കല്യാശ്ശേരി: കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളർച്ചയ്ക്കായി സ്കൂളുകളിൽ നൽകുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതൽ 'ഉച്ചക്കഞ്ഞി' എന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ്. ഉച്ചക്കഞ്ഞിവിതരണം ഒഴിവാക്കി ചോറും കറികളും നൽകിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇപ്പോഴും 'ഉച്ചക്കഞ്ഞി' എന്നുതന്നെ വിളിക്കുകയും രേഖകളിൽ പരാമർശിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വകുപ്പ് ഉത്തരവിറക്കിയത്. ഇതുസബന്ധിച്ച് സ്കൂളുകളിലെ വിവിധ സമിതികൾ വിളിച്ചുചേർത്ത് ബോധവത്കരണം നടത്താനും നിർദേശമുണ്ട്. ഉച്ചക്കഞ്ഞി രജിസ്റ്ററും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകരെ കഞ്ഞി ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്നതും ഒഴിവാക്കാൻ നിർദേശമുണ്ട്. 1984 ഡിസംബർ ഒന്നുമുതലാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത്. അതിനുമുൻപ് കാൽനൂറ്റാണ്ടുകാലം കെയർ (കോർപ്പറേറ്റ് അസിസ്റ്റൻസ് ഫോർ റിലീഫ് എവരിവേർ) എന്ന പദ്ധതിയിലൂടെ ഹ്യുമാനിറ്റേറിയൻ എന്ന ഏജൻസിയുടെ സഹായത്തോടെയായിരുന്നു സ്കൂളുകളിലെ ഭക്ഷണവിതരണം. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാനും എല്ലാവരുടെയും വിശപ്പകറ്റാനുമാണ് വിദ്യാലയങ്ങളിൽ സർക്കാർ നേരിട്ട് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത്. കുറേക്കാലം ഇതിലൂടെ ഉച്ചയ്ക്ക് കഞ്ഞിയും പയറും മാത്രമാണ് നൽകിയത്. എന്നാൽ 2001 നവംബർ മാസത്തെ കോടതിവിധിയോടെ രാജ്യത്താകമാനം കുട്ടികൾക്കാവശ്യമായ എല്ലാ പോഷകാംശങ്ങളും അടങ്ങിയ ഭക്ഷണം നൽകണമെന്ന് സർക്കാരുകൾ തീരുമാനിക്കുകയും 2006-ൽ പുതിയ മാർഗരേഖ ഇറക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം ആഴ്ചയിൽ രണ്ടുദിവസം പാലും ഒരുദിവസം കോഴിമുട്ടയും നൽകുന്നുണ്ട്. content highlights;mid-day meal,schools,kerala
from mathrubhumi.latestnews.rssfeed https://ift.tt/2DY5h7H
via
IFTTT
No comments:
Post a Comment