ന്യൂഡൽഹി: പാക് ഭീകരകേന്ദ്രങ്ങൾ തകർത്ത വ്യോമാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നൽകിയത് ഫെബ്രുവരി 18-ന്. പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അതിനുശേഷം ഇക്കാര്യങ്ങൾ സേനാതലവന്മാരുമായി ചർച്ച ചെയ്തെന്നും മോദിയടക്കം ഏഴുപേർക്ക് മാത്രമാണ് മിന്നലാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി അറിയാമായിരുന്നതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ, റോ, ഐ.ബി. മേധാവികൾ എന്നിവരാണ് ഫെബ്രുവരി 26-ലെ വ്യോമാക്രമണം ആസൂത്രണം ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റോയും ഇന്റലിജൻസും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുമേൽ നിരീക്ഷണം ആരംഭിച്ചിരുന്നു. ജെയ്ഷെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ബാലകോട്ട് ഉൾപ്പെടെ ആറ് മേഖലകളിലാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഭീകരകേന്ദ്രങ്ങൾ കണ്ടെത്തിയത്. ഇതിൽ മസൂദ് അസറിന്റെ ബന്ധുവായ യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെയുടെ ട്രെയിനിങ് ക്യാമ്പും ഉൾപ്പെട്ടിരുന്നു. ഇന്റലിജൻസ് വിവരങ്ങൾ കൃത്യമായി കൈമാറിയതോടെ ഫെബ്രുവരി 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമാക്രമണത്തിന് അനുമതി നൽകി. തുടർന്ന് ഫെബ്രുവരി 22 മുതൽ വ്യോമസേനയുടെ വിമാനങ്ങൾ അതിർത്തിയിൽ നിരീക്ഷണം തുടങ്ങി. നിരന്തരമായി അതിർത്തിയിൽ പറന്ന് പാക് സൈന്യത്തെ അസ്വസ്ഥ്യമാക്കിയതിനോടൊപ്പം ജെയ്ഷെ കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ മുന്നൂറിലേറെ ഭീകരരുടെ സാന്നിധ്യം ഉറപ്പുവരുത്തിയതോടെ ഈ വിവരങ്ങൾ ഉന്നതഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഫെബ്രുവരി 25-ന് വൈകിട്ടോടെ പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരേ വ്യോമക്രമണം നടത്താൻ തീരുമാനമെടുത്തു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യോമാക്രമണം നടത്തുമെന്ന് തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. തുടർന്ന് തിങ്കളാഴ്ച രാത്രി മുഴുവൻ അദ്ദേഹം സേനാമേധാവികളുമായി നിരന്തരം ചർച്ച ചെയ്യുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ പാകിസ്താൻ തിരിച്ചടിക്കുകയാണെങ്കിൽ എങ്ങനെ പ്രത്യാക്രമണം നടത്തണമെന്നതിലും തീരുമാനമെടുത്തു. ഫെബ്രുവരി 26 അർധരാത്രി ഒന്നരയോടെയാണ് ഇന്ത്യൻ പോർവിമാനങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചത്. ഗ്വാളിയോർ ബേസ് ക്യാമ്പിൽനിന്ന് മിറാഷ് വിമാനങ്ങളും മറ്റുബേസുകളിൽനിന്ന് അകമ്പടിയായി സുഖോയ് വിമാനങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. പുലർച്ചെ മൂന്നരയോടെ പാക്ഭീകരകേന്ദ്രങ്ങൾ തകർത്ത് ലക്ഷ്യം പൂർത്തീകരിച്ചശേഷം ഈ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തി. ഓപ്പേറഷൻ പൂർത്തിയാകുന്നത് വരെ സേനാമേധാവികളും പ്രധാനമന്ത്രിയും ഉറക്കമൊഴിച്ച് കാര്യങ്ങൾ നിരീക്ഷിച്ചു. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. അകമ്പടിയായി സുഖോയ് വിമാനങ്ങളും ദൗത്യത്തിൽപങ്കുചേർന്നു. മിറാഷ് വിമാനങ്ങൾ തകർക്കപ്പെടുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമായിരുന്നു സുഖോയ് വിമാനങ്ങളും അകമ്പടിസേവിച്ചത്. എന്നാൽ മിറാഷ് യുദ്ധവിമാനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ ചെറുത്തുനിൽപ്പിന് പോലും ശ്രമിക്കാതെ പാക് വിമാനങ്ങൾ പിന്മാറുകയായിരുന്നു. Content Highlights:modi approved air strike on february 18 and only seven people knew the timing of air strike
from mathrubhumi.latestnews.rssfeed https://ift.tt/2XrDQtx
via
IFTTT
No comments:
Post a Comment