പതിനേഴാം വയസ്സിൽ ബാർ ലൈസൻസ്: സമീർ വാംഖഡെക്ക് നോട്ടീസ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 14, 2021

പതിനേഴാം വയസ്സിൽ ബാർ ലൈസൻസ്: സമീർ വാംഖഡെക്ക് നോട്ടീസ്

മുംബൈ: അനർഹമായി ബാർ ലൈസൻസ് നേടിയെന്ന പരാതിയിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡേക്ക്‌ മഹാരാഷ്ട്ര എക്സൈസ് വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പ്രായപൂർത്തിയാവും മുമ്പേ വാംഖഡെക്ക്‌ ബാർ ലൈസൻസ് അനുവദിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി താനെ ജില്ലാ എക്സൈസ് സൂപ്രണ്ട് നിലേഷ് സാംഗ്‌ഡേ അറിയിച്ചു. നവി മുംബൈയിലെ വാഷിയിലുള്ള ഹോട്ടൽ സദ്ഗുരുവിന് 1997 ഒക്ടോബർ 27-നാണ് ബാർ ലൈസൻസ് ലഭിച്ചത്. സമീർ വാംഖഡെയുടെ പേരിലാണ് ലൈസൻസ്. ലൈസൻസ് ലഭിക്കുമ്പോൾ വാംഖഡെയ്ക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് എൻ.സി.പി. നേതാവ് നവാബ് മാലിക് ചൂണ്ടിക്കാണിച്ചിരുന്നു. മഹാരാഷ്ട്രയിലെ എക്‌സൈസ് നിയമമനുസരിച്ച് 21 വയസ്സ് തികഞ്ഞാലേ വീര്യം കുറഞ്ഞ ബിയർ പോലും കഴിക്കാൻ അനുമതിയുള്ളൂ. വീര്യമുള്ള മദ്യം കഴിക്കണമെങ്കിൽ 25 വയസ്സ് തികയണം. അതുകൊണ്ടുതന്നെ ചുരുങ്ങിയത് 21 വയസ്സുള്ളയാൾക്കേ ബാർ ലൈസൻസിന് അപേക്ഷിക്കാനാവൂ. ലൈസൻസിനുള്ള അപേക്ഷയ്ക്കൊപ്പം സമീർ വാംഖഡെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിരുന്നില്ല.ബാർ ലൈസൻസ് കിട്ടുമ്പോൾ സമീർ വാംഖഡെയ്ക്ക് 17 വയസ്സേയുണ്ടായിരുന്നുള്ളൂവെന്ന് വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് താനെ ജില്ലാ കളക്ടർക്കും താനെ എക്സൈസ് സൂപ്രണ്ടിനും സംസ്ഥാന എക്‌സൈസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാംഖഡെയ്ക്ക് നോട്ടീസ് അയച്ചതായി താനെ എക്‌സൈസ് സൂപ്രണ്ട് അറിയിച്ചു. ഡിസംബർ 17-ന് മുമ്പ് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി ലഭിച്ചതിനു ശേഷം താനെ ജില്ലാ കളക്ടർ തെളിവെടുപ്പു നടത്തും. മറുപടി തൃപ്തികരമല്ലെങ്കിൽ ബാർ ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. അപേക്ഷകന്റെ വയസ്സ് പരിശോധിക്കാതെ ലൈസൻസ് നൽകിയത് എങ്ങനെയെന്ന് വകുപ്പു തല അന്വേഷണവും നടത്തും.ബാർലൈസൻസ് ലഭിക്കാനുള്ള ചുരുങ്ങിയ പ്രായം 18 വയസ്സ് ആണെന്ന ധാരണയിലാണ് മകന്റെ പേരിൽ ബാർ ലൈസൻസിന് അപേക്ഷ നൽകിയതെന്ന് അച്ഛൻ ധ്യാൻദേവ് വാംഖഡെ പറയുന്നു. അപേക്ഷ നൽകുമ്പോൾ സമീറിന് 17 വയസ്സും 10 മാസവുമായിരുന്നു പ്രായം. ലൈസൻസ് ലഭിക്കുമ്പോഴേക്ക് 18 വയസ്സ് തികയുമെന്നാണ് കരുതിയിരുന്നത്. എക്സൈസ് വകുപ്പിൽ ജോലി ചെയ്തിരുന്ന ധ്യാൻദേവ് വാംഖഡെ സ്വാധീനമുപയോഗിച്ച് മകന്റെ പേരിൽ അനധികൃതമായി ബാർ ലൈസൻസ് സമ്പാദിക്കുകയാണുണ്ടായതെന്നാണ് എൻ.സി.ബിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തിയ മന്ത്രി നവാബ് മാലിക് പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3pTDxGZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages