട്ടിരുന്നത്. വീരപ്പൻ പോലീസുമായി നടത്തിയ ഏറ്റുമുട്ടലും വീരപ്പന്റെ തോക്കിനിരയായവരുടെ കഥകളുമൊക്കെ ഗ്രാമത്തിലെ പ്രധാന സംസാരവിഷയമായിരുന്നു. എനിക്ക് ഒമ്പതു വയസ്സുള്ളപ്പോൾ അന്തിയൂരിലെ തട്ടക്കര ഗ്രാമത്തിൽ ഞാനൊരു കാഴ്ചകണ്ടു. ഏഴുപേരെ കൊന്ന് ശവശരീരം കൂട്ടിയിട്ടിരിക്കുന്നു, ഭീകര കാഴ്ച. പലരെയും ഒരുപാട് ഉപദ്രവിച്ചശേഷമാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ മൃതദേഹങ്ങൾ കണ്ടാൽ മനസ്സിലാകും. വീരപ്പന്റെ ചെയ്തിയെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ, മറിച്ചായിരുന്നു, വീരപ്പന്റെ സംഘത്തിലുള്ളവരെ പോലീസ് കൊലപ്പെടുത്തിയതായിരുന്നു അത്. ആ സംഭവം എന്റെ മനസ്സിൽ മായാതെ നിന്നു. വീരപ്പന്റെ പേരിൽ അന്തിയൂരിലെ ജനങ്ങളെ പോലീസ് ഉപദ്രവിച്ചിരുന്നു. എന്റെ അമ്മാവനെ ക്രൂരമായി മർദിച്ച് അവശനാക്കി. ഇതൊക്കെ എന്നെ വീരപ്പനിലേക്ക് അക്കാലത്ത് ആകർഷിച്ചിരുന്നു. 1996 ഒക്ടോബറിലാണെന്നാണ് എന്റെ ഓർമ. ബന്ധുക്കളായ രണ്ടു സഹോദരങ്ങൾക്കൊപ്പം അന്തിയൂർ തമ്മട്ടക്കൽ കാട്ടിൽ ഞങ്ങൾ മാടുകളെ മേയ്ക്കുകയായിരുന്നു. പെട്ടെന്ന് മുഖംമറച്ച നാലംഗ സംഘം ഞങ്ങൾക്കുമുന്നിലെത്തി. നാലുപേരുടെയും കൈവശം തോക്കുകളുണ്ടായിരുന്നു. തോക്കുചൂണ്ടി അവർ ഞങ്ങളുടെ കൈകൾ ബന്ധിച്ചു. തമ്മട്ടക്കൽ പിന്നിട്ട് അന്തിയൂർ കാടിന്റെ പടിഞ്ഞാറേ ദിക്കിലേക്ക് ഞങ്ങളെ അവർ നടത്തിച്ചു. ചെങ്കുത്തായ കുന്നിൻചെരിവിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഞങ്ങളെ കൊണ്ടുപോയത് കൊറവമ്പാളിയെന്ന വനമേഖലയിലേക്കായിരുന്നു. എളുപ്പത്തിൽ ആർക്കും എത്തിച്ചേരാൻ കഴിയാത്തയിടം. അവിടെ പച്ചനിറത്തിലുള്ള രണ്ട് ടെന്റുകളുണ്ടായിരുന്നു. കുറെപ്പേർ ആയുധങ്ങൾ കൈയിലേന്തിയിരുന്നു. പുറംതിരിഞ്ഞ് എന്തോ പണിയിൽ ഏർപ്പെട്ടയാൾ സാവധാനം തലതിരിച്ച് ഞങ്ങൾക്കുനേരെ നോക്കി. ഞാനമ്പരന്നുപോയി. പോലീസിനെയും അധികാരകേന്ദ്രങ്ങളെയും മുൾമുനയിൽ നിർത്തിച്ച കൃശഗാത്രൻ. കുപ്രസിദ്ധ കാട്ടുകൊള്ളക്കാരൻ, കൂസ് മുനിസ്വാമി വീരപ്പൻ... പറഞ്ഞുകേട്ടമാതിരിയുള്ള രൂപം. കൊമ്പൻമീശ പിരിച്ചുവെച്ചിരുന്നു. മായാവിയെന്നും മരത്തിൽ മറയുന്നവനെന്നും വീരപരിവേഷമുള്ള വീരപ്പൻ അന്നേരം തന്റെ കടുംപച്ച നിറത്തിലുള്ള കീറിയ ഷർട്ട് തുന്നുകയായിരുന്നു. ഞങ്ങളുടെ കൈകളിലെ കെട്ടഴിച്ചുവിടാൻ വീരപ്പൻ ആംഗ്യം കാണിച്ചു. വീരപ്പനെക്കുറിച്ച് പോലീസിന് വിവരം നൽകുന്നവരെന്ന് തെറ്റിദ്ധരിച്ചായിരുന്നു അവർ ഞങ്ങളെ ബന്ദികളാക്കിയത്. മാതേശൻ, രംഗസ്വാമി, സേത്തുക്കുളി ഗോവിന്ദൻ, ബേബി വീരപ്പൻ, തുപ്പാക്കി സിദ്ധൻ തുടങ്ങിയ വീരപ്പന്റെ പ്രധാന അനുയായികളെയെല്ലാം അന്നുകണ്ടു. ഇവരുടെ പേരുകൾ മാത്രമേ അന്ന് പുറംലോകം അറിഞ്ഞിരുന്നുള്ളൂ. അവരെക്കൂടാതെ വീരപ്പനൊപ്പം പതിനഞ്ചോളം പേർ വേറെയുമുണ്ടായിരുന്നു. കേട്ടറിഞ്ഞ വീരപ്പനായിരുന്നില്ല കണ്ടറിഞ്ഞപ്പോൾ. കീറിയ തുണി തുന്നുന്ന ഒരു കാട്ടുകൊള്ളക്കാരനെ ഞാനൊരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല. വീരപ്പനിൽനിന്ന് രക്ഷപ്പെടണമെന്ന് തോന്നിയിരുന്നില്ലേ വീരപ്പൻ എന്നെ ബന്ദിയാക്കിയിരുന്നില്ലെങ്കിലും ഞാൻ കാട്ടിലെത്തുമായിരുന്നു. കാരണം കാട് എന്നെ അത്രമാത്രം ആകർഷിച്ചിരുന്നു. മുത്തശ്ശിയിൽനിന്നാണ് കാടിനെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. അത് വീരപ്പനിലേക്കും എന്നെ അടുപ്പിച്ചു. കാരണം, അത് കാട്ടിനുള്ളിലെ മാത്രം ജീവിതമാണല്ലോ? വീരപ്പന്റെ സംഘത്തിലെത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് വീരപ്പന്റെ അനുയായികൾ എന്നെ തട്ടിക്കൊണ്ടുപോകുന്നത്. വികടൻ, ഇടതുപക്ഷ മാഗസിനായ തികത്തീർ എന്നിവയിലൊക്കെ വന്നിട്ടുള്ള അഭിമുഖത്തിൽ ഞാൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും ഞാൻ കാട്ടിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. വീരപ്പന്റേതുപോലുള്ള ഹിംസയുമായിട്ടല്ല. പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചുള്ള കാട്ടുജീവിതമാണ് ഞാനിഷ്ടപ്പെടുന്നത്. സത്യമംഗലസാമ്രാജ്യം കർണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലുമായി 14,000 ചതുരശ്രകിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന നിബിഡവനം. ഒഗനക്കൽ സത്യമംഗലംമുതൽ മതേശ്വരം മലൈ, വയനാട് മുത്തത്തി, നീലഗിരി കുന്നുകൾവരെ വ്യാപിച്ചുകിടക്കുന്ന കൊടുംകാട്. ആർക്കും പെട്ടെന്ന് കടന്നെത്താൻ കഴിയാത്ത ഈ ഘോരവനമായിരുന്നു മൂന്നുപതിറ്റാണ്ടുകാലം വീരപ്പന്റെ സൈ്വരവിഹാരത്തിന് വഴിയൊരുക്കിയത്. കാടിന്റെ നിഗൂഢതയോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സ്പെഷ്യൽ ടാസ്ക് ഫോഴ്സി(STF)ന് മനസ്സിലായിരുന്നില്ല. അതിനവർ ആദിവാസി-ഗോത്ര വർഗക്കാരെ സമീപിച്ചിരുന്നു. സോളകർ, ഇരുളർ, ഊരാളി വിഭാഗത്തിലുള്ള ഗോത്രവർക്കാർ കാടിനുള്ളിൽ അധിവസിച്ചിരുന്നു. പോലീസ് ഗോത്രവർഗക്കാർക്കിടയിൽ വീരപ്പനെന്ന ക്രൂരബിംബത്തെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അഞ്ചുനിമിഷത്തെ സംസാരംകൊണ്ട് അവരെ തന്നിലേക്ക് ആകർഷിക്കാൻ വീരപ്പന് സാധിച്ചെന്നതാണ് അതിശയം. അനിതരസാധാരണമായ വാക്ചാതുര്യം, വ്യക്തിത്വമാണോ അതോ മറ്റേതെങ്കിലും സിദ്ധിയാണോയെന്ന് എനിക്കറിയില്ല. കാടിന്റെ നിയമംപോലെ വീരപ്പനും നിയമങ്ങളുണ്ടായിരുന്നു. ഒന്ന്, മദ്യപാനം പാടില്ല, രണ്ട്, സ്ത്രീസംസർഗം പാടില്ല, മൂന്ന്, സ്ത്രീസംസർഗം ഉണ്ടായാൽ മരണമായിരിക്കും ശിക്ഷ. തെക്കുനിന്നും കിഴക്കുനിന്നും എസ്.ടി.എഫ്. വളയുമ്പോഴും അവരെ കബളിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കാരണം, വീരപ്പനും അനുയായികൾക്കും കാടിന്റെ ഭാഷ അറിയാമായിരുന്നു. അസാധാരണമായി ഒരു പക്ഷി ചിലച്ചാലോ അണ്ണാറക്കണ്ണന്മാർ ഛിൽഛിൽ ശബ്ദമുണ്ടാക്കിയാലോ അതൊരു സൂചനയാണ്. ആരോ കാട്ടിനുള്ളിലേക്ക് കടന്നിരിക്കുന്നെന്ന് അനുമാനിക്കും. കുക്കുറുവാൻ പക്ഷിയുടെ ശബ്ദം ചില സൂചനകൾ നൽകും. കാടിന്റെ ചില പ്രദേശങ്ങളിൽമാത്രം കാണപ്പെടുന്ന മൃഗങ്ങളിൽനിന്നുമുള്ള ശബ്ദങ്ങൾ ഒരുസൂചനയായി എടുക്കും. മണിക്കൂറുകളോ ദിവസങ്ങളോളമോ പാറക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കാനും മരത്തിൻചില്ലയിൽ കാവൽനിൽക്കാനും ഞങ്ങൾ പരിശീലിച്ചിരുന്നു. വീരപ്പനിൽനിന്നും സേത്തുക്കുളിയിൽ നിന്നുമാണ് ഞങ്ങൾ ഇത് സ്വായത്തമാക്കിയത്. എസ്.ടി.എഫ്. വളയുന്നെന്നു വിവരം ലഭിച്ചാൽ ഞങ്ങൾ താവളങ്ങൾ മാറിക്കൊണ്ടേയിരിക്കും. ആയുധങ്ങളും ഭക്ഷണസാധനങ്ങളും കൂട്ടിയിട്ട് തുല്യമായി ഭാരം കണക്കാക്കും. എന്നിട്ടത് ഭാണ്ഡക്കെട്ടാക്കും. നാല്പതുകിലോയോളം തൂക്കി കാട്ടിനുള്ളിലൂടെ ഞങ്ങൾ അടുത്തതാവളങ്ങളിലേക്ക് കൂടുമാറും. പതിനഞ്ചോ ഇരുപതോ ദിവസം ഒരുതാവളത്തിൽ തങ്ങും. ഒരുമലയിൽനിന്നും മറ്റൊരുമലയിലേക്ക് എത്തേണ്ട എളുപ്പവഴിയുണ്ട്. അത് മൃഗങ്ങളുടെ തടംനോക്കി മനസ്സിലാക്കും. ആനത്തടമാണോ (ആനത്താര) സാമ്പാർ ഡീറിന്റെ തടമാണോ അതോ കാട്ട് എരുതിന്റേതാണോയെന്ന് നോക്കും. വീരപ്പനും സംഘവും ആനത്തടം വഴിയായിരുന്നു സഞ്ചാരം. ആനകളുടെ സഞ്ചാരപാതയിലൂടെ പോയാൽ പെട്ടെന്നെത്താൻ സാധിക്കും. കാട്ടിനുള്ളിൽ എങ്ങനെ നാം സുരക്ഷിതരായിരിക്കണമെന്ന് വീരപ്പൻ പഠിപ്പിച്ചിരുന്നു. 30എം.എം. തോക്കുകളും മറ്റും ഉപയോഗിക്കാൻ പഠിപ്പിക്കുന്നതും വീരപ്പനും സേത്തുക്കുളിയുമാണ്. ചെലമ്പൂരിലെ ചെക്പോസ്റ്റ് പിന്നിട്ട് ജീപ്പ് പോയിക്കൊണ്ടിരുന്നു. വെള്ളിമലയിലേക്ക് വലതുതിരിഞ്ഞു പോകണം. നേരെ സഞ്ചരിച്ചാൽ മൈസൂരു കാടുകളിലേക്കെത്താം. വെള്ളിമലയിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോൾ അൻപുരാജ് ഒന്നോർമിപ്പിച്ചു: നേരത്തേ പക്ഷികളുടെ ശബ്ദത്തെക്കുറിച്ച് പറഞ്ഞിരുന്നല്ലോ ! കാടിനെയറിയാതെ ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ ശബ്ദമനുകരിക്കരുത്. കാട്ടിൽ നാം താവളമുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് അത്തരം പക്ഷികളുടെ ആവാസസ്ഥലമാണോയെന്ന് മനസ്സിലാക്കണം. ആ പ്രദേശത്ത് കാണാത്ത പക്ഷികളുടെ ശബ്ദം അനുകരിച്ചാൽ ശത്രുക്കൾക്കത് പിടിവള്ളിയാകും. എസ്.ടി.എഫ്. സേനയ്ക്ക് അത് മനസ്സിലാകണമെന്നില്ല. അവിടത്തെ ഗോത്രവർഗക്കാരോട് ചോദിച്ചുമനസ്സിലാക്കാൻ സേനയ്ക്ക് കഴിയും അല്പസമയത്തിനകം അൻപുരാജ് വിശ്രമകേന്ദ്രത്തിന്റെ മറുവശത്തേക്ക് നടന്നു. ശംഖ് ഊതുന്നപോലെ പ്രത്യേകരീതിയിൽ കൈവിരലുകൾ മടക്കിപ്പിടിച്ച് ഒരുപക്ഷിയുടെ ശബ്ദമുണ്ടാക്കി. കാട്ടിനുള്ളിൽ എവിടെയോ കേട്ടുമറന്ന പക്ഷിയുടെ ശബ്ദം. കുക്കുറുവാൻ പക്ഷി. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നമാത്രയിൽ കാട്ടിലെ മരക്കൊമ്പിൽനിന്നും കാട്ടുപുള്ളിന് സമാനമായ ഒരുപക്ഷി അതേ ശബ്ദം പുറപ്പെടുവിച്ച് പുറത്തേക്ക് വരികയും കാട്ടിൽ മറയുകയും ചെയ്തു. വീരപ്പന്റെ ദിനചര്യ നൂറ്റമ്പതോളം പേരെ അരുംകൊലചെയ്ത വ്യക്തി, അങ്ങനെയുള്ളൊരാൾ പാട്ടുപാടുമെന്ന് നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ? പാട്ടുപാടുക മാത്രമല്ല അയാൾ വന്യമായ രീതിയിൽ കൈകാലുകൾ കുടഞ്ഞുകൊണ്ട് ഒരുതരം നൃത്തവുമാടിയിരുന്നു. മൂക്കുത്തി പൊൺമേലെ കാട്ര് ഉട്കാറിന്ത് പേസുമമ്മ എന്ന ഈരടികൾ വീരപ്പൻ ഇടയ്ക്കിടെ മൂളുമായിരുന്നു. എല്ലാദിവസവും പുലർച്ചെ വീരപ്പൻ ആയുധങ്ങൾ പൂജിക്കും. പൂജയിൽ എല്ലാ സംഘാംഗങ്ങളും പങ്കെടുക്കണമെന്ന് വീരപ്പന് നിർബന്ധമുണ്ടായിരുന്നു. ഒരു അഭ്യുദയകാംക്ഷി സമ്മാനിച്ച സാറ്റലൈറ്റ് റേഡിയോയിൽ ബി.ബി.സി. തമിഴ്, കന്നഡ വാർത്തകൾ വീരപ്പൻ കേൾക്കുമായിരുന്നു. അക്കാലത്ത് ഫിലിപ്പീൻസിൽനിന്നുള്ള വേരിറ്റാസ്-846 എന്നുപേരുള്ള തമിഴ് റേഡിയോ നിലയത്തിൽനിന്നുള്ള പ്രോഗ്രാമുകൾ കേൾക്കുന്നതാണ് വീരപ്പന്റെ ഇഷ്ടവിനോദം. ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തരകലഹം വേരിറ്റാസിൽ കൃത്യമായി സംപ്രേഷണം ചെയ്തുപോന്നിരുന്നു. വെള്ളിയാഴ്ചകളിൽ ഏതോ പാതിരിയുടെ ആത്മീയപ്രഭാഷണവും (കൃത്യമായി ഓർക്കുന്നില്ല) വീരപ്പൻ മുടങ്ങാതെ കേൾക്കുമായിരുന്നു. ബ്ലാക്ക് ലംഗൂർ (കരിങ്കുരങ്ങ്) ആയിരുന്നു വീരപ്പന്റെ ഇഷ്ടഭക്ഷണം. കാട്ടുകിഴങ്ങുകളും ബ്ലാക്ക് ലംഗൂറിന്റെ ഇറച്ചിയും വീരപ്പൻ ആസ്വദിച്ച് കഴിച്ചിരുന്നു. മുതുമലക്കാടുകളിലായിരുന്നു ബ്ലാക്ക് ലംഗൂറുകളെ ധാരാളമായി കണ്ടിരുന്നത്. അവയെ തേടിപ്പിടിച്ച് വെടിവെക്കേണ്ടതില്ല. അവയുടെ ശബ്ദമനുകരിച്ച് വിളിച്ചുവരുത്തിയാണ് വീരപ്പൻ വെടിവെച്ച് ഭക്ഷിച്ചിരുന്നത്. ഇത് വീരപ്പന്റെ ഒരുമുഖം. എന്നാൽ, നാം അറിയാത്ത മറ്റൊരു മുഖവും വീരപ്പനുണ്ട്. സത്യമംഗലം തലവ് മലയിൽ ഞങ്ങൾ തമ്പടിച്ചിരുന്ന കാലം. എങ്ങനെയോ വീരപ്പന്റെ താവളത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. എസ്.ടി.എഫ്., ക്യാമ്പ് വളഞ്ഞു. വെടിവെപ്പുണ്ടായി. ഭാഗ്യംകൊണ്ടായിരുന്നു അന്നത്തെ ഏറ്റമുട്ടലിൽനിന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. കർണാടകവനത്തിൽ താവളമുറപ്പിച്ച കാലം വീണ്ടും ഒറ്റുണ്ടായി. അന്നത്തെ ഏറ്റുമുട്ടലിൽ വീരപ്പന്റെ സംഘത്തിലുണ്ടായിരുന്ന ആറുപേരെ എസ്.ടി.എഫ്. കൊലപ്പെടുത്തി. ഇത് വീരപ്പനിൽ പകയിരട്ടിപ്പിച്ചു. വീരപ്പൻ രഹസ്യമായി ഒറ്റുകാരനെ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ അയാളെ കണ്ടെത്തി. ഒറ്റുകൊടുത്തയാൾ ബന്ധുവിന്റെ വീട്ടിൽ വരുന്നുണ്ടെന്ന് വീരപ്പന് വിവരം ലഭിച്ചു. ഒരു ദയയും കൂടാതെ വീരപ്പൻ അയാളെ വെടിവെച്ചു കൊലപ്പെടുത്തി. പിന്നീടുണ്ടായ സംഭവം എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. ഒറ്റുകൊടുത്തയാളുടെ കൂടെ വന്ന പത്തുവയസ്സുള്ള മകൻ പേടിച്ച് ഒരുമൂലയിൽ ഒളിച്ചിരിക്കുകയായിരുന്നു. ആ കുട്ടിയെയും വീരപ്പൻ കൊലപ്പെടുത്തി. ഇക്കാര്യം അറിഞ്ഞപ്പോൾ എനിക്ക് വീരപ്പനോട് വല്ലാത്ത ദേഷ്യം തോന്നി. ഞാൻ കയർത്തുസംസാരിച്ചു. വീരപ്പനുമായി ഞാൻ ഒരാഴ്ചയോളം മിണ്ടാതെ നടന്നു. ചിലപ്പോൾ വീരപ്പൻ വല്ലാതെ നിരാശനായിരുന്നു. ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നതായിരുന്നില്ല ആ സംഘം. നക്സലിസമൊക്കെ ഒരു സിദ്ധാന്തം മുന്നിൽവെച്ചാണ് വിപ്ലവത്തിന് മുന്നിട്ടിറങ്ങുന്നത്. പലരും പലകാലത്തും വീരപ്പനിൽ ആകൃഷ്ടരായിട്ടായിരുന്നു കാടുകളിലെത്തിയിരുന്നത്. 1996 ആയപ്പോഴേക്കും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും കീഴടങ്ങണമെന്നുമൊക്കെ വീരപ്പൻ ചിന്തിച്ചിരുന്നു. എന്നാൽ, സർക്കാർ അതിന് തയ്യാറായിരുന്നില്ല. വീരപ്പൻ വിചാരിച്ചാൽ കൂടുതൽ എസ്.ടി.എഫ്. ഉദ്യോഗസ്ഥരെ വകവരുത്താൻ സാധിക്കുമായിരുന്നു. ചില വിലപേശലുകൾക്കും ആയുധസംഭരണത്തിനും മാത്രമായിരുന്നു ഏറ്റുമുട്ടൽ നടന്നത്. നീലഗിരിക്കുന്നിലെ മായാറിൽ താവളമാക്കിയ കാലത്തെ ഒരുസംഭവം എനിക്ക് ഇന്നും ഓർമയുണ്ട്. ഒരു തടാകമുണ്ടായിരുന്നു അവിടെ. കാടിനെ അറിയാത്ത എസ്.ടി.എഫുകാർ സമീപമുണ്ടായിരുന്ന വൃദ്ധന്റെ പക്കൽ തോക്കുകൾ ഏൽപ്പിച്ച് വസ്ത്രമെല്ലാം ഊരിവെച്ച് തടാകത്തിൽ കുളിക്കുകയും മീൻപിടിക്കുകയും ചെയ്യുകയായിരുന്നു. കുന്നിൻമുകളിൽ ഞങ്ങൾ ഇതെല്ലാം വീക്ഷിക്കുകയായിരുന്നു. വീരപ്പന്റെ ആജ്ഞയ്ക്കായി ഞങ്ങൾ ചെവികൂർപ്പിച്ചു. വീരപ്പൻ വിചാരിച്ചാൽ വൃദ്ധനെ കൊലപ്പെടുത്തി ആയുധങ്ങൾ കൈക്കലാക്കാമായിരുന്നു. തിരിച്ചുപോകാമെന്ന് വീരപ്പൻ പറഞ്ഞു. ഒരു എ.കെ.-47 തോക്കെങ്കിലും എടുക്കാമെന്ന് ഞാൻ പറഞ്ഞെങ്കിലും വീരപ്പൻ ചെവിക്കൊണ്ടില്ല. (തുടരും) Content Highlights:Anburaj Special Interview


from mathrubhumi.latestnews.rssfeed https://ift.tt/3DI80fP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages