കണ്ണൂർ: ദേശീയപാതയുടെകീഴാറ്റൂർ വയലിലൂടെയുള്ള ബൈപ്പാസ് അലൈൻമെന്റിൽ മാറ്റമില്ല. ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ കടന്നുപോകുമെന്ന് വ്യക്തമാക്കുന്ന അന്തിമവിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം. ഇതോടെ വിജ്ഞാപനം മരവിപ്പിക്കുമെന്ന ബി ജെ പിയുടെ വാഗ്ദാനം പാഴായി. കീഴാറ്റൂർ വയലിലൂടെയുള്ള ബൈപ്പാസ് നിർമാണത്തിനെതിരെ പ്രാദേശിക കൂട്ടായ്മയായ വയൽക്കിളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പ്രതിഷേധത്തിന് പിന്തുണയുമായി ബി ജെ പിയും രംഗത്തെത്തി. വിജ്ഞാപനം മരവിപ്പിക്കുമെന്നായിരുന്നു ബി ജെ പി നിലപാട് സ്വീകരിച്ചിരുന്നത്.തുടർന്ന് ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷൻ പുറത്തെത്തിയ സമയത്ത് വയൽക്കിളി സമരസമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബി ജെ പി സംഘം ഡൽഹിയിലെത്തിച്ചു. ഇവരും ബി ജെ പി നേതാക്കളും ഉൾപ്പെട്ട സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ത്രീഡി നോട്ടിഫിക്കേഷൻ മരവിപ്പിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ അന്തിമവിജ്ഞാപനം വന്നതോടെ വയൽക്കിളികൾക്ക് നൽകിയ ഉറപ്പുകൾ പാഴാവുകയായിരുന്നു. നേരത്തെ അളന്ന് സ്ഥലം നിർണയിച്ച കീഴാറ്റൂർ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നുപോകുമെന്നാണ് റോഡ്സ് ആൻഡ് ഹൈവേസ് ഇന്ന് മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിജ്ഞാപനം വ്യക്തമാക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന ഭൂവുടമകളുടെ ഹിയറിങ്ങിന് തീയതിയും വിജ്ഞാപനത്തിൽ ചേർത്തിട്ടുണ്ട്. അന്തിമവിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ ഇനി സമരവുമായി മുന്നോട്ടുപോകാനാകില്ലെന്ന് വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഇനിയെന്തു നടപടി സ്വീകരിക്കും എന്നതിനെ കുറിച്ച് കൂടിയാലോചിക്കാൻ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേരുമെന്നും സുരേഷ് അറിയിച്ചു. content highlights:No change in alignment for keezhattor bypass
from mathrubhumi.latestnews.rssfeed https://ift.tt/2r7wYlX
via
IFTTT
No comments:
Post a Comment