ന്യൂഡൽഹി: ഐ.പി.എൽ വാതുവെയ്പ്പുമായി ബന്ധപ്പെട്ടുയർന്ന കേസ് ഡൽഹി പോലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ ഡൽഹി പൊലീസിനും ബി.സി.സി.ഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളാണ് ഭുവനേശ്വരി ഉയർത്തുന്നത്. വാതുവെയ്പ്പു കേസുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളെ കുറിച്ച് ഒരു ചാനൽ റിയാലിറ്റി ഷോയിൽ ശ്രീശാന്ത് സംസാരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതിനു പിന്നാലെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള ഭുവനേശ്വരിയുടെ കത്ത്. വിഷയത്തിൽ ഡൽഹി പൊലീസിനെയും ബി.സി.സി.ഐയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഭുവനേശ്വരി ഉന്നയിക്കുന്നത്. അന്ന് രാജ്യത്തെ നടുക്കിയ നിർഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കുള്ള സമ്മർദം ശക്തമായതോടെ ശ്രദ്ധ തിരിച്ചുവിടാൻ ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കെട്ടച്ചമച്ചതാണ് വാതുവെയ്പ്പ് കേസെന്നാണ് ഭുവനേശ്വരി കത്തിൽ ആരോപിക്കുന്നത്. കേസിലെ തന്റെ വീഴ്ചകൾ മറയ്ക്കാൻ അയാൾ ശ്രീയെ ബലിയാടാക്കുകയായിരുന്നു. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളിൽനിന്നും ശ്രീയെ 2015 ജൂലായിൽ കോടതി കുറ്റവിമുക്തനാക്കിയതാണ്. മൊഹാലിയിൽ വാതുവെയ്പ്പുകാരനിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കുകയും വെളുത്ത ടവ്വൽ ധരിച്ച് സൂചന നൽകുകയും ചെയ്തുവെന്നായിരുന്നു ഡൽഹി പോലീസിന്റെ ആരോപണം. ക്രിക്കറ്റിനെ കുറിച്ച് ധാരണയുള്ളവർക്ക് മനസിലാകും, ആ ഓവറിലെ ഓരോ പന്തിനെയും കമന്റേറ്റർമാർ മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. ഓവറിന്റെ ആദ്യ കുറച്ചു പന്തുകളിൽ ശ്രീ റൺസ് വിട്ടുകൊടുത്തിട്ടില്ല. നോബോളോ വൈഡോ ആ ഓവറിൽ എറിഞ്ഞിട്ടുമില്ല. ആദം ഗിൽക്രിസ്റ്റ് എന്ന ബാറ്റ്സ്മാനായതിനാലാണ് ആ ഓവറിൽ 13 റൺസ് പിറന്നതെന്ന് കമന്റേറ്റർമാർ പറഞ്ഞിരുന്നുവെന്നും ഭുവനേശ്വരി ചൂണ്ടിക്കാട്ടുന്നു. എപ്പോഴത്തെയും പോലെ ആവേശത്തോടെയാണ് ശ്രീ അന്നും പന്തെറിഞ്ഞത്. അന്ന് മത്സരം നടക്കുമ്പോൾ 48 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. അതുകൊണ്ടുതന്നെ വിയർപ്പ് തുടയ്ക്കാൻ എല്ലാവരും തന്നെ ടവ്വൽ ധരിച്ചിരുന്നു. വാതുവെയ്പ്പുകാരനാണെന്ന് പോലീസ് പറയുന്ന ജിജു, ഒരു പ്രഫഷണൽ രഞ്ജി ട്രോഫി താരവും രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിച്ചിരുന്നയാളുമാണ്. അതിനായി ശ്രീ സഹായം നൽകുകയും ചെയ്തിരുന്നു. ഇരുവരും എം.ആർ.എഫ് പേസ് ഫൗണ്ടേഷനിൽ ആയിരുന്നതിനാൽ സുഹൃത്തുക്കളുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. കേസിൽ കോടതി ശ്രീക്ക് ക്ലീൻ ചിറ്റ് നൽകിയതാണ്. എന്നിട്ടും ബി.സി.സി.ഐ ഇപ്പോഴും കാര്യങ്ങൾ പിടിച്ചുവെയ്ക്കുകയാണ്. ശ്രീയേപ്പോലൊരാൾ, രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തലത്തിലേക്ക് താഴില്ലെന്നും കുറച്ചു ലക്ഷങ്ങൾക്കായി സ്വന്തം കരിയർ നശിപ്പിക്കില്ലെന്നും ഭുവനേശ്വരി ചൂണ്ടിക്കാട്ടുന്നു. ചെയ്യാത്ത കുറ്റത്തിന് ശ്രീ എന്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. ബി.സി.സി.ഐ അഴിമതിക്കെതിരെ നിലകൊള്ളുന്നവരാണെങ്കിൽ കോടതിയുടെ നിർദേശ പ്രകാരം മുദ്ഗൽ കമ്മിറ്റി സീൽ ചെയ്ത കവറിൽ നൽകിയ 13 പേരുടെ കാര്യം ഇവർ എന്തുകൊണ്ട് പറയുന്നില്ല? എന്തിനാണ് ഈ ഇരട്ടത്താപ്പ്? കാട്ടുന്നത്? എന്തുകൊണ്ടാണ് ശ്രീ മാത്രം ഇങ്ങനെ കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും നീതിക്കായി പോരാടേണ്ടി വരുന്നത് ഭുവനേശ്വരി ചോദിക്കുന്നു. Content Highlights: sreesanths wife bhuvneshwari kumari writes long letter defending her husband in spot fixing case
from mathrubhumi.latestnews.rssfeed https://ift.tt/2PWY0LM
via
IFTTT
No comments:
Post a Comment