ഒരു സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്ന് ആരോപിക്കപ്പെട്ടതുകൊണ്ട് മാത്രം ഒരു കേസിൽ സ്ത്രീയുടെ മൊഴി കോടതിക്ക് തള്ളിക്കളയാൻ കഴിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഒരു കൂട്ടബലാൽസംഗക്കേസാണ് പാശ്ചാത്തലം. നാലു പേർ ചേർന്ന് ഒരു സ്ത്രീയെ ബലാൽസംഗം ചെയ്തു. ഡൽഹി അഡീഷണൽ ജില്ലാ കോടതി പ്രതികൾക്ക് പത്ത് വർഷം വീതം കഠിന തടവ് വിധിച്ചു. എന്നാൽ തങ്ങൾക്ക് എതിരെയുണ്ടായത് കള്ളക്കേസാണെന്ന് ആരോപിച്ചുകൊണ്ട് പ്രതികൾ നൽകിയ അപ്പീൽ ഡൽഹി ഹൈക്കോടതി പരിഗണിച്ചുകൊണ്ട് ശിക്ഷ റദ്ദാക്കി. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി അനുവദിച്ച് ഹൈക്കോടതി വിധി റദ്ദാക്കി, കീഴ്ക്കോടതി വിധി ശരിവെച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ പോലീസിന് സുപ്രീം കോടതി ഉത്തരവ് നൽകി. സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്ന് കരുതിയാൽ തന്നെ അവൾ മറ്റ് പുരുഷന്മാരുടെ ആഗ്രഹത്തിന് വഴങ്ങണമെന്നില്ല. അവൾ എതിർത്തപ്പോൾ നാലു പേരും ചേർന്ന് ബലം പ്രയോഗിച്ച് അവളെ കീഴ്പ്പെടുത്തി ലൈംഗികബന്ധത്തിന് ഇരയാക്കി. സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നാണ് പ്രതികളുടെ ആരോപണം. അങ്ങനെയാണെന്ന് കരുതിയാൽ തന്നെ വിചാരണ കോടതിയിൽ സ്ത്രീ നൽകിയ മൊഴികൾ ന്യായീകരിക്കാൻ വേണ്ടത്ര തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ബലാൽസംഗത്തിന് വിധേയയായ സ്ത്രീയെ ഡോക്ടർ പരിശോധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സ്ത്രീയുടെ അമ്മ ഉൾപ്പെടെയുള്ളവർ സാക്ഷികളായിരുന്നു. പ്രസ്തുത മൊഴികൾ പരിശോധിച്ചാൽ ബലാൽസംഗം നടന്നുവെന്ന് തെളിയുന്നതായി സുപ്രീം കോടതി പറഞ്ഞു. ലൈംഗിക തൊഴിലാളിയായി മുദ്ര കുത്തി ആക്ഷേപിച്ചതുകൊണ്ട് മാത്രം അവളുടെ മൊഴി തള്ളാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രതികളുടെ വാദം സ്വീകരിച്ചുകൊണ്ട് ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയെ ന്യായീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സത്രീ ആരുമാകട്ടെ അവൾ നൽകിയ മൊഴിക്ക് ബലം നൽകാൻ മറ്റ് സാക്ഷിമൊഴികളും സാഹചര്യങ്ങളും നിലനിൽക്കെ അത് വിശ്വസനീയവും സ്വീകാര്യവുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അവൾ ലൈംഗിക തൊഴിലാളി ആണെങ്കിൽകൂടി മറ്റുള്ളവർക്ക് അവളെ ബലാൽസംഗം ചെയ്യാനുള്ള അവകാശമുണ്ടോ? ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. 1997 ജൂലായ് മാസത്തിലായിരുന്നു സംഭവം. ശിക്ഷിക്കപ്പെട്ട പ്രതികളെ 2009-ൽ ഹൈക്കോടതി വെറുതെ വിട്ടു. അന്ന് മുതൽ പ്രതികൾ സ്വതന്ത്രരായിരുന്നു. മൂന്ന് വർഷത്തെ ശിക്ഷക്ക് ശേഷമാണ് പ്രതികളെ ഹൈക്കോടതി മോചിപ്പിച്ചത്. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം പ്രതികളെ വീണ്ടും പോലീസ് പിടികൂടും. സുപ്രീം കോടതി വിധി അനുസരിച്ച് ബാക്കി ഏഴ് വർഷം ശിക്ഷ ഇനി പ്രതികൾ അനുഭവിക്കണം. ഡോക്ടറുടെ റിപ്പോർട്ടും മറ്റ് ശാസ്ത്രീയ അന്വേഷണ റിപ്പോർട്ടുകളും സ്വീകരിച്ചുകൊണ്ടാണ് പ്രതികൾ ബലാൽസംഗം നടത്തിയതായി തെളിഞ്ഞിട്ടുള്ളതെന്ന് സെഷൻസ് കോടതി പറഞ്ഞു. സംഭവത്തെക്കുറിച്ച് നിരവധി സംശയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. മറ്റു സാക്ഷിമൊഴികൾ ഇല്ലെങ്കിൽ കൂടി സ്ത്രീയുടെ മൊഴി വിശ്വസനീയമായി കോടതിക്ക് കാണാമെങ്കിൽ പ്രതികളെ ശിക്ഷിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ മൊഴി കോടതി ആധാരമാക്കണം. സെഷൻസ് കോടതി വിധിയിൽ ഹൈക്കോടതി ഇടപെടാൻ പാടില്ലായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. Niyamavedhi, Law Issues, Rape Victim, Sex worker, Supreme court
from mathrubhumi.latestnews.rssfeed https://ift.tt/2DOEHNo
via
IFTTT
No comments:
Post a Comment