സർക്കാർനീക്കം പരാജയപ്പെട്ടു; തീരത്തിനൊപ്പം ആകാശവും അദാനിയിലേക്ക് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

സർക്കാർനീക്കം പരാജയപ്പെട്ടു; തീരത്തിനൊപ്പം ആകാശവും അദാനിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കം പരാജയപ്പെട്ടു. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലൂടെ തിരുവനന്തപുരത്തിന്റെ തീരഗതാഗതത്തിന്റെ നിയന്ത്രണം നേടിയ അദാനി ഗ്രൂപ്പ് അനന്തപുരിയുടെ ആകാശവും സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. സാമ്പത്തിക ബിഡിൽ മുന്നിലെത്തിയ അദാനി ഗ്രൂപ്പ് പിന്മാറുകയോ കേന്ദ്രം സ്വകാര്യവത്കരണ തീരുമാനം മാറ്റുകയോ ചെയ്യാത്തപക്ഷം, അവർക്കുതന്നെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണം ലഭിക്കും. വ്യാഴാഴ്ചയാണ് തീരുമാനം എയർപോർട്ട് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കുക. അദാനിയുടെ വരവിനെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും എതിർക്കുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇതു വഴിവെക്കും. സ്വകാര്യവത്കരണ തീരുമാനം വന്നപ്പോൾ എതിർത്ത സംസ്ഥാന സർക്കാർ, അതിനെ നിയമപരമായി ചോദ്യംചെയ്യാൻ തയ്യാറായില്ല. പകരം സ്വന്തം കമ്പനി രൂപവത്കരിച്ച് ടെൻഡറിൽ പങ്കെടുക്കുകയാണ് ചെയ്തത്. വിമാനത്താവളത്തിന്റെ നടത്തിപ്പിന് കൊച്ചിയിൽ വിമാനത്താവളം നടത്തുന്ന സിയാലിന്റെ മാതൃകയിൽ ടിയാൽ(തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് കമ്പനി) രൂപവത്കരിച്ചു. ടിയാലിനുവേണ്ടി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി.) ടെൻഡറിൽ പങ്കെടുത്തത്. സർക്കാർ കമ്പനി എന്ന നിലയ്ക്ക് ടിയാലിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരിമിതമായ ഇളവാണ് നൽകിയത്. യാത്രചെയ്യുന്ന ഓരോ ആളിനുമുള്ള ഫീസ് എന്ന നിലയിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്, വിമാനത്താവള നടത്തിപ്പുകാർ നൽകുന്ന തുക പരിഗണിച്ചാണ് കരാർ നൽകുന്നത്. ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾ നിർദേശിക്കുന്ന ഏറ്റവും ഉയർന്ന തുകയെക്കാൾ പത്തുശതമാനം താഴെയാണ് കോർപ്പറേഷൻ നിർദേശിക്കുന്നതെങ്കിൽ അവരെ തുക ഉയർത്താൻ അനുവദിക്കും എന്നതായിരുന്നു ഈ വ്യവസ്ഥ. എന്നാൽ, കെ.എസ്.ഐ.ഡി.സി.ക്ക് അദാനി ഗ്രൂപ്പ് നിർദേശിച്ച തുകയുടെ അടുത്തെത്താനായില്ല. അദാനി ഗ്രൂപ്പ് 168 രൂപ നിർദേശിച്ചപ്പോൾ കെ.എസ്.ഐ.ഡി.സി. ക്വാട്ട് ചെയ്തത് 135 രൂപയാണ്. ഇവ തമ്മിലുള്ള അന്തരം പത്തു ശതമാനത്തെക്കാൾ കൂടുതലായതിനാൽ കെ.എസ്.ഐ.ഡി.സി.ക്ക് ഇളവു കിട്ടിയില്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കുന്നതിൽ അദാനി ഗ്രൂപ്പിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. അദാനി പോർട്സ് നടത്തുന്ന വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖം 2020 ഒക്ടോബറിൽ പൂർത്തിയാവും. രാജ്യത്തെ തന്ത്രപ്രധാന തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കുകയാണ് അദാനിയുടെ ലക്ഷ്യം. തുറമുഖത്തെത്തുന്ന ചരക്കുകൾ ആകാശമാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിന് വിഴിഞ്ഞത്തിനു തൊട്ടടുത്തുള്ള വിമാനത്താവളത്തിന്റെ നിയന്ത്രണം അവർക്കു സഹായകരമാവും. സർക്കാരിനു തടസ്സമുണ്ടാക്കാം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്താൽ സർക്കാരിന് വേണമെങ്കിൽ തടസ്സങ്ങൾ സൃഷ്ടിക്കാം. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്. സർക്കാരിന്റെ സഹകരണമില്ലെങ്കിൽ വിമാനത്താവള നടത്തിപ്പ് ബുദ്ധിമുട്ടാവും. അദാനി ഗ്രൂപ്പിന് തടസ്സങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. എന്നാൽ, സർക്കാരിന്റെ പൂർണ സഹകരണത്തോടെയാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖനിർമാണവുമായി മുന്നോട്ടുപോകുന്നത്. ആരുടെ ഉടമസ്ഥതയിലായാലും പൊതുസംവിധാനമെന്ന നിലയിൽ വിമാനത്താവളവികസനത്തിനു തടസ്സം നിൽക്കാൻ സർക്കാരിന് ഏറെക്കാലം കഴിയുകയുമില്ല. അദാനിക്ക് വിമാനത്താവളം കിട്ടാൻ സാഹചര്യമൊരുങ്ങിയെങ്കിലും തുടർനടപടികളെപ്പറ്റി സർക്കാർ ചർച്ചചെയ്തിട്ടില്ല. സ്വകാര്യവ്യക്തികൾ നൽകിയ ഹർജിയിൽ വ്യാഴാഴ്ച ഹൈക്കോടതി സ്റ്റേ നൽകിയതുമില്ല. പ്രചാരണായുധമാക്കാൻ എൽ.ഡി.എഫ്. വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ അദാനിക്കു നൽകുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരായ പ്രചാരണായുധമാക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. ഇതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുള്ളതിനാലാണ് ലേലത്തിനു വച്ച, രാജ്യത്തെ ആറു വിമാനത്താവളങ്ങളിൽ അഞ്ചും അദാനി ഗ്രൂപ്പിനു കിട്ടിയതെന്ന ആരോപണമാണ് എൽ.ഡി.എഫ്. ഉയർത്തുന്നത്. സ്വകാര്യവത്കരണം തടയാൻ ഇടപെട്ടില്ലെന്ന ആരോപണമുയർത്തി ശശി തരൂരിനെതിേരയും വിമാനത്താവള സ്വകാര്യവത്കരണം ആയുധമാക്കും. Content Highlights:adani group-kerala


from mathrubhumi.latestnews.rssfeed https://ift.tt/2BS3jmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages