മൈസൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ ആറുദിവസമായി തുടരുന്ന തീ പൂർണമായി അണയ്ക്കാനായില്ല. ഉൾക്കാടുകളിലേക്കു വ്യാപിച്ച തീയണയ്ക്കാൻ കർണാടക സർക്കാർ വ്യോമസേനയുടെ സഹായം തേടി. രണ്ട് ഹെലികോപ്റ്ററുകളിൽ വെള്ളമെത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. എച്ച്.ഡി. കോട്ടെ താലൂക്കിലെ നുഗു അണക്കെട്ടിൽനിന്നുള്ള വെള്ളമാണ് ഹെലികോപ്റ്ററിൽ കൊണ്ടുവന്ന് തീയണയ്ക്കാൻ ഉപയോഗിക്കുന്നത്. ഉൾക്കാടുകളിലേക്ക് അഗ്നിശമനസേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടായതിനാൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. തീപ്പിടിത്തത്തിന്റെ വ്യാപ്തി അറിയാൻ തിങ്കളാഴ്ച രാവിലെ വനംമന്ത്രി സതീഷ് ജാർക്കിഹോളിയും ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിൽ ആകാശ സർവേ നടത്തിയിരുന്നു. ബന്ദിപ്പുരിൽ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമി നശിച്ചു. നിരവധി മൃഗങ്ങളും ഇഴജന്തുക്കളും ചത്തൊടുങ്ങിയതായാണ് വിവരം. പരിക്കേറ്റതും ചത്തതുമായ വന്യജീവികളുടെ കണക്കുകൾ ഇതുവരെ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. 500 അഗ്നിരക്ഷാസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും തീയണയ്ക്കാൻ പരിശ്രമിക്കുകയാണ്. ശക്തമായ കാറ്റും കനത്ത ചൂടും തീയണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്. കാലവസ്ഥാ വ്യതിയാനവും ഉണങ്ങിയ പുല്ലും കാട്ടുതീ പെട്ടെന്ന് പടരുന്നതിന് കാരണമായി. അതിനിടെ, ബന്ദിപ്പുർ വനമേഖലയിലെ കാട്ടുതീയിൽ ചത്തൊടുങ്ങിയ മൃഗങ്ങളെന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ വ്യാജമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊളംബിയ, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാട്ടുതീയിൽ ചത്ത ജീവികളുടെ ചിത്രമാണിതെന്നും ബന്ദിപ്പുരിലേതല്ലെന്നും അധികൃതർ വ്യക്തമാക്കി. കാട്ടുതീയുടെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ, മുതിർന്ന പോലീസുദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിനുശേഷമാണ് വ്യോമസേനയുടെ സഹായം തേടാൻ തീരുമാനിച്ചത്. നന്ദിഹിൽസിലും തീപ്പിടിത്തം ബെംഗളൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിലെ തീപ്പിടിത്തത്തിനുപിന്നാലെ ബെംഗളൂരുവിന് സമീപത്തെ നന്ദിഹിൽസിലും തീപ്പിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിച്ചത്. 80 ഏക്കർ വനഭൂമി കത്തിയതായാണ് വിവരം. നന്ദിഹിൽസിലെ സുൽത്താൻപേട്ട് ഭാഗത്താണ് തീപടർന്നത്. ഇതേത്തുടർന്ന് സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തി. അഗ്നിശമനസേനയും സുരക്ഷാജീവനക്കാരും ചേർന്ന് മണിക്കൂറുകൾ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാരണം വ്യക്തമായിട്ടില്ല. ontent Highlights:Bandippur Wild Fire; Air Force sent Helicopter
from mathrubhumi.latestnews.rssfeed https://ift.tt/2U9Ijz4
via
IFTTT
No comments:
Post a Comment