ന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ഗ്വാളിയോർ ബേസ് ക്യാമ്പിൽനിന്ന് 12 മിറാഷ് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. അകമ്പടിയായി മറ്റു ബേസ് ക്യാമ്പുകളിൽനിന്ന് സുഖോയ് വിമാനങ്ങളും. മണിക്കൂറുകൾക്കുള്ളിൽ പാക് ഭീകരകേന്ദ്രങ്ങൾ തവിടുപൊടി. വധിച്ചത് ഇരുന്നൂറിലേറേ ഭീകരരെ. ലോകത്തിന് മുന്നിൽ ഇന്ത്യൻ വ്യോമസേനയുടെ മികവ് തെളിയിച്ച രണ്ടാം മിന്നലാക്രമണത്തിന്റെ ചുരുക്കം ഇങ്ങനെ. ഫെബ്രുവരി 26-ന് പാക് ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ തീരുമാനമെടുത്തതിന് പിന്നാലെ ഗ്വാളിയോറിലെ വ്യോമസേന ബേസ് ക്യാമ്പിൽ മിറാഷ് 2000 യുദ്ധവിമാനങ്ങൾ സർവസജ്ജമായിരുന്നു. പുലർച്ചെ ഒന്നരയോടെ 12 മിറാഷ് വിമാനങ്ങൾ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങിയതോടെ അകമ്പടിയായി സുഖോയ്-30എംകെഐ വിമാനങ്ങളും ദൗത്യത്തിൽ ഒപ്പംചേർന്നു. ബറേലി, ഹൽവാര എയർബേസുകളിൽനിന്നുള്ള സുഖോയ് വിമാനങ്ങളാണ് മിറാഷ് വിമാനങ്ങൾക്ക് അകമ്പടിസേവിച്ചത്. മിറാഷ് വിമാനങ്ങൾക്കുനേരേ എന്തെങ്കിലും ആക്രമണങ്ങളുണ്ടായാൽ പ്രത്യാക്രമണം നടത്താനായിരുന്നു സുഖോയ് വിമാനങ്ങളും ദൗത്യത്തിൽ പങ്കാളികളായത്. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ സന്നാഹം കണ്ട് പാക്ക് വിമാനങ്ങൾ പിൻവാങ്ങിയതോടെ സുഖോയ് വിമാനങ്ങൾക്ക് രംഗത്തിറങ്ങേണ്ടിവന്നില്ല. പാക് ഭീകരകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കിടെ മിറാഷ് യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവച്ച് തന്നെ ഇന്ധനം നിറയ്ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആഗ്ര ക്യാമ്പിലെ ഇല്യുഷിൻ 78എസ് എയർ ടാങ്കറിൽനിന്നാണ് മിറാഷ് വിമാനങ്ങൾക്ക് ഇന്ധനം നിറച്ചത്. ഇതിനുമുൻപ് പാക് അതിർത്തിയിലെ ഓരോനീക്കങ്ങളും നിരീക്ഷിച്ച് നേത്ര വിമാനങ്ങൾ സദാജാഗരൂകരായിരുന്നു. പാക് ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ദൗത്യത്തിന്റെ തൊട്ടുമുൻപ് മാത്രമാണ് മിറാഷ് വിമാനങ്ങൾ ഗ്വാളിയോറിൽനിന്ന് പുറപ്പെട്ടത്. അതിർത്തിയിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഉൾപ്പെടെ നിരീക്ഷണം നടത്തുമെന്നതിനാൽ പ്രത്യക്ഷമായ നീക്കങ്ങൾ ഒഴിവാക്കുകയായിരുന്നു. മിറാഷ് യുദ്ധവിമാനങ്ങൾ അതിർത്തിയോട് ചേർന്ന ബേസ് ക്യാമ്പുകളിൽനിന്ന് പറന്നുയർന്നാൽ പാക്ക് റഡാറുകളുടെ കണ്ണിൽപ്പെട്ടേക്കാമെന്നതും ഇതിന് കാരണമായി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വ്യോമാക്രമണത്തിനായി ഗ്വാളിയോർ ബേസ് ക്യാമ്പിലെ മിറാഷ് വിമാനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. Content Highlights:mirage fighter jets from gwalior base camp used for second surgical strike
from mathrubhumi.latestnews.rssfeed https://ift.tt/2VnC6PY
via
IFTTT
No comments:
Post a Comment