ന്യൂഡൽഹി: എൻ.ഡി.എ.ക്ക് വൻവിജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ ഭാവിനീക്കം സജീവമാക്കി ബി.ജെ.പി. തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു രണ്ടുദിവസംമുമ്പേ പാർട്ടി എൻ.ഡി.എ. നേതാക്കളുടെ യോഗം വിളിച്ചു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമായി ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിലാണ് എൻ.ഡി.എ. യോഗം. ഞായറാഴ്ച പുറത്തുവന്ന 14 എക്സിറ്റ് പോളുകളിൽ പന്ത്രണ്ടും എൻ.ഡി.എ. ജയിക്കുമെന്നാണു പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോൾ ഫലം പോലെതന്നെയാവും യഥാർഥഫലവുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ തയ്യാറെടുപ്പുകൾ. അധ്യക്ഷൻ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നേതാക്കൾക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്. രാം വിലാസ് പാസ്വാൻ (എൻ.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുൾപ്പടെയുള്ളവർ യോഗത്തിനെത്തുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. കേരളത്തിൽനിന്ന് എൻ.ഡി.എ. അംഗമായ കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും. എക്സിറ്റ് പോൾ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകൾ, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയ്യും. ബി.ജെ.പി. മുന്നൂറിലേറെ സീറ്റു നേടുമെന്നും എൻ.ഡി.എ. സർക്കാർ രൂപവത്കരിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.എ.യിൽ നിലവിലുള്ള കക്ഷികളായിരിക്കും സർക്കാർ രൂപവത്കരണത്തിൽ പങ്കാളികളാവുക. ബി.ജെ.പി.യുടെ അജൻഡയോട് യോജിപ്പുള്ള ആർക്കും എൻ.ഡി.എ.യിലേക്കു വരാമെന്നു ഷാ പറഞ്ഞിരുന്നു. പാർട്ടി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. ഇപ്പോൾ എൻ.ഡി.എ.യിൽ ചെറിയകക്ഷികളുൾപ്പെടെ 41 പാർട്ടികളാണുള്ളത്. പുതിയ പാർട്ടികളെ ഉൾപ്പെടുത്താതെതന്നെ ഭരണംപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം. സർക്കാരിന്റെ കാലാവധി തീരുന്നതിനാൽ മുതിർന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണിത്. വോട്ടെണ്ണലിനു മുന്നോടിയായി ബി.ജെ.പി. ആസ്ഥാനത്ത് പന്തലുൾപ്പെയുടെയുള്ള സജ്ജീകരണങ്ങളൊരുങ്ങിത്തുടങ്ങി. Content Highlights:Exit poll results, bjp
from mathrubhumi.latestnews.rssfeed http://bit.ly/2VG8H3e
via
IFTTT
No comments:
Post a Comment