തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സ്വാധീനമുണ്ടാകില്ല: പ്രശാന്ത് കിഷോര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, February 25, 2019

തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സ്വാധീനമുണ്ടാകില്ല: പ്രശാന്ത് കിഷോര്‍

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രിപദത്തിലെത്തിച്ച പ്രചാരണതന്ത്രങ്ങൾക്ക് ചുക്കാൻപിടിച്ച പ്രശാന്ത് കിഷോർ ഇന്ന് വെറും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനല്ല. ജെ.ഡി.യു. എന്ന പാർട്ടിയിലെ അംഗമാണ്. വിവിധ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണക്കാരനായതിന്റെ അനുഭവത്തിലും രാഷ്ട്രീയക്കാരനെന്നനിലയിലും പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് മാതൃഭൂമി പ്രതിനിധി മനോജ് മേനോനുമായി അദ്ദേഹം സംസാരിക്കുന്നു. പ്രശാന്തിനെ ലോകം വിലയിരുത്തുന്നത് വിജയിച്ച പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലാണ്. താങ്കൾ ഇപ്പോൾ രാഷ്ട്രീയക്കാരൻകൂടിയായിരിക്കുന്നു. ഈ രണ്ടുറോളിൽ ഏതാണ് ഇഷ്ടം രണ്ട് റോൾ വഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. പുറത്തുനിന്ന് രാഷ്ട്രീയപ്പാർട്ടികളെ ഉപദേശിക്കുന്ന രീതി ഞാൻ നിർത്തി. സജീവരാഷ്ട്രീയത്തിൽ ചേർന്നുകഴിഞ്ഞു. ജെ.ഡി.യു.വിനെ എന്റെ പാർട്ടിയായും നിതീഷ് കുമാറിനെ നേതാവായും ബിഹാറിനെ പ്രവർത്തനകേന്ദ്രമായും തിരഞ്ഞെടുത്തുകഴിഞ്ഞു. രാഷ്ട്രീയപ്പാർട്ടിയംഗം എന്നനിലയിൽ ഒട്ടേറെ നേതാക്കളുമായി ഞാൻ ഇപ്പോഴും നിരന്തരം ബന്ധപ്പെടുന്നുണ്ട്. അത് എന്റെ പ്രവർത്തനമേഖലയുടെ ഭാഗമായാണ്. പൂർണമായി രാഷ്ട്രീയപ്പാർട്ടിയെ ഉപദേശിക്കാൻ പോകുന്ന രീതി എല്ലാനിലയ്ക്കും ഞാൻ അവസാനിപ്പിച്ചു. ഇനി അത്തരത്തിൽ ഒരു റോളുണ്ടെങ്കിൽ അത് ജെ.ഡി.യു.വിലും ജെ.ഡി.യു. നേതൃത്വത്തിന്റെ അനുവാദത്തോടെയും മാത്രമായിരിക്കും. ഇന്ത്യയിൽ രണ്ട് മുഖ്യധാരാ പാർട്ടികളുണ്ട്. കോൺഗ്രസും ബി.ജെ.പി.യും. ഈ രണ്ട് പാർട്ടികളുടെയും ഉന്നത നേതൃത്വവുമായി പ്രശാന്തിന് ശക്തമായ ബന്ധങ്ങളുണ്ട്. എന്നിട്ടും ജെ.ഡി.യു.വിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് ഈ പറഞ്ഞത് കടലാസിൽ ശരിയാണ്. രാജ്യത്ത് രണ്ട് ദേശീയപാർട്ടികളുണ്ട്. വിശാലമായ തലത്തിൽ ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ മേധാവിത്വം പുലർത്തുന്നത് പ്രാദേശികപാർട്ടികളാണ്. സംസ്ഥാനങ്ങളിൽ വോട്ടുശതമാനം, പാർലമെന്റ് സീറ്റുകളുടെ എണ്ണം, നിയമസഭാമണ്ഡലങ്ങളുടെ എണ്ണം തുടങ്ങിയവയെ നിയന്ത്രിക്കുന്നത് മേൽപ്പറഞ്ഞ ഈ മൂന്നാംശക്തിയാണ് (മൂന്നാം മുന്നണിയല്ല). എനിക്ക് പ്രവർത്തിക്കാൻ സാധിക്കുന്ന, ബിഹാറിലെ രാഷ്ട്രീയപ്പാർട്ടികൾക്കായി ഞാൻ നോക്കിയപ്പോൾ ജെ.ഡി.യു. എന്റെ നിലപാടുകളോട് അടുത്തുവരുന്നതായും കൂടുതൽ ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമായും തോന്നി. അതിന്റെ നേതാവ് നിതീഷ് കുമാറാണ് പ്രധാന ഘടകം. സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടാവുമോ അടുത്ത 10-12 വർഷത്തേക്ക് ലോക്സഭവഴിയോ രാജ്യസഭവഴിയോ പാർലമെന്റിലേക്ക് പോകാൻ ആഗ്രഹമില്ലെന്ന് നേരത്തേതന്നെ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്. എനിക്ക് സംസ്ഥാനരാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പുതിയ ബിഹാർ സൃഷ്ടിക്കേണ്ടതുണ്ട്. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. തിരഞ്ഞെടുപ്പുഫലം എന്തായിരിക്കും 2014-ൽ ചെയ്തതിനുസമാനമായി ഞാൻ ചെയ്യുമെന്ന് ജനങ്ങൾ പ്രവചിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാജ്യവ്യാപകമായ പ്രചാരണപരിപാടികളിലോ സർവേകളിലോ ഞാൻ സജീവമായി പങ്കെടുക്കുന്നില്ല. ഈ പ്രവർത്തനമേഖലയിൽ നിൽക്കുന്നതിനാലും ഒട്ടേറെ ആളുകളുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നതിനാലും ഒന്നുപറയാൻ കഴിയും, എൻ.ഡി.എ. തിരിച്ചുവരും. ബി.ജെ.പി.യുടെ അംഗസംഖ്യ ഇന്നത്തെക്കാൾ ഒരുപക്ഷേ കുറവായിരിക്കാം. പക്ഷേ, എൻ.ഡി.എ. അധികാരത്തിൽ വരാതിരിക്കാൻ ഒരു കാരണമോ പ്രശ്നമോ ഞാൻ കാണുന്നില്ല. എൻ.ഡി.എ. തിരിച്ചുവന്നാൽ മോദിയായിരിക്കുമോ പ്രധാനമന്ത്രി അതെ. അദ്ദേഹമാണ് നിലവിൽ പ്രധാനമന്ത്രി. അദ്ദേഹമാണ് പ്രധാനമന്ത്രിസ്ഥാനാർഥി. ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽപ്പോലും, ബി.ജെ.പി.യുടെ അംഗസംഖ്യ 175 മുതൽ 200 വരെയായാൽപ്പോലും മോദി പ്രധാനമന്ത്രിയാകാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുന്നു. ദീർഘകാലമായി പ്രവചിക്കപ്പെട്ട പ്രവേശനം. ഈ വരവിനെ എങ്ങനെ കാണുന്നു? കോൺഗ്രസിൽ ഇത് പുതുയുഗമാണോ പ്രിയങ്കയുടെ വരവിനെ പുതുയുഗമെന്ന് ഞാൻ വിളിക്കുന്നില്ല. എന്നാൽ, ദീർഘകാലമായി ചർച്ചചെയ്യപ്പെടുകയും പ്രവചിക്കപ്പെടുകയും ചെയ്യുന്ന ഒരാളുടെ രാഷ്ട്രീയപ്രവേശനം വളരെ ശ്രദ്ധയോടെ വീക്ഷിക്കണം. എങ്കിലും ഒന്നോ രണ്ടോ ആഴ്ചകൊണ്ട്, അല്ലെങ്കിൽ വളരെ ചെറിയ കാലംകൊണ്ട് ഒരാളുടെ രാഷ്ട്രീയപ്രവേശനം തിരഞ്ഞെടുപ്പിനെയോ രാഷ്ട്രീയത്തെയോ സ്വാധീനിക്കുമോ എന്നുചോദിച്ചാൽ വിഷയം വേറെയാണ്. അതിനുള്ള സാധ്യത വളരെ പരിമിതമാണ് എന്നാണ് എന്റെ അഭിപ്രായം. പ്രിയങ്കയുടെ രംഗപ്രവേശം ഉത്തർപ്രദേശിലെങ്കിലും സ്വാധീനമുണ്ടാക്കില്ലേ 2019-ലെ തിരഞ്ഞെടുപ്പാണോ ഉദ്ദേശിച്ചത് ? അതെ. ഞാൻ അങ്ങനെ കരുതുന്നില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഒരാൾക്ക് സ്വാധീനമുണ്ടാക്കാൻ കഴിയുകയെന്നത് വളരെ പ്രയാസകരമായ കാര്യമാണ്. പ്രത്യേകിച്ച് കോൺഗ്രസിന്റെ സാന്നിധ്യം വളരെ മങ്ങിയഒരു സംസ്ഥാനത്ത്. പ്രവർത്തകരെ സജ്ജരാക്കി, പാർട്ടി കെട്ടിപ്പടുത്ത്, താഴെത്തട്ടിലുള്ള നേതാക്കളെ ഉണർത്തിയെടുത്ത്, നല്ല സ്ഥാനാർഥികളെ കണ്ടെത്തി, സാമൂഹികപരമായ കണക്കുകൂട്ടൽ നടത്തി, വെറും രണ്ടുമാസത്തിനുള്ളിൽ അദ്ഭുതം കാട്ടണമെന്നുപറഞ്ഞാൽ, ആ പ്രതീക്ഷ അമിതമാണെന്ന് തോന്നുന്നു. ആ വ്യക്തി എത്ര കഴിവുള്ളയാളാണെങ്കിലും കരിസ്മ ഉള്ളവരാണെങ്കിലും പ്രയാസകരമായിരിക്കും. കുറഞ്ഞത് രണ്ടോ മൂന്നോ വർഷം സമയമെടുത്താൽ, പ്രിയങ്ക ഒരു പ്രധാനഘടകമായോ ഒരു വലിയ ഘടകമായോ വളരാം; ഉത്തർപ്രദേശിൽ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരുന്നാൽ, ഒരു വീഴ്ചയും വരുത്താതിരുന്നാൽ അവർ ഒരു ശക്തിയായി മാറും. പാർട്ടി പ്രസിഡന്റ് എന്നനിലയിൽ രാഹുൽ ഗാന്ധി പരാജയമാണെന്നും അതുകൊണ്ടാണ് പ്രിയങ്കയെ രംഗത്തിറക്കിയതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിൽ കഴമ്പുണ്ടോ വസ്തുതകൾ ഈ ആരോപണം ശരിവെക്കുന്നില്ല. അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് വിജയിച്ച് സ്വന്തം സർക്കാരുണ്ടാക്കി. കർണാടകത്തിൽ ജെ.ഡി.എസുമായി ചേർന്ന് സർക്കാരുണ്ടാക്കി. ഗുജറാത്തിൽ തോറ്റെങ്കിലും അത് വലിയ തോൽവിയായിരുന്നില്ല. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നിങ്ങൾ ഒരു നേതാവിനെ വിലയിരുത്തുന്നതെങ്കിൽ കോൺഗ്രസ് പ്രസിഡന്റായതിനു ശേഷമെങ്കിലും രാഹുൽ ഗാന്ധി ഒരു പരാജയമാണെന്ന് ഞാൻ കരുതുന്നില്ല. പ്രതിപക്ഷസഖ്യത്തിലെ പ്രധാന ഘടകമാണ് ഇടതുപാർട്ടികൾ. രാജ്യത്ത് ഇടതുപാർട്ടികളുടെ പ്രസക്തിയെ താങ്കൾ എങ്ങനെയാണ് നിർവചിക്കുന്നത്? അതുപോലെ ആം ആദ്മിപാർട്ടി (ആപ്) മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ എങ്ങനെയാണ് വീക്ഷിക്കുന്നത് ആപ് പുതിയ പാർട്ടി സംവിധാനമാണ്. അവർ ഡൽഹിയിൽ ഭരണത്തിലാണ്. അതിന്റെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് ആപ്പിന്റെ നേതാക്കൾക്ക് ധാരണയുണ്ടായിരിക്കും. എന്നാൽ, ഇടതുപാർട്ടികൾക്ക് രാജ്യത്തെ ജനാധിപത്യസംവിധാനത്തോളംതന്നെ പഴക്കമുണ്ട്. തങ്ങളുടെ തട്ടകവും പ്രസക്തിയും അംഗബലവും വീണ്ടെടുക്കാൻ കഴിയുമെങ്കിൽ അവർ ആവിയായിപ്പോകുമെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോഴുള്ളതിനെക്കാൾ കരുത്തുറ്റ ഒരു ശക്തിയായി മാറേണ്ടതുണ്ട്. അതിനായി അവർ തങ്ങളുടെ പഴയ തട്ടകമായ ത്രിപുര, ബംഗാൾ എന്നിവ വീണ്ടെടുക്കണം. ഒപ്പം ഹിന്ദിഹൃദയഭൂമിയും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ജനവിധി മോദിക്കും ബി.ജെ.പി.ക്കും തിരിച്ചടിയായിരുന്നു. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കില്ലേ ഇല്ല. സംസ്ഥാനതിരഞ്ഞെടുപ്പുകളിൽ സംസ്ഥാനങ്ങളിലെ വിവിധ വിഷയങ്ങൾ, വ്യത്യസ്ത നേതൃത്വങ്ങൾ എന്നിവയൊക്കെയാണ് ചർച്ച ചെയ്യുന്നത്. പ്രശ്നങ്ങൾ വ്യത്യസ്തമാണ്, മുഖങ്ങൾ വ്യത്യസ്തമാണ്. ചില സമയത്ത് ജനങ്ങൾ സംസ്ഥാന സർക്കാരുകൾക്കെതിരേ വോട്ടുചെയ്യും, അവയുടെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാതെവരുമ്പോൾ. അതൊന്നും പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല. മോദിസർക്കാരിന്റെ ചില നയങ്ങൾ, ജി.എസ്.ടി, നോട്ട് അസാധുവാക്കൽ നടപടികൾ, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ. ഇതൊക്കെ എങ്ങനെയാണ് തിരഞ്ഞെടുപ്പിനെ ബാധിക്കുകയെന്ന് വിലയിരുത്തിയിട്ടുണ്ടോ? കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളിൽ ഗ്രാമീണമേഖലകളിൽ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഏതുതിരഞ്ഞെടുപ്പിലും തൊഴിലില്ലായ്മയും അഴിമതിയുമൊക്കെ ചർച്ചാവിഷയങ്ങളായിരിക്കും. ഈ തിരഞ്ഞെടുപ്പും വ്യത്യസ്തമാണെന്ന് ഞാൻ കരുതുന്നില്ല. തൊഴിലില്ലായ്മ വലിയ പ്രശ്നംതന്നെയാണ്. അത് പൊതുസമൂഹത്തിൽ ചർച്ചാവിഷയമായിരിക്കും. അതിന്റെ പേരിൽ വോട്ടും ചെയ്യപ്പെടും. എന്നാൽ, ജി.എസ്.ടി.യും നോട്ട് പിൻവലിക്കലും പരിഗണിച്ചാൽ, രണ്ടും പഴയതാണ്. ശരിയായ തിരഞ്ഞെടുപ്പുവീക്ഷണത്തിൽ ചിന്തിച്ചാൽ, ജനങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ, നോട്ട് പിൻവലിക്കലായിരിക്കും അവരുടെ മനസ്സിന്റെ ഏറ്റവും മുകളിൽ നിൽക്കുകയെന്ന് ഞാൻ കരുതുന്നില്ല. ചിലർക്ക് അത് വിഷയമാകാം. റഫാൽ ഇടപാട് പുതിയ വിഷയമാണ്. അത് ബാധിക്കുമോ റഫാൽ വിഷയത്തിൽ രാജ്യത്തെ ഏറ്റവും ആദരണീയമായ സ്ഥാപനം പറയുന്നത് നിങ്ങൾ കണക്കിലെടുക്കണം. പ്രതിപക്ഷപാർട്ടികൾ എന്നനിലയിലോ ആക്ടിവിസ്റ്റുകൾ എന്നനിലയിലോ ആർക്കും എന്ത് അഭിപ്രായവും പറയാം. ഇന്നത്തെ അവസ്ഥ അതല്ല, സുപ്രീംകോടതി വിഷയം പരിശോധിച്ചു. അവർ ഒരു വിധിയുമായി രംഗത്തുവന്നു. സി.എ.ജി.യും അവരുടെ കണ്ടെത്തൽ മുന്നോട്ടുവെച്ചു. ക്രമക്കേടിന് കൃത്യമായ തെളിവുണ്ടെങ്കിൽ ഈ രീതിയിലായിരിക്കില്ല ഈ സ്ഥാപനങ്ങൾ പ്രതികരിക്കുക. സുപ്രീംകോടതി പറഞ്ഞതിനെ വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. മോദിഭരണത്തിൽ ദളിതരും ന്യൂനപക്ഷങ്ങളും അസ്വസ്ഥരാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആൾക്കൂട്ടക്കൊല, പശു സംരക്ഷണത്തിന്റെ പേരിൽ ദളിത് പീഡനം തുടങ്ങിയ ആരോപണങ്ങൾ നിലവിലുണ്ട്. എന്താണ് വിലയിരുത്തൽ ചില മേഖലകളിൽ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും. എന്നാൽ, വിശാലമായ അർഥത്തിൽ നോക്കുമ്പോൾ അതുണ്ടാക്കുന്നത് മുഖ്യധാരയിലുള്ളവരല്ല. അതാണ് മുഖ്യധാരാവീക്ഷണമെന്നും ഞാൻ കരുതുന്നില്ല. ഒരു കാര്യം പ്രധാനമാണ്, ഈ വിഷയം നമ്മൾ അതിവൈകാരികമായി കൈകാര്യം ചെയ്യാൻ പാടില്ല. അതിശയോക്തിയോടെ കാണാൻ പാടില്ല. കാരണം, അത് മൊത്തം സമൂഹത്തിന്റെ അവസ്ഥയല്ല. അത് മൊത്തം സമൂഹത്തിന്റെ നിലപാടല്ല. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിൽ ഓരോ പ്രാവശ്യവും ഭരണകൂടം പരാജയപ്പെടുമ്പോൾ, അത് സമൂഹത്തിന്റെ രക്ഷിതാക്കളായ അല്ലെങ്കിൽ രക്ഷിതാക്കൾ എന്ന് കരുതപ്പെടുന്ന രാഷ്ട്രത്തിനോ ഭരണകൂടത്തിനോ ഉള്ള ഓർമപ്പെടുത്തലാണ്. രക്ഷിതാക്കൾ കൂടുതൽ പ്രോ ആക്ടീവ് ആയിരിക്കണം. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനോ ഒഴിവാക്കാനോ കൂടുതൽ കാര്യങ്ങൾ ചെയ്യണം. ഇത്തരം വിചിത്രമായ സംഭവങ്ങളെ മറികടക്കാനുള്ള ഈ രാജ്യത്തെ ജനങ്ങളുടെ ശേഷിയിലും ബുദ്ധിയിലും നമ്മൾ ഉറച്ച് വിശ്വസിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് ഭരണഘടനാസ്ഥാപനങ്ങൾ ക്ഷീണിച്ച കാലംകൂടിയാണ് കഴിഞ്ഞ നാലരവർഷത്തെ ഭരണകാലം എന്നാണ് പ്രധാന വിമർശം. സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ, സി.ബി.ഐ. തുടങ്ങിയ സ്ഥാപനങ്ങളിൽ സർക്കാരിന്റെ കൈകടത്തലുണ്ടെന്നാണ് ആരോപണം. ഇതിൽ വസ്തുതയില്ലേ കോൺഗ്രസ് അവരുടെ ഭരണകാലത്ത് ഭരണഘടനയുടെ 356-ാം വകുപ്പ് പലവട്ടം ദുരുപയോഗംചെയ്തിട്ടുണ്ട്; മറ്റേതുപാർട്ടിയെക്കാളും കൂടുതൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം, മറ്റുസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ എത്രയോ ദശകങ്ങളായി കേൾക്കുന്നതാണ്. ഈ സ്ഥാപനങ്ങൾ മുഴുവൻ ചോദ്യങ്ങൾക്കുകീഴിലാണ്. ഈ സർക്കാരിന്റെ നിലപാട്, ആ സർക്കാരിന്റെ നിലപാട് എന്ന നിലയിൽ ഏതെങ്കിലും പറയത്തക്ക, ശക്തമായ, യുക്തമായ നിലപാടുവ്യത്യാസം ഇക്കാര്യത്തിൽ എനിക്ക് കാണാൻ കഴിയുന്നില്ല. 2014-ൽ പ്രതിപക്ഷം ചിതറിനിന്നാണ് മോദിയെ നേരിട്ടത്. മോദിയുടെ വൻവിജയത്തിന് പ്രധാനകാരണവും ഇതായിരുന്നു. 2019-ൽ പ്രതിപക്ഷം ഒന്നിച്ചുനിന്നായിരിക്കും ബി.ജെ.പി.യെ നേരിടുക പ്രതിപക്ഷം യോജിക്കുന്നതിലൂടെ വലിയ ശക്തിയായി മാറുമെന്നാണ് പുറമേയുള്ള തോന്നൽ. ഉള്ളിലേക്ക് ഇറങ്ങിയാൽ ചിത്രം അതല്ല. പ്രതിപക്ഷം യോജിക്കാൻ പോവുകയാണെന്നും തോല്പിക്കാൻപറ്റാത്ത ശക്തിയാകുമെന്നും പറയുന്നതിൽ വലിയ അർഥമില്ല. സംസ്ഥാനതലത്തിൽ നോക്കൂ. ഓരോ സംസ്ഥാനത്തും ഈ മഹാസഖ്യം ഉണ്ടാകണം. ഉത്തർപ്രദേശിൽച്ചെന്ന് മായാവതിയുമായി ചന്ദ്രബാബു നായിഡു വേദിപങ്കിട്ടെന്നോ തിരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയെന്നോ പറയുന്നതിൽ ഒരർഥവുമില്ല. പ്രധാന വിഷയമെന്തെന്നാൽ, ഉത്തർപ്രദേശിൽ പ്രസക്തരായ നേതാക്കളും പാർട്ടികളും തമ്മിൽ സഖ്യമുണ്ടാകുന്നുണ്ടോ എന്നതാണ്. പുറമേയുള്ള കാഴ്ചപ്പാടിൽ എൻ.ഡി.എ.യെ എതിർക്കുന്നുവെന്ന് പറയുന്ന എല്ലാ നേതാക്കൾക്കും ദേശീയതലത്തിൽ, ഒരേവേദിയിൽ അണിനിരന്നും ഒരേ ഫ്രെയിമിൽനിന്നും ഒരു നല്ല ഫോട്ടോയെടുപ്പ് അവസരം ലഭിക്കും എന്നുമാത്രം. അത് സംസ്ഥാനങ്ങളിൽ ഉണ്ടാകേണ്ട ശക്തമായ മഹാസഖ്യങ്ങൾക്ക് തുല്യമാകില്ല. ഏറ്റവും ഒടുവിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്, ചന്ദ്രബാബു നായിഡു ആന്ധ്രയിൽ സ്വന്തംനിലയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കും. മായാവതിയും അഖിലേഷും അവരുടെ നിലയ്ക്ക് ഉത്തർപ്രദേശിൽ മത്സരിക്കും. പുറംകാഴ്ചയ്ക്കുവേണ്ടി മഹാസഖ്യമുണ്ടാക്കുന്നതും താഴെത്തട്ടിൽ മഹാസഖ്യമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2NqtSDV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages