ന്യൂഡൽഹി:പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് മുതൽ കൂട്ടായി മറ്റൊരു ഉപഗ്രഹം കൂടി ബഹിരാകാശത്തേക്ക്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷന് വേണ്ടി (ഡിആർഡിഓ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. മാർച്ചിലാണ് വിക്ഷേപണം നടക്കുകയെന്ന് ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ പറഞ്ഞു. എന്നാൽ കൃത്യമായ തീയ്യതി അദ്ദേഹം വെളിപ്പെടുത്തിയില്ല. എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങൾ കൂടിയുണ്ടാവും. പിഎസ്എൽവിയുടെ പുതിയ പതിപ്പാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുക. നാല് റോക്കറ്റ് ബൂസ്റ്ററുകളുള്ള പിഎസ്എൽവി റോക്കറ്റാണ് ഇത്തവണ ഉപയോഗിക്കുക. ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളിൽ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും കെ ശിവൻ പറഞ്ഞു. റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡിആർഡിഓയുടെ എമിസാറ്റ് തന്നെയാണ്. 420 കിലോഗ്രാം ഭാരമാണ് ഈ ഉപഗ്രഹത്തിനുള്ളത്. പ്രതിരോധ സേനകൾക്ക് ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ ഉപഗ്രത്തിന്റെ വിക്ഷേപണം. എമിസാറ്റിനെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഡിആർഡിഓയ്ക്ക് വേണ്ടി കൂടുതൽ ഉപഗ്രഹവിക്ഷേപണങ്ങൾ ഈ വർഷം നടക്കുമെന്ന് ഐഎസ്ആർഓ മേധാവി വ്യക്തമാക്കി. ജൂലായ് ഓഗസ്റ്റ് മാസങ്ങളിൽ രണ്ട് ഉപഗ്രങ്ങൾ കൂടി വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഓയുടെ ഏറ്റവും പുതിയ സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) റോക്കറ്റ് ഉപയോഗിച്ചാവും ഈ റോക്കറ്റുകളുടെ വിക്ഷേപണം. ജനുവരിയിൽ ഡിആർഡിഓയ്ക്ക് വേണ്ടി മൈക്രോസാറ്റ് ആർ എന്ന ഉപഗ്രഹം ഐഎസ്ആർഓ വിക്ഷേപിച്ചിരുന്നു. 763 കിലോമീറ്റർ ഉയരത്തിൽ എമിസാറ്റ് വിക്ഷേപിച്ചതിന് ശേഷം പിഎസ്എൽവി റോക്കറ്റ് 504 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തും. ഇവിടെയാണ് ബാക്കിയുള്ള 28 ഉപഗ്രങ്ങൾ വിന്യസിക്കുക. ശേഷം വീണ്ടും 485 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തി മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും. ഐഐടി വിദ്യാർത്ഥികൾ വികസിപ്പിച്ച ഉപകരണമാണ് ഇതിലൊന്ന്. മറ്റ് രണ്ടെണ്ണം ഐഎസ്ആർഓയുടേതാണ്. Content Highlights:ISRO to launch defence satellite Emisat
from mathrubhumi.latestnews.rssfeed https://ift.tt/2NuiaZf
via
IFTTT
No comments:
Post a Comment